നബിദിനാഘോഷം കെ.എന്‍.എം. നേതൃത്വത്തെ അംഗീകരിക്കണം : SKSSF

കാസര്‍കോട്‌ : നബിദിനാഘോഷം പുത്തന്‍ ആശയമാണെന്ന കെ.എന്‍.എം. നേതാവ്‌ അബ്‌ദുല്‍ ലത്തീഫ്‌ സ്വലാഹിയുടെ പ്രസ്‌താവന ബാലിശവും അജ്ഞതയില്‍ നിന്നുമുളളതാണെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. സ്വന്തം സംഘടനയുടെ മുന്‍കാല നേതാക്കളായ എ.കെ.അബ്‌ദുല്‍ ലത്തീഫ്‌ മൗലവിവും ഇ.കെ.മൗലവിയും 1950 ജനുവരിയില്‍ പുറത്തിറക്കിയ അല്‍മനാറിലും അല്‍ഇര്‍ഷാദിലും നബിദിനവും മൗലീദും മഗ്‌രിബ്‌ മുതല്‍ മശ്‌രിഖ്‌ വരെ നടന്നുവരുന്ന ആചാരമാണെന്നും മുസ്ലീമീങ്ങള്‍ താമസിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്ത്‌ ഈ ആചാരം ഇല്ലെന്ന്‌ പറയാന്‍ സാധിക്കില്ലെന്ന്‌ തുറന്നെഴുതിയിട്ടുണ്ട്‌. ഈ നിമിഷം വരെ പ്രസ്‌തുത നേതാക്കളെ സംഘടനയില്‍ പുറത്താക്കുകയോ ലേഖനം പിന്‍വലിക്കുകയോ ചെയ്‌തിട്ടില്ല. അതിനാല്‍ സ്വന്തം സംഘടനക്ക്‌ വേണ്ടി പ്രസംഗിക്കുമ്പോള്‍ പഴയ കാല നേതൃത്വത്തേയും അവരുടെ ആശയങ്ങളേയും അംഗീകരിക്കാന്‍ ഇപ്പോഴത്തെ കെ.എന്‍.എം നേതാക്കള്‍ തയ്യാറാകണം. SKSSF കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തിലും മുഖാമുഖം പരിപാടിയിലും നബിദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ആധികാരിക പ്രമാണങ്ങള്‍ മുഖേന വിശദീകരിക്കുകയും കാഞ്ഞങ്ങാട്ട്‌ നടന്ന മുഖാമുഖം പരിപാടിയില്‍ മുജാഹിദ്‌ സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ മറുപടി പറയുകയും ചെയ്‌തിട്ടുണ്ട്‌. ലോകമുസ്ലീമീങ്ങള്‍ നൂറ്റാണ്ടുകളായി കൊണ്ടാടുന്ന നബിദിനാഘോഷം ചില സംഘടനകള്‍ മേല്‍വിലാസം ഉണ്ടാക്കാന്‍ വേണ്ടി കൊച്ചാക്കികാണിച്ചാല്‍ സുന്നി സമൂഹം അത്‌ പൊറുക്കില്ലെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.