40 യുവ പണ്ഡിതന്മാര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയുമായി റഹ്മാനിയ്യ യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റി

മംഗലാപുരം കിന്യയില്‍ നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, വീടിന്റെ സ്‌പോണ്‍സര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍
കടമേരി : മത-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ എണ്ണപ്പെട്ട സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളജ് റൂബി ജൂബിലി സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് 'റഹ്മാനി' ബിരുദം കരസ്ഥമാക്കി പുറത്തിറങ്ങിയ 40 യുവ പണ്ഡിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകയിലും വീട് നിര്‍മിക്കുകയാണ്. മംഗലാപുരം കിന്യയിലാണ് റഹ്മാനിയ്യ മഹല്‍ ഭവന നിര്‍മാണ പദ്ധതിയില്‍ റഹ്മാനി ബിരുദധാരിക്ക് കിടപ്പാടമൊരുങ്ങുന്നത്. 
ഇതുസംബന്ധിച്ച് മംഗലാപുരത്ത് നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, വീടിന്റെ സ്‌പോണ്‍സര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം നടത്തി. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചലനാത്മക സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും റഹ്മാനിയ്യ അറബിക് കോളജിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. സയ്യിദ് അലി തങ്ങള്‍ മംഗലാപുരം, ശൈഖ് അബു ഹാജി, അബ്ദുല്‍ അസീസ്, മുഹമ്മദ് കിന്യ, ഹനീഫ് റഹ്മാനി കൊടുവള്ളി, മുഹമ്മദ് റഹ്മാനി തരുവണ, സയ്യിദ് അക്ബറലി തങ്ങള്‍, താജുദ്ദീന്‍ റഹ്മാനി പുത്തൂര്‍, ബദ്‌റുദ്ദീന്‍ റഹ്മാനി മംഗലാപുരം, റിയാസ് റഹ്മാനി കിന്യ സംബന്ധിച്ചു. 
യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടിയുടെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ സന്നദ്ധ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും യതീംഖാനകളും ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ സാധാരണ നടത്താറുണ്ടെങ്കിലും ഒരു അറബിക് കോളജ് തലത്തില്‍ ഇങ്ങനെയൊരു കാരുണ്യ പ്രവര്‍ത്തനം അപൂര്‍വമാണ്. ഏഴു വീടുകളുടെ പ്രവൃത്തികള്‍ ഇതിനകം ആരംഭിക്കുകയും മൂന്നു വീടുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുമുണ്ടായി.