സമസ്ത ആദര്‍ശ കാമ്പയിന്‍; ആലപ്പുഴയിലും മലപ്പുറത്തും കണ്ണൂരും കാസര്‍കോഡും മേഖലാ സംഗമങ്ങള്‍

ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി മുതല്‍ മെയ് വരെ നടത്തുന്ന ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ആലപ്പുഴയിലും മലപ്പുറത്തും കണ്ണൂരും കാസര്‍കോഡും മേഖലാ തല പ്രവര്‍ത്തക സംഗമങ്ങള്‍ നടക്കും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാക്കുളം ഉള്‍പെടുന്ന ദക്ഷിണ മേഖലാ സംഗമം ഏപ്രില്‍ 21 ന് ആലപ്പുഴയിലും മലപ്പുറം, ത്യശൂര്‍, പാലക്കാട്, നീലഗിരി ജില്ലകള്‍ ഉള്‍പെടുന്ന മധ്യമേഖലാ സംഗമം ഏപ്രില്‍ 18ന് മലപ്പുറത്തും കോഴിക്കോട്, വയനാട്, കുടക്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പെടുന്ന ഉത്തര മേഖലാ സംഗമം കണ്ണൂരിലും കാസര്‍കോഡ്, കര്‍ണാടക എന്നിവ ഉര്‍പ്പെടുന്ന ഇന്റര്‍ സോണ്‍ സംഗമം ഏപ്രില്‍ 17 ന് കാസര്‍കോഡും നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ, മണ്ഡലം, മേഖലാ, പഞ്ചായത്ത്, മഹല്ല് തല ഭാരവാഹികളാണ് പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംഗമത്തില്‍ സംബന്ധിക്കും. ആദര്‍ശ വിശുദ്ധിയോടെ 100-ാം വാര്‍ഷികത്തിനൊരുങ്ങുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിശുദ്ദ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പുക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജരാക്കാനും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തക സംഗമങ്ങള്‍ നടത്തുന്നത്. ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി സ്ഥാപന മേധാവികളുടെ കൂട്ടായ്മ, വിദ്യാര്‍ത്ഥി-പൂര്‍വ്വ വിദ്യാര്‍ത്ഥി, മീറ്റ് 200 മേഖലകളില്‍ സമ്മേളനങ്ങള്‍, മഹല്ല് തല കുടുംബസംഗമങ്ങള്‍, സിഡി പ്രഭാഷണം, പുസ്തക കിറ്റ് വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 
- Samasthalayam Chelari