ബഹ്‌റൈനില്‍ സമസ്‌ത മദ്‌റസ കെട്ടിടം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു

മനാമ: ബഹ്‌റൈനില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ ഗുദൈബിയയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ തഅലീമുല്‍ ഖുര്‌ആന്‍ മദ്‌റസ, ഗുദൈബിയ പാലസ്‌ പള്ളിക്കു സമീപം നവീകരിച്ച പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കേരള സ്റ്റേറ്റ്‌ പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളാണ്‌ പുതിയ ബില്‍ഡിംഗിലെ മദ്രസാ പഠനം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്‌.
സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ 8856–ാം നമ്പറില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന ഈ മദ്‌റസയിലിപ്പോള്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠനം നടക്കുന്നുണ്ട്‌. എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ ഉള്‍ക്കൊള്ളാനാവുന്ന വിധമാണ്‌ ഇപ്പോള്‍ പുതിയ ബില്‍ഡിംഗില്‍ ക്ലാസ്സുകള്‍ സജ്ജീകരിച്ചിരിക്കുന്നത്‌.
നിലവില്‍ ഗുദൈബിയക്കു പുറമെ തൊട്ടടുത്ത പ്രദേശങ്ങളിലെ പ്രവാസി മലയാളികള്‍ക്കു കൂടി ആശ്രയമായ ഈ മദ്‌റസയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെയാണ്‌ ഇതര സൌകര്യങ്ങളും വികസിപ്പിച്ചിട്ടുള്ളത്‌.
ഇതിന്‍റെ ഭാഗമായി ജുഫൈര്‍, അദ്‌ലിയ, സല്‍മാനിയ, റാസ്‌റുമാന്‍, സിന്‍ഞ്ച്‌ മാഹൂസ്‌, ഉമ്മുല്‍ ഹസം തുടങ്ങിയ ഗുദൈബിയയുടെ പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പെട്ടെന്ന്‌ മദ്‌റസയി ലെത്താനാവുന്ന വിധം മദ്രസയിലേക്കുള്ള സ്വന്തം വാഹനത്തോടു കൂടെയുള്ള യാത്രാ സൌകര്യ വും സജ്ജീകരിച്ചിട്ടുണ്ട്‌.
മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കുള്ള പഠന ക്ലാസ്സുകളും വെള്ളി, ശനി ദിവസങ്ങളില്‍ ഇവിടെ നടക്കുന്നുണ്ട്‌. കൂടാതെ മദ്രസാ പ്രവര്‍ത്തി സമയം കഴിഞ്ഞ സംഘടിപ്പിക്കുന്ന വാരാന്ത്യ സ്വലാത്ത്‌ ദിക്‌ര്‍ ദുആ സദസ്സുകളും ഇനി ഇവിടെ വെച്ചു നടക്കും.
നിലവില്‍ ഉന്നതമായ പഠന നിലവാരം പുലര്‍ത്തുന്ന ഈ മദ്രസ പൊതു പരീക്ഷകളിലെല്ലാം 100% വിജയം കൈവരിക്കാറുണ്ട്‌. ഈ വര്‍ഷത്തെ പൊതു പരീക്ഷയില്‍ ബഹ്‌റൈന്‍ റൈഞ്ച്‌ തലത്തില്‍ തന്നെ ക്ലാസ്സ്‌ തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത്‌ ഈ മദ്രസയ്ക്കാണ്‌.
ബഹ്‌റൈനിലാദ്യമായി മത പഠനത്തില്‍ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്കു വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണമായി മന പാഠമാക്കി പഠിക്കാനുള്ള സൌകര്യവും കൂടി ഇവിടെ ഒരുക്കുന്നുണ്ട്‌.
ഇതിനായി ആരംഭിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‌ആന്‍ കോഴ്സിന്റെ ഉദ്‌ഘാടനം സയ്യിദ്‌ അഹ്‌ മദ്‌ റാജിഹ്‌ അലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്‌മിഷനും ബഹ്‌റൈനിലെവിടെ നിന്നും 00973 39234072, 34059915, 39788112, 33804559 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.
ബില്‍ഡിംഗ്‌ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടന്ന ചടങ്ങ്‌ സയ്യിദ്‌ റാജിഅ്‌ അലി ശിഹാബ്‌ തങ്ങളുടെ ഖിറാഅത്തോടെയാണ്‌ ആരംഭിച്ചത്‌. പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.
ബഹ്‌റൈന്‍ പാര്‍ലിമെന്റ്‌ മെമ്പര്‍ ആദില്‍ അല്‍ അസൂമി ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്‌തു സംസാരിച്ചു. റാഷിദ്‌ അബ്‌ദുല്‍ റഹ്‌ മാന്‍ അല്‍ അസൂമി, സമസ്‌ത ബഹ്‌റൈന്‍ ജന.സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, കെ.എം.സിസി പ്രസിഡന്റ്‌ എസ്‌.വി ജലീല്‍, കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നേരത്തെ നടന്ന സ്വലാത്ത്‌ വാര്‍ഷിക ചടങ്ങില്‍ മൂസ മൌലവി വണ്ടൂര്‍, ഹംസ അന്‍വരി മോളൂര്‍, സൈദു മുഹമ്മദ്‌ വഹബി എന്നിവരും സംബന്ധിച്ചു.
അന്‍സ്വാര്‍ അന്‍വരി കൊല്ലം അദ്ധ്യക്ഷത വഹിച്ചു. നൂറുദ്ധീന്‍ മുണ്ടേരി സ്വാഗതവും ഇസ്‌മാഈല്‍ വടകര നന്ദിയും പറഞ്ഞു