സമസ്തയുടെ സ്ഥാപനങ്ങള്‍ കയ്യേറല്‍; ചാനല്‍ വാര്‍ത്ത ദുരുദ്ദേശപരം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മലപ്പുറം: സമസ്തയുടെ സ്ഥാപനങ്ങള്‍ കയ്യേറാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മുസ്‌ലിം രാഷ്ടീയ സംഘടന കൂട്ട് നില്‍ക്കുന്നു എന്ന പേരില്‍ ഒരു ചാനലില്‍ വന്ന വാര്‍ത്ത ദുരുദ്ധേശപരമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍. 
മലപ്പുറം ജില്ലയിലെ തച്ചണ്ണ പള്ളി,മദ്‌റസ തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ പ്രധിനിധി തന്നെ സമീപിച്ചിരുന്നു. വ്യാജ കേശ പ്രശ്‌നത്തില്‍ ജനപിന്തുണ നഷ്ടമായ കാന്തപുരം വിഭാഗം സ്വന്തം അണികള്‍ക്ക് വീര്യം പകരുവാന്‍ സമസ്തയുടെ സ്ഥാപനങ്ങള്‍ കയ്യേറുകയെന്ന പഴയ തന്ത്രം വീണ്ടും പുറത്തിറക്കുകയാണെന്നും ഇതിന് പിന്തുണ നല്‍കുന്നത് കോണ്‍ഗ്രസ്സിലെ ഒരു ഗ്രൂപ്പാണെന്നും ഞാന്‍ പ്രതികരിച്ചിരുന്നു.
സ്വന്തം ഗ്രൂപ്പിന് ശക്തി കൂട്ടാന്‍ കാന്തപുരം വിഭാഗത്തെ ചില കോണ്‍ഗ്രസ് നേതാക്കളും, സമസ്തയുടെ സ്ഥാപനം പിടിച്ചെടുക്കാന്‍ അത്തരം നേതാക്കളെ കാന്തപുരവും ഉപയോഗപ്പെടുത്തി ഒത്തുകളി നടത്തുകയാണ്. ഇക്കാര്യം വ്യക്തമായി അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടും, ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് പ്രശ്‌നം വഷളാക്കിയതെന്ന് ഭാഗികമായി അവതരിപ്പിച്ച് മുസ്‌ലിംലീഗിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഞാന്‍ പ്രതികരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തിയ ശ്രമം തികച്ചും അസംബന്ധമാണ്.
അഭിമുഖം പൂര്‍ണമായി നല്‍കിയാല്‍ കള്ളക്കളി വെളിച്ചത്താവും. സമസ്തയുടെ സ്ഥാപന പ്രശ്‌നങ്ങളില്‍ മുസ്‌ലിം ലീഗ് എക്കാലത്തും നീതിപൂര്‍വമായ സമീപനമാണ് സ്വീകരിച്ച് വന്നിട്ടുള്ളത്. ലീഗിനേയും സമസ്തയുടെ അണികളേയും രണ്ടു തട്ടിലാക്കാന്‍ ശ്രമിക്കുന്നവര്‍ ആശവിതച്ച് നിരാശ കൊയ്യാന്‍ വിധിക്കപ്പെട്ടവരാണന്നും അദ്ധേഹം പറഞ്ഞു.(അവ.സുപ്രഭാതം ഓണ്‍ലൈൻ )