SKSBV പ്രവർത്തകർക്ക് നാട് വിട ചൊല്ലി; തിരൂർ പ്രദേശം കണ്ണീർ കടലായി..

തിരൂർ: നാടിനെ നടുക്കിയ സംഭവത്തില്‍ അവരിലൊരാളുടെ ചേതനയറ്റ ശരീരം ലഭിച്ചതുമുതല്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരിക്കുന്നവർക്കു മുമ്പിൽ ശേഷിച്ചവരുടെ കൂടി മയ്യിത്തുകള്‍ എത്തിയപ്പോള്‍ നാട്‌ അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ക്കും കണ്ണീര്‍ തുള്ളികള്‍ക്കും അകമ്പടിയായി ആകാശവും കനത്തു പെയ്യുമ്പോഴാണ്‌ ശേഷിച്ച രണ്ടു പേരുടെ കൂടി മയ്യിത്തുകള്‍ കരയിലെത്തിയത്‌.
ഈസ്റ്റ് ചെമ്പ്രയിലെ ഇപ്പൂട്ടിങ്ങല്‍ പാലത്തിനു സമീപം വെള്ളക്കെട്ടില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ കൂടി മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് കണ്ടെത്തിയത്. തിരൂര്‍ ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പ്പടി നടക്കാവില്‍ ഇസ്മാഈലിന്റെ മകന്‍ മുഹമ്മദ് റമീസ് (12), ഇസ്്മാഈലിന്റെ സഹോദരന്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ അജ്മല്‍ (14) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ എട്ടു മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഇപ്പൂട്ടിങ്ങല്‍ കണ്ടനാത്ത് കടവ് പാലത്തിനു സമീപമുള്ള വെള്ളക്കെട്ടിലെ പുല്‍ക്കാടുകളില്‍ തങ്ങിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍.
ഇവര്‍ക്കൊപ്പം കാണാതായ ഇസ്മാഈലിന്റെ മറ്റൊരു മകന്‍ മുഹമ്മദ് റഈസുദ്ദീന്റെ മൃതദേഹം ഞായറാഴ്ച ഇതേ സ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സജീവ SKSBV പ്രവർത്തകരായ മൂന്ന് കുട്ടികളെ പുഴയോരത്തെ വെള്ളക്കെട്ടിലെ ഒഴുക്കില്‍പെട്ട് കാണാതായത്. പിതൃസഹോദരന്‍ അബ്ദുറസാഖ് കാര്‍ കഴുകുന്നത് കാണാന്‍ വെള്ളക്കെട്ടിനു സമീപമെത്തിയ കുട്ടികള്‍ കൂടുതല്‍ വെള്ളമില്ലാത്ത ഭാഗത്ത് സൈക്കിള്‍ ചവിട്ടി കളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ടത്.
ഞായറാഴ്ച രാത്രി എട്ടു മണിക്ക് തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലരും വരെ നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ തുടര്‍ന്നു. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ച് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ബിജുവിന്റെ നിര്‍ദേശപ്രകാരം ഏഴുമണിയോടെ കോഴിക്കോട്ടു നിന്നെത്തിയ 20 അംഗ ദുരന്ത നിവാരണ സേനയും തിരച്ചിലിനിറങ്ങി.
ജില്ലാ ആസ്പത്രിയിലെത്തിച്ച റമീസിന്റെയും അജ്മലിന്റെയും മൃതദേഹങ്ങളും കഴിഞ്ഞ ദിവസം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന റഈസുദ്ദീന്റെ മൃതദേഹവും തിരൂര്‍ എസ്.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 10.30ഓടെ വീട്ടിലെത്തിച്ച മൂന്നു മൃതദേഹങ്ങളും വീട്ടുകാരും ഉറ്റ ബന്ധുക്കളും കണ്ട ശേഷം 11.15ഓടെ പൊതുദര്‍ശനത്തിനായി ചെമ്പ്ര എ.എം.യു.പി സ്‌കൂള്‍ ഗ്രൗണ്ടിലേക്കെടുത്തു.
നാടിനെ നടുക്കിയ ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞ കുട്ടികളെ കാണാന്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിനാളുകള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയതിനു ശേഷം 11.45 ഓടെ മൃതദേഹങ്ങള്‍ ഖബറടക്കത്തിനായി ചെമ്പ്ര ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി. 
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. 12.45 ഓടെ മൂന്നുപേരെയും അടുത്ത ഖബറുകളിലായി ചെമ്പ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണംതളി, കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ, സമസ്‌ത മുശാവറാംഗം ശൈഖുനാ മരക്കാര്‍ ഫൈസി, മുസ്‌തഫല്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സ്ഥലം മുദരിസ്‌ സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടി, താനൂര്‍ എം.എല്‍എ.അബ്‌ദുറഹ്‌ മാന്‍ രണ്ടത്താണി, എന്‍.ശംസുദ്ധീന്‍, വെട്ടം ആലിക്കോയ, കെ.ടി ജലീല്‍ എം.എല്‍.എ, കാടാമ്പുഴ മൂസ ഹാജി, മലപ്പുറം ജില്ലാ എസ്‌.കെ.എസ്‌.എഫ്‌ സെക്രട്ടറി ഹാറൂണ്‍ റഷീദ്‌ മാസ്‌റ്റര്‍, പി.എം. റഫീഖ്‌ അഹ്‌ മദ്‌, ലത്വീഫ്‌ ഫൈസി, സ്ഥലം ഖതീബ്‌ അഷ്‌റഫ്‌ ഫൈസി തുടങ്ങി മത സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിരവധി പേര്‍ കുട്ടികളുടെ വസതി സന്ദര്‍ശിച്ചു
റഹീനയാണ് റമീസിന്റെ മാതാവ്. മറ്റു സഹോദരങ്ങള്‍ ഫാത്തിമ ഹിബ, സൈനുല്‍ ആബിദ്. അജ്മലിന്റെ മാതാവ്: മറിയാമു. സഹോദരങ്ങള്‍: ശഹന ശറിന്‍, തസ്‌നി. മുഹമ്മദ് റമീസ് ചെമ്പ്ര എ.എം.യു.പി സ്‌കൂളില്‍ ഏഴാം തരത്തിലാണ് പഠിക്കുന്നത്. മുഹമ്മദ് റഈസുദ്ദീനും അജ്മലും എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥികളാണ്.-സ്വ.ലേ.