അറബി ഭാഷക്കും സാഹിത്യത്തിനും 'അന്നഹ്ദ' നല്‍കിയ സംഭാവനകള്‍ മഹത്തരം : പി.കെ അബ്ദുറബ്ബ്

തേഞ്ഞിപ്പലം : ഇന്ത്യയില്‍ അറബി ഭാഷയുടെ പുരോഗതിക്കും വ്യാപനത്തിനും അന്നഹ്ദ അറബിക് മാഗസിന്‍ ചെയ്ത സംഭാവനകള്‍ മഹത്തരമാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ അബ്ദുറബ്ബ്. അന്നഹ്ദയുടെ എട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ 'അറബി ഭാഷയിലെ ആധുനിക ആദ്ധ്യാത്മിക സാഹിത്യം : ഇന്ത്യയിലും അറബ് ലോകത്തും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളവും അറബി ഭാഷയും തമ്മിലുള്ള ബന്ധം സുദൃഡവും ചിരപുരാതനവുമാണ്. അറബി മലയാളമെന്ന ഒരു പ്രത്യേക ഭാഷ തന്നെ കേരളീയ സമൂഹം വളര്‍ത്തിയെടുത്തിട്ടുണ്ട്. അറബി ഭാഷയുടെ വ്യാപനത്തിലും പുരോഗമനത്തിലും ആദ്ധ്യാത്മിക സാഹിത്യങ്ങള്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. അറബ് ലോകത്തെന്നതു പോലെ ആധുനിക ഇന്ത്യയിലും ഈ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ അര്‍പിക്കപ്പെട്ടിട്ടുണ്ട്. 
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ സൂഫീ സാഹിത്യം സമ്പന്നമാക്കുന്നതില്‍ പ്രമുഖ സ്വൂഫീ ചിന്തകരായിരുന്ന അഹ്മദ് റസാഖാന്‍, അബുല്‍ ഹസന്‍ അലി നദ്‌വി, സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍ തുടങ്ങിയവര്‍ വലിയ സംഭാവനകള്‍ നല്‍കി. ഇന്ത്യക്കു പുറത്ത് മക്കയിലെ അലവി അല്‍മാലികി, പ്രമുഖ പണ്ഡിതരായ സഈദ് റമദാന്‍ ബൂത്വി, അബ്ദുല്‍ വഹാബ് ബയ്യാത്തി, ഇബ്‌നുല്‍ ഫാരിദ്, ഉമര്‍ ഹഫീസ് എന്നിവരുടെ സംഭാവനകളും ശ്രദ്ധേയമാണ്.
ഇ.ടി മുഹമ്മദ് ബശീര്‍ എം.പി സെമിനാറില്‍ മുഖ്യാതിഥിയായിരുന്നു. സ്വൂഫീ സാഹിത്യങ്ങളുടെ സമ്പന്ന ശേഖരങ്ങള്‍ പുറത്തുകൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഏറെ പ്രോത്സാഹനമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തസ്വവ്വുഫ് ഇസ്‌ലാമിക സംസ്‌കൃതിയുടെ സത്തയാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. വര്‍ത്തമാന കാലത്ത് സ്വൂഫിസം ഏറെ തെറ്റിദ്ധാരണകള്‍ക്കും വികല വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അതിനെ സംരക്ഷിക്കേണ്ടത് അക്കാദമിക സമൂഹത്തിന്റെ ബാധ്യതയാണ്. അദ്ദേഹം പ്രസ്താവിച്ചു. 
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. തസ്വവ്വുഫ് മനശ്ശുദ്ധീകരണത്തിനുള്ളതാണ്. പ്രകടനപരത അതിന്റെ ഭാഗമല്ല. സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ചതി, വഞ്ചന എന്നിവക്ക് കാരണം തസ്വവ്വുഫിന്റെ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതാണ്. 
അന്നഹ്ദ ചിഫ് എഡിറ്റര്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ആമുഖ ഭാഷണം നടത്തി. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അറബി ഭാഷക്ക് സമഗ്രസംഭാവനകള്‍ നല്‍കിയ ഭാരതീയര്‍ക്ക് നല്‍കുന്ന അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് വിദ്യാഭ്യാസമന്ത്രി കേരള യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മുന്‍മേധാവി ഡോ. എ നിസാറുദ്ദീന് കൈമാറി. അന്നഹ്ദ മാഗസിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് കര്‍മം ഇ.ടി മുഹമ്മദ് ബശീര്‍ എം.പി നിര്‍വഹിച്ചു. തുഹ്ഫതുല്‍ മുജാഹിദീന്റെ പരിഷ്‌കരിച്ച പതിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് പരിചയപ്പെടുത്തി. കാലിക്കറ്റ് രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, ഡോ. എ.ബി മൊയ്തീന്‍കുട്ടി, ഡോ. സുബൈര്‍ ഹുദവി, ഡോ. ജാബിര്‍ കെ.ടി, ഡോ. അബ്ബാസ് തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചു. 
ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ജെ.എന്‍.യു, ഇഫ്‌ലു, മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റി ഹൈദരാബാദ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളിലെ അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
- Mails Darul Huda