പാരന്പര്യത്തിന്‍റെ നിരാസം അപകടകരം : മുസ്തഫല്‍ഫൈസി

മസ്കത്ത് : ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും പഠനത്തിലും അപഗ്രഥനത്തിലും ശകതവും മൗലികവുമായ സാന്നിധ്യമാണ് പൂര്‍വ്വ സൂരികളുടെ പാരന്പര്യമെന്നും ഇസ്ലാമിക വിജ്ഞാനത്തിന്‍റെ അടിസ്ഥാന സ്രോതസ്സുകളിലൊന്നായ പാരന്പര്യത്തിലൂന്നാത്ത വ്യാഖ്യാനങ്ങള്‍ അപകടങ്ങള്‍ക്ഷണിച്ചു വരുത്തുമെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുസ്തഫല്‍ഫൈസി പറഞ്ഞു. മസ്ക്കത്ത് സുന്നീ സെന്‍റര്‍ ഹുബ്ബുറസൂല്‍ മീലാദ് കാന്പയിന്‍റെ ഭാഗമായി നടന്ന പ്രതിനിധി സംഗമത്തില്‍ സമസ്ത എന്ത് എന്തിനു എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു, അദ്ദേഹം. ഇസ്ലാമിക നിയമ നിര്‍മ്മാണത്തിനു ഖുര്‍ആനും ഹദീസും മാത്രം മതിയെന്നുള്ള വാദം ബാലിശമാണെന്നും സന്പന്നമായ ഇസ്ലാമിക പാരന്പര്യം ഇസ്ലാമിക വിജ്ഞാനീയങ്ങളുടെയെല്ലാം ഉത്ഭവത്തിലും വികാസത്തിലും നിര്‍ണ്ണായക ശക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പാരന്പര്യത്തിന്‍റെ സംരക്ഷണവും പോഷണവുമാണ് സമസത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വ്വഹിക്കുന്നതെന്നും ഇതില്‍ സമസ്തക്കു തുല്യമായി സമസ്ത മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍റര്‍ പ്രസിഡന്‍റ് ഇസ്മാഈല്‍ കുഞ്ഞി ഹാജി ആധ്യക്ഷം വഹിച്ചു. സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഉസ്താദ്‌ പുറങ്ങ്‌ അബ്ദുല്ല മൗലവി ഉദ്‌ഘാടനം നിര്‍വഹിച്ചു. ജോയിന്‍റ് കണ്‍വീനര് ‍അന്‍വര്‍ ഹാജി സ്വാഗതവും അബ്ബാസലി ഫൈസി നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന കുടുംബ സംഗമത്തില്‍ ഇസ്‍ലാമിക ഗൃഹാന്തരീക്ഷം എന്ന വിഷയത്തില്‍ മുസ്തഫല്‍ ഫൈസി ക്ലാസ്സെടുത്തു. മുഹമ്മദലി ഫൈസി സ്വാഗതവും ഹാശിം ഫൈസി നന്ദിയും പറഞ്ഞു. മൗലിദ് പാരായണത്തിനു ഹസന്‍ ബാവ ഹാജി സക്കീര്‍ ഹുസൈന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം മസ്കത്തിലെത്തിയ മുസ്തഫല്‍ ഫൈസി നബിദിന പരിപടികളില്‍ മുഖ്യ അതിഥിയാണ്.
- നൌഫല്‍ ഹുദവി