ന്യൂനപക്ഷ സ്കൂളുകൾക്ക് അംഗീകാരം നൽകി പ്രവർത്തിക്കാൻ അനുവദിക്കണം: അസ്മി


കോഴിക്കോട്: അംഗീകാരത്തിന്റെ കാരണം പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് രാമനാട്ടുകര സ്പിന്നിംഗ് മിൽ ലേമോഷെ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസ്മി മാനേജ്മെൻറ് പ്രിൻസിപ്പൽ വർക്ക്ഷോപ്പ് ആവശ്യപ്പെട്ടു. സർക്കാർ നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നതെന്നും ഇവക്ക് ഉടൻ അംഗീകാരം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധമായി 24 ന് രാവിലെ 9 മണി കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമര പ്രഖ്യാപന കൺവൻഷനിൽ സമാനമനസ്കരായ എല്ലാ സ്കൂൾ പ്രതിനിധികളും പങ്കെടുക്കണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു. എസ്. എം. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. വി മുഹമ്മദ് മൗലവി അധ്യക്ഷനായി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫസർ എ. പി അബ്ദുൽ വഹാബ് മുഖ്യാതിഥിയായിരുന്നു. എസ്. വൈ. എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, അസ്മി സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹാജി പി. കെ മുഹമ്മദ്, എം. എ ചേളാരി, കെ. കെ. എസ് തങ്ങൾ, യു. ശാഫി ഹാജി, എൻ. പി ആലി ഹാജി, റഹീം ചുഴലി, സലിം എടക്കര, അഡ്വ. പി. പി ആരിഫ് , മജീദ് പറവണ്ണ സംസാരിച്ചു. റഷീദ് കമ്പളക്കാട് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. 
Photo: അസ്മി മാനേജ്മെൻറ് പ്രിൻസിപ്പൽ വർക്ക് ഷോപ്പ് എസ്. എം. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നു. 
- Samasthalayam Chelari