ഇസ്രാഈലിനെ തിരുത്തിയ ലോകം

സ്രാഈലിന്റെ ഗസ്സ അധിനിവേശത്തിന് താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചിരിക്കുകയാണ്. എഴുപത്തിരണ്ടു മണിക്കൂര്‍ വെടിനിര്‍ത്തല്‍ ധാരണക്കൊപ്പമാണ് കര-വ്യോമ സേനകളെ ഗസ്സയില്‍നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഇസ്രാഈല്‍ തീരുമാനിച്ചത്. ആക്രമണം അവസാനിച്ചപ്പോള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് 1800ലധികം ഫലസ്തീനികള്‍. കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സാധാരണക്കാരും കുട്ടികളും. രണ്ടു ലക്ഷം പേര്‍ ഭവന രഹിതരായി. ഇസ്രാഈല്‍ പക്ഷത്ത് മരിച്ചത് 64 പട്ടാളക്കാര്‍. അവരുടെ സിവിലിയന്മാര്‍ ഹമാസിനെ ഭയപ്പെട്ടില്ല. മറിച്ച്, ഗസ്സയില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞുവീഴുമ്പോള്‍ അവരില്‍ പലരും ആര്‍ത്തു ചിരിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഇസ്രാഈലി മനുഷ്യാവകാശപ്രവര്‍ത്തകരെയും ജൂതന്മാരെയും സയണിസ്റ്റ് പട്ടാളം ക്രൂരമായി മര്‍ദ്ദിച്ച് ജയിലിലടച്ചു.
മൂന്ന് ചെറുപ്പക്കാരെ കടത്തിക്കൊണ്ടുപോയി കൊന്നുകളഞ്ഞു എന്ന കാരണം പറഞ്ഞ് കൂട്ടക്കൊലക്ക് തുടക്കമിട്ട ഇസ്രാഈല്‍, അവരെക്കൊന്നത് ഹമാസല്ല എന്ന് സമ്മതിച്ചെങ്കിലും കൊടുംക്രൂരത അവസാനിപ്പിച്ചില്ല. ലോകം വ്രതവിശുദ്ധിയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ദിനരാത്രങ്ങള്‍ പിന്നിടുന്ന നേരത്ത് ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും സാധാരണക്കാരും മരണത്തിന്റെ കാലൊച്ച കാത്തിരുന്നു. നുണയില്‍ തുടങ്ങി നുണയില്‍ അവസാനിക്കുന്ന യുദ്ധങ്ങളുടെ പട്ടികയിലേക്ക് ഇസ്രാഈല്‍, ഗസ്സ ഓപ്പറേഷന്‍-2014 എന്നുകൂടി എഴുതിച്ചേര്‍ത്തു. ഇസ്രാഈലിനു ഭീഷണിയായ ഹമാസിന്റെ 32 ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്നാണ് ഗസ്സയില്‍നിന്ന് പിന്മാറുമ്പോള്‍ അവര്‍ അവകാശപ്പെടുന്ന നുണകളിലൊന്ന്.
ഹമാസ് തുരുതുരെ റോക്കറ്റുകളയച്ച് പൗരന്മാരുടെ സൈ്വരജീവിതം നശിപ്പിക്കുന്നു എന്നതാണ് ജനവാസ കേന്ദ്രമായ ഗസ്സയിലേക്ക് ടാങ്കറുകള്‍ തള്ളിക്കയറ്റാന്‍ പതിവു പോലെ ഇസ്രാഇാല്‍ കാരണമായി ഇത്തവണയും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ ആക്രമണങ്ങളില്‍ ആരും കൊല്ലപ്പെടുന്നില്ല എന്ന വിചിത്ര സത്യം ഇസ്രാഈലിന്റെ ന്യായവാദങ്ങളെ പൊളിച്ചടുക്കുന്നതാണ്. മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്ന ലോകം ഈ സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു എന്നതാണ് ഇത്തവണ ഇസ്രാഈലിനേറ്റ വലിയ തിരിച്ചടി. 'ഗസ്സയില്‍ ഇനി കുട്ടികളില്ല' എന്നു പാട്ടുപാടി ആഘോഷിക്കുന്ന ഇസ്രാഈലിലെ സയണിസ്റ്റ് ഭീകരവാദികളെ ലോകം വെറുത്തു. ജൂത ഓഹരി ഉടമകള്‍ക്ക് ആധിപത്യമുള്ള മാധ്യമങ്ങള്‍ ഇസ്രാഈലിനെ പരമാവധി ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോഴും മരണത്തിന്റെ കണക്കില്‍ കൃത്രിമം കാണിക്കാനാവാത്തതിനാല്‍ ലോകം സത്യത്തോടൊപ്പം നിന്നു.


ഇസ്രാഈല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം ആ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ താറുമാറാക്കുമെന്ന് ധനകാര്യ മന്ത്രി തന്നെ പറഞ്ഞതോടെ ലോകത്തിന്റെ പ്രതിഷേധം ഫലം കണ്ടു. 35 ശതമാനം ഇടിവാണ് ഇസ്രാഈല്‍ ഉല്‍പന്നങ്ങളുടെ വിപണിയിലുണ്ടായത്. ഏതു കൊലകൊമ്പന്‍ പറഞ്ഞാലും പിന്മാറാന്‍ ഒരുക്കമല്ലെന്ന് ഭീഷണിപ്പെടുത്തിയ ഇസ്രാഈല്‍ ഈ പ്രതിഷേധത്തിനു മുമ്പില്‍ പതറുക തന്നെ ചെയ്തു എന്നുവേണം കരുതാന്‍.


അനധികൃത കുടിയേറ്റത്തിനെതിരായ യൂറോപ്പിന്റെ നിലപാട് വിപണിയെ തളര്‍ത്തിയതായി ഇസ്രാഈല്‍ എക്‌സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസും പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കി. ബഹിഷ്‌കരണം ഭയന്ന് പുതിയ ബാര്‍കോഡ് തന്നെ ഉല്‍പന്നങ്ങളില്‍ പരീക്ഷിക്കേണ്ട ഗതികേടിലായി ഇസ്രാഈല്‍. അമേരിക്കന്‍ ചിന്തകനായ നോം ചോംസ്‌കിയുടെ നേതൃത്വത്തില്‍ ഇസ്രാഈലിനെതിരെ അക്കാദമിക ബഹിഷ്‌കരണവും തുടരുകയാണ്. നിരവധി വിദേശ സര്‍വ്വകലാശാലകളാണ് ഇസ്രാഈലുമായുള്ള അക്കാദമിക ബന്ധം വിച്ഛേദിച്ചത്. ഗസ്സയിലേക്ക് ഇസ്രാഈല്‍ ആക്രമണം നടത്തുന്ന മൊബൈല്‍ ഗെയിം കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് ഗൂഗിള്‍ പ്ലേയില്‍നിന്ന് ഒഴിവാക്കിയതും ശ്രദ്ധേയമായ വാര്‍ത്തയായിരുന്നു.


ലോകത്ത് മനുഷ്യ സ്‌നേഹികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഇസ്രാഈലിനെതിരെ പ്രതിഷേധമുയര്‍ന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഗസ്സ നയത്തില്‍ പ്രതിഷേധിച്ച് വിദേശകാര്യ ഓഫീസിന്റെ ചുമതലയുള്ള വനിതാ മന്ത്രി ബറോണസ് സഈദ വാര്‍സി രാജിവെച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. അമേരിക്കയിലും ലണ്ടനിലും പാരീസിലുമെല്ലാം ഇസ്രാഈലിനെതിരെ പ്രകടനം നടന്നു. അറബ് രാജ്യങ്ങള്‍ സമാധാനശ്രമങ്ങള്‍ക്കു മുന്നിട്ടിറങ്ങുകയും ഇസ്രാഈലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.


തങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ച് പബ്ലിക് റിലേഷന്‍ പൊടിപൊടിക്കാറുള്ള ഇസ്രാഈലിന് ഇത്തവണ സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജയിക്കാനായില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഇസ്രാഈലിനെതിരെ ശക്തമായ കാമ്പയിനാണ് മനുഷ്യസ്‌നേഹികള്‍ നടത്തിയത്. ഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ നേര്‍ചിത്രങ്ങള്‍ ലോകജനതയുടെ മനസ്സുലയ്ക്കുന്നതായിരുന്നു. യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുള്ള ആക്രമണത്തെ അപലപിക്കാതിരിക്കാന്‍ അമേരിക്കക്കു പോലും കഴിഞ്ഞില്ല. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇസ്രാഈലിന്റെ ഭ്രാന്തന്‍ ആക്രമണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


യുദ്ധം മാത്രമല്ല ഗസ്സയുടെ പ്രശ്‌നം. ഭക്ഷണവും വീടും വെള്ളവും വൈദ്യുതിയുമില്ലാതെ അവര്‍ക്കെന്ത് സമാധാനം! ഫലസ്തീനിലെ ചോരയില്‍ നനഞ്ഞുനില്‍ക്കുന്ന ഒരു ചീന്താണ് ഗസ്സ. രക്തപങ്കിലമായ ആ മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ലോകത്തെ മന:സാക്ഷിയുള്ളവരുടെ ശ്രദ്ധയിലെത്തിക്കാന്‍ ഇസ്രാഈലിന്റെ അതിക്രമം സഹായിച്ചിട്ടുണ്ട്. ഇസ്രാഈലില്‍നിന്ന് ഇനിയൊരു ബോംബും ഗസ്സയുടെ മണ്ണില്‍ പതിയാതിരിക്കാന്‍ ലോകം അതിന്റെ ധാര്‍മിക യുദ്ധം തുടരുക തന്നെ വേണം. (-ചന്ദ്രിക)