തേഞ്ഞിപ്പാലം: അംഗീകാരത്തിന്റെ കാരണം
പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള
നീക്കത്തിനെതിരെ അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ 24 ന് രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉന്നത തസ്തികകളിലെത്തിക്കുന്നതിൽ അൺ എഴ്ഡഡ് സ്കൂളുകൾ നിർണ്ണായ പങ്ക് വഹിച്ചതായും അവകൾ അടച്ചു പൂട്ടുന്നതിന് പകരം സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും ചേളാരി സമസ്താലയത്തിൽ വെച്ച് നടന്ന അസ്മി സെക്രട്ടറിയേറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു. കേരള വിദ്യാഭ്യാസ നിയമം (കെ. ഇ. ആർ) നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത്. മികച്ച ഭൗതിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നവയാണ് ഇവയിലധികവും. അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് പകരം എ. ഇ. ഒ മുഖേന അടച്ചുപൂട്ടാനുള്ള കത്ത് നൽകി നിരാശരാക്കിയതായി അസ്മി യോഗം കുറ്റപ്പെടുത്തി. അസ്മിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപന മേധാവികളും അംഗീകാരമില്ലാത്ത മറ്റ് സ്കൂൾ മേധാവികളും സമര പ്രഖ്യാപന കൺവൻഷനിൽ പങ്കെടുക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
യോഗത്തിൽ അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ. കെ. എസ് തങ്ങൾ, പി. വി മുഹമ്മദ് മൗലവി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, നവാസ് ഓമശ്ശേരി, റഷീദ് കബളക്കാട്, സലീം എടക്കര, ഒ. കെ. എം കുട്ടി ഉമരി, അഡ്വ. പി. പി ആരിഫ് ഡോ. കെ. വി അലി അക്ബർ ഹുദവി, അഡ്വ. നാസർ കാളമ്പാറ, എൻ. പി ആലി ഹാജി, ഇസ്മാഈൽ മുസ്ല്യാർ കൊടക്, പി. സൈതലി മാസ്റ്റർ, പി. വി കുഞ്ഞിമരക്കാർ, മുഹമ്മദ് ഫൈസി അടിമാലി, മജീദ് പറവണ്ണ, കെ. എം കുട്ടി എടക്കുളം സംസാരിച്ചു. അസ്മി സംസ്ഥാന ജനറൽ സെക്രട്ടറിഹാജി പി. കെ മുഹമ്മദ സ്വാഗതവും വർക്കിംഗ് സെക്രട്ടറി റഹീം ചുഴലി നന്ദിയും പറഞ്ഞു.
- Samasthalayam Chelari