സമസ്ത ഹിഫ്‌ളുല്‍ ഖുര്‍ആന്‍ സ്ഥാപനത്തിന് ഉജ്ജ്വല തുടക്കം

മനാമ : ബഹ്‌റൈനിലെ പ്രവാസികളായ മലയാളി വിശ്വാസികളുടെ മക്കള്‍ക്ക് ഇനി വിശുദ്ധ ഖുര്‍ആന്‍ ഹിഫ്‌ള് (മനപാഠമാക്കല്‍) കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ബഹ്‌റൈനില്‍ തന്നെ സൗകര്യം. കാലങ്ങളായി വിശ്വാസികള്‍ ഹൃദയാന്തരങ്ങളില്‍ താലോലിച്ച സ്വപ്നത്തിന് ബഹ്‌റൈനിലെ ഗുദൈബിയയിലാണ് കഴിഞ്ഞ ദിവസത്തോടെ സാക്ഷാത്കൃതമായത്. വിശുദ്ധ ഖുര്ആന്‍ സമ്പൂര്‍ണ്ണമായി മനപാഠമാക്കി പഠിക്കുകയെന്നത് ഏറെ മഹത്വമുള്ള പുണ്ണ്യപ്രവര്‍ത്തി കൂടിയാണ്. എന്നാല്‍ കൊച്ചു പ്രായത്തിലാണ് ഈ പഠനമാരംഭിക്കേണ്ടത് എന്നതിനാല്‍ മാതൃഭാഷയില്‍ ഈ സൗകര്യമുള്ള നാട്ടിലെ സ്ഥാപനങ്ങളില്‍ ചേര്‍ത്തിപഠിപ്പിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുമാണ്. ഇത്തരുണത്തിലാണ് ബഹ്‌റൈനിലെ എല്ലാ ഭാഗത്തു നിന്നും വന്നെത്തി വിശുദ്ധ ഖുര്ആന്‍ ആഴത്തില്‍ പഠിക്കാനും ഹിഫ്‌ള് (മനപാഠം) ചെയ്യാനുമുള്ള സൗകര്യം ഗുദൈബിയയിലെ പാലസ് പള്ളിക്കു സമീപമുള്ള കെട്ടിടത്തില്‍ സമസ്ത ബഹ്‌റൈന്‍ ഏരിയാ കമ്മറ്റിയുടെ കീഴില്‍ സജ്ജമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 1 മുതല്‍ 12 വരെയുള്ള മദ്‌റസാ പഠനത്തിനും ഇവിടെ സൗകര്യമുണ്ടെന്നതും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
കൂടാതെ ജുഫൈര്‍, അദ്‌ലിയ, സല്‍മാനിയ, റാസ്‌റുമാന്‍, സിന്‍ഞ്ച് മാഹൂസ്, ഉമ്മുല്‍ ഹസം തുടങ്ങിയ പരിസര പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തിലെത്താനാവുന്ന വിധം സ്ഥാപനത്തിന്റെ കീഴില്‍ പ്രത്യേക വാഹന സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 
നിലവില്‍ ഉന്നതമായ പഠന നിലവാരം പുലര്‍ത്തുന്ന ഗുദൈബിയ ഏരിയയിലെ സമസ്ത മദ്‌റസ സമസ്തയുടെ പൊതു പരീക്ഷകളിലെല്ലാം 100% വിജയം കൈവരിക്കാറുണ്ട് എന്നതിനാല്‍ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഏരിയാ കമ്മറ്റിയും ഒരുമിച്ചു നിന്നാണ് ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ മകനും ഹാഫിളുമായ പാണക്കാട് സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങളാണ് ഇവിടെ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തത്.
എട്ടു മാസം കൊണ്ട് വിശുദ്ധ ഖുര്ആന്‍ ഹൃദിസ്ഥമാക്കിയ റാജിഹ് തങ്ങളുടെ മനോഹരമായ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയുള്ള ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി നിരവധി വിശ്വാസികളാണ് ബഹ്‌റൈന്റെ മുക്കുമൂലകളില്‍ നിന്നായി ഗുദൈബിയയിലെത്തിയത്. പ്രഗത്ഭരായ ഉസ്താദുമാരുടെ മേല്‍ നോട്ടത്തില്‍ രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ കോഴ്‌സിന്റെ ഉദ്ഘാടന സംഗമത്തില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിഫ്‌ളുല്‍ ഖുര്ആന്‍ കോഴ്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷന്‍ നേടാനും ബഹ്‌റൈനിലെവിടെ നിന്നും 00973 39234072, 34059915, 39788112, 33804559 എന്നീ നമ്പറുകളില്‍ ഉടനെ ബന്ധപ്പെടാവുന്നതാണ്. ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ക്ലാസ്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങ് അല്‍ ഹാഫിള് സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങളുടെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്.
എസ്.കെ.എസ്.എസ്.എഫ് കേരള സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി. സൈദു മുഹമ്മദ് വഹബി, ശഫീഖ് മുസ്ലിയാര്‍, മൂസ ചേറ്റയില്‍, മുസ്ഥഫ മലപ്പുറം, നൂറുദ്ധീന്‍ മുണ്ടേരി, സനാഫ് റഹ്മാന്‍ സംസാരിച്ചു. അന്‍സ്വാര്‍ അന്‍വരി കൊല്ലം അദ്ധ്യക്ഷത വഹിച്ചു. മുനീര്‍ നിലമ്പൂര്‍ സ്വാഗതവും ശഫീഖ് വളാഞ്ചരി നന്ദിയും പറഞ്ഞു.
- samasthanews.bh