മലപ്പുറം: മത സ്ഥാപനങ്ങള്‍ കയ്യേറാനും മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കാനും ശ്രമിക്കുന്നവരില്‍ നിന്ന് മോചനമാവശ്യപ്പെട്ട് 20 ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് മാറ്റി വെച്ചു. അക്രമങ്ങളഴിച്ചു വിടുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായ സാഹചര്യത്തില്‍ സമസ്ത തീരുമാനിച്ച പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു.
കുറ്റവാളികളെ പിടികൂടാന്‍ തയ്യാറായ പോലീസ് മേധാവികളെയും നീതിക്ക് വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേങ്ങള്‍ നല്കിയ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെയും യോഗം അഭിനന്ദിക്കുകയും ചെയ്തു.സമാധാനത്തോടെ നടക്കുന്ന സ്ഥാപനങ്ങളെയും മഹല്ലുകളെയും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള സാഹായം വേണമെന്നും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തുള്ള സ്ഥാപനങ്ങളുടെ രേഖകള്‍ പ്രകാരം അവകാശികള്‍ക്ക് വിട്ടുകിട്ടാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹാജി കെ മമ്മദ് ഫൈസി, അഡ്വ യു.എ ലത്തീഫ്, പി.എ ജബ്ബാര്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ടി.പി മുഹമ്മദ് മുസ്ലിയാര്, കാളാവ് പി സൈതലവി മുസ്ലിയാര്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍, ടി.പി സലീം എടക്കര, ഉമര്‍ ദര്‍സി തച്ചണ്ണ സംബന്ധിച്ചു.(സുപ്രഭാതം)