ഇസ്‌ലാമിക്‌ സെന്റര്‍ മുഹബ്ബത്തെ റസൂല്‍ 2011 നബിദിന സമ്മേളനം സമാപിച്ചു

കുവൈത്ത്‌ സിറ്റി : അധര്‍മ്മ വികാര വിചാരങ്ങളും യുവത്വത്തെ നശിപ്പിക്കുന്ന തീവ്ര ചിന്തകളും യുദ്ധ വെറിയും മറ്റും സമകാലിക ലോകത്തെ അസ്വസ്‌തപ്പെടുത്തുന്ന വിനാശങ്ങളാണെന്നതിനാല്‍ ഇസ്‌ലാമിക സംസ്‌കൃതിയെ അനുധാവനം ചെയ്‌ത്‌ അവയെ തിരുത്തുകയും ഭൗതിക ഭ്രമം വെടിഞ്ഞ്‌ ജീവിതത്തെ സംശുദ്ധമാക്കുകയും ചെയ്യണമെന്ന്‌ ശൈഖുനാ അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒന്‍പതാമത്‌ മുഹബ്ബത്തെ റസൂല്‍ സമാപന മഹാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ പ്രയാസപ്പെടുന്ന വര്‍ത്തമാന മനുഷ്യന്‌ സമാധാനവും ശാന്തിയും കൈവരിക്കാന്‍ തിരുനബിജീവിതത്തെ പഠിക്കുകയും സ്വജീവിതത്തിലേക്ക്‌ പകര്‍ത്തുകയും ചെയ്യണമെന്നും ഉസ്‌താദ്‌ ഓര്‍മിപ്പിച്ചു.

ഇസ്‌ലാമിക്‌ സെന്റര്‍ പ്രസിഡണ്ട്‌ ഉസ്‌മാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതു പരീക്ഷ അവാര്‍ഡ്‌ ദാനം അത്തിപ്പറ്റ ഉസ്‌താദ്‌ നിര്‍വഹിച്ചു. ഇസ്‌ലാമിക്‌ സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി സമസ്‌ത സമ്മേളന പ്രമേയമായ സത്യ സാക്ഷികളാവുക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സയ്യിദ്‌ നാസര്‍ മശ്‌ഹൂര്‍ തങ്ങള്‍, അല്‍ ഐന്‍ സുന്നി സെന്റര്‍ സെക്രട്ടറി മൊയ്‌തീന്‍ ഹാജി, സിദ്ധീഖ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, കെ.കെ.എം.സി.സി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, കെ.കെ.എം.എ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സമകാലിക വിനാശങ്ങള്‍ക്കെതിരെ തിരുനബിയുടെ തിരുത്ത്‌ എന്ന സമ്മേളനപ്രമേയത്തില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം കണ്‍വീനര്‍ ഇഖ്‌ബാല്‍ മാവിലാടം സ്വാഗതവും ട്രഷറര്‍ ഇ.എസ്‌ അബ്ദുറഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു. 
9ന്‌ വൈകുന്നേരം 5 മണിക്ക്‌ മദ്‌റസ വിദ്യാര്‍ത്ഥികളുടെ കലാ മല്‍സരങ്ങള്‍ ഫള്‌ലുറഹ്‌മാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ഇല്‍യാസ്‌ മൗലവി ഉദ്‌ഘാടനം ചെയ്‌തു. പണ്ഡിതന്‍മാരും സാദാത്തുക്കളും ഉള്‍പ്പെടെ പ്രമുഖരുടെ നേതൃത്വത്തില്‍ 10ന്‌ ഉച്ചക്ക്‌ 1 മണിക്ക്‌ നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ നിരവധി ആളുകള്‍ സംബന്ധിച്ചു. ഉച്ചക്ക്‌ ശേഷം നടന്ന കര്‍മ്മ വീഥി പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ഹംസ ദാരിമി അദ്ധ്യക്ഷത വഹിച്ചു, അബ്ദുല്‍ നാസര്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി സംഘടനാ ക്ലാസ്സ്‌ നടത്തി.
വൈകുന്നേരം 4 മണിക്ക്‌ ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദിന്റെ നേതൃത്വത്തില്‍ ദിക്‌റ്‌ മജ്‌ലിസ്‌ നടന്നു, രണ്ട്‌ ദിവസങ്ങളിലായി നടന്ന പരിപാടികള്‍ക്ക്‌ ഇസ്‌ലാമിക്‌ സെന്റര്‍ നേതാക്കളായ മന്‍സൂര്‍ ഫൈസി, ഗഫൂര്‍ ഫൈസി പൊന്‍മള, മുജീബ്‌ റഹ്‌മാന്‍ ഹൈതമി, ഷൈഖ്‌ ബാദുഷ, അബ്ദുല്‍ ലത്തീഫ്‌ എടയൂര്‍, മൊയ്‌തീന്‍ ഷാ മൂടാല്‍, ഫൈസല്‍ ഫൈസി, അലിക്കുട്ടി ഹാജി, ഷറഫുദ്ധീന്‍ കുഴിപ്പുറം, ഹനീഫ കൊടുവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.