അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9788 ആയി

ചേളാരി: പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9788 ആയി. സഈദിയ്യാ മദ്‌റസ കുക്കന്‍കൈ (കാസര്‍കോട്), ബി.എ. മദ്‌റസ തുമ്പെ- ബണ്ട്‌വാള്‍ (ദക്ഷിണ കന്നട), സയ്യിദ് നൂര്‍ മുഹമ്മദിയ്യാ മദ്‌റസ വിളയന്‍ ചാത്തന്നൂര്‍- ആലത്തൂര്‍ (പാലക്കാട്), ഗ്രീന്‍വുഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ ഒടുങ്ങാക്കാട്- താമരശ്ശേരി (കോഴിക്കോട്), മദ്‌റസത്തു റയ്യാന്‍ അസയ്ബ (മസ്‌കത്ത്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2019ല്‍ 60-ാം വാര്‍ഷികം ആഘോഷിക്കാനുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. സമസ്ത ഏകോപന സമിതി ജനുവരി മുതല്‍ ആചരിച്ചുവരുന്ന ആദര്‍ശപ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള തുടര്‍പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. മലേഷ്യയിലെ മദ്‌റസ പാഠ്യപദ്ധതി സംബന്ധിച്ചും മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാനും മലേഷ്യന്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിനിധിസംഘത്തെ അയക്കാന്‍ യോഗം തീരുമാനിച്ചു. ജെ.ജെ. ആക്ട് റജിസ്‌ട്രേഷന്‍ സംബന്ധിച്ച് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കേരളത്തില്‍ വ്യവസ്ഥാപിതമായും നിയമപരമായും നടന്നുവരുന്ന അഗതി- അനാഥ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു. 
- Samasthalayam Chelari