'സമസ്ത' സാരഥീസംഗമം ഓഗസ്റ്റ് 20ന് എറണാകുളത്ത്

തേഞ്ഞിപ്പലം : മതവിദ്യാഭ്യാസ രംഗത്ത് നൂതനവും ശാസ്ത്രീയവുമായ പഠനപദ്ധതികളുമായി സമസ്തയുടെ 9422 മദ്‌റസകളില്‍ പുതിയൊരു അധ്യായനവര്‍ഷംകൂടി ആരംഭിച്ചിരിക്കുകയാണ്. മദ്‌റസകളില്‍ മതപഠനം ശാക്തീകരിക്കുന്നതിനും കൂടുതല്‍ മികവുറ്റതാക്കുന്നതിനും അധ്യാപകര്‍ക്ക് പ്രാഗത്ഭ്യം നല്‍കുന്നതിനുമായി 'തദ്‌രീബ്' എന്ന പേരില്‍ ഒരു പഠനപദ്ധതിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയിരുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സാംസ്‌കാരിക മനോഭാവത്തിനും സഹായകമാകുന്നതും നവീന അധ്യാപനരീതികളെ കുറിച്ചുള്ള അവബോധനവുമാണ് തദ്‌രീബ് കാഴ്ച വെക്കുന്നത്. ഇതിന്റെ പ്രാഥമിക ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. മദ്‌റസാ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍, മതപഠനപ്രവര്‍ത്തനങ്ങള്‍, മറ്റു സന്നദ്ധ സേവനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 414 റെയ്ഞ്ച് കമ്മിറ്റികളില്‍ നിന്ന് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ ഉള്‍പെടുത്തിക്കൊണ്ടുള്ള സാരഥീസംഗമം 2014 ഓഗസ്റ്റ് 20ന് ബുധനാഴ്ച രാവിലെ 10 മണിക്ക്  എറണാകുളം ജില്ലയിലെ ആലുവ എടയപ്പുറം മഹല്ല് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. 'തദ്‌രീബ്' ദശവത്സര പദ്ധതിയുടെ റീ ലോഞ്ചിങ്ങും അന്നുനടക്കും. മദ്‌റസാ-റെയ്ഞ്ച്-ജില്ലാ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങള്‍ ബോധിപ്പിക്കുന്നതും പ്രത്യേക പരിശീലനം നല്‍കുന്നതുമായ ശില്‍പശാലയാണിത്.
സാരഥീസംഗമത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പ്രാര്‍ത്ഥന നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍,  എം.എ. ചേളാരി വിഷയാവതരണം നടത്തും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പിണങ്ങോട് അബൂബക്ര്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.വി. മുഹമ്മദലി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി പ്രസംഗിക്കും. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ.ടി.ഹുസൈന്‍ കുട്ടി മൗലവി നന്ദിയും പറയും. 
- Samastha Kerala Jam-iyyathul Muallimeen