ഫലസ്തീനും സയണിസവും

ഫലസ്തീന്‍ ഭൂപ്രദേശത്തിന്റെ സിംഹഭാഗവും ബ്രിട്ടന്റെയും അമേരിക്കയുടെയും സഹായത്താല്‍ പെരുമ്പാമ്പ് ആടിനെ വിഴുങ്ങും വിധം ഇസ്രാഈല്‍ ഘട്ടം ഘട്ടമായി വിഴുങ്ങുകയായിരുന്നു. യഹൂദമതത്തിന്റെ ഉത്ഭവം തൊട്ട് 1900 വരെയുള്ള കാലയളവില്‍ വാഗ്ദത്തഭൂമിയില്‍ ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യം ഒരിക്കലും അവര്‍ ഉന്നയിച്ചിട്ടില്ല. വിദേശ നാടുകളില്‍ നിന്നും ജറുസലേമിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം പോലും അത്യപൂര്‍വ്വമായിരുന്നു. യഹൂദര്‍ സിയോണ്‍ കുന്നുകളെ ലക്ഷ്യം വെച്ച് പ്രാര്‍ത്ഥിക്കുകയും പരസ്പരം കണ്ടുമുട്ടുമ്പോള്‍ 'അടുത്ത വര്‍ഷം ജറുസലേമില്‍' എന്ന ആപ്തവാക്യം ഉരുവിട്ട് ഹസ്തദാനം നടത്തുകയും ചെയ്യല്‍ പതിവായിരുന്നു. മതപരമായ വിശ്വാസത്തിനും ആചാരത്തിനുമപ്പുറം ഈ സ്ഥലനാമങ്ങള്‍ക്കും പദാവലികള്‍ക്കും രാഷ്ട്രീയമായ അര്‍ത്ഥങ്ങള്‍ ഒന്നുമില്ലായിരുന്നു.
യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിനായി സയണിസ്റ്റുകള്‍ ഫലസ്തീന്‍ തെരഞ്ഞെടുത്തത് ബഹുമുഖ ലക്ഷ്യത്തോടുകൂടിയായിരുന്നു. വാഗ്ദത്ത ഭൂമിയോടുള്ള ഇഷ്ടംകൊണ്ടല്ല; മറിച്ച് സാമ്പത്തികവും സാമ്രാജ്യത്വപരവുമായ താല്‍പര്യമായിരുന്നു പിന്നില്‍. 1935 ല്‍ ലോക സയണിസ്റ്റ് അധ്യക്ഷനായിരുന്ന നഹാം ഗോള്‍ഡ്മാന്റെ പ്രസ്താവന മേല്‍പറഞ്ഞ കാര്യം ശരിവെക്കുന്നതിനുള്ള ഒന്നാന്തരം തെളിവുകളാണ്. കാനഡയില്‍ നിന്നും ഫ്രഞ്ച് ഭാഷയില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പ്രസ്താവന ഇങ്ങനെയായിരുന്നു. 'യഹൂദര്‍ക്ക് രാജ്യം സ്ഥാപിക്കുവാന്‍ ഉഗാണ്ടയിലോ മെഡഗാസ്‌ക്കറിലോ മറ്റോ സ്ഥലം കരസ്ഥമാക്കുക സാധ്യമായിരുന്നു. പക്ഷേ ഫലസ്തീനല്ലാതെ അവര്‍ക്ക് മറ്റൊരു നാടും ആവശ്യമില്ലായിരുന്നു. മത-ചരിത്ര പരിഗണനകള്‍ കൊണ്ടോ തൗറാത്തില്‍ ഫലസ്തീനെ കുറിച്ച് പരാമര്‍ശം ഉള്ളതുകൊണ്ടോ ആയിരുന്നില്ല ഇത്. പ്രസ്തുത യൂറോപിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും ഇടക്കുള്ള പാതകളുടെ സംഗമസ്ഥാനവും ലോക രാഷ്ട്രീയത്തെ സ്വാധീനിക്കുവാനും ലോകാധിപത്യം നേടാനുമുതകുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് ഫലസ്തീന്‍' എന്നതായിരുന്നു കാരണം.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് സയണിസ്റ്റ് ചിന്തകള്‍ ഉത്ഭവിക്കുന്നത.് യഹൂദിയായ ലിലിയന്‍ ബ്‌ലം ആയിരുന്നു ഫലസ്തീനില്‍ യഹൂദ രാഷ്ട്രം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അതിന്റെ പ്രചാരണത്തിനായി അദ്ദേഹം ഹിബത്ത്‌സിയോണ്‍ (സിയോണിനോടുള്ള സ്‌നേഹം) എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കുകയും ചെയ്തു. ലിലിയന്‍ ബ്‌ലത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ തിയോഡാര്‍ഹര്‍സലാണ് ആധുനിക സയണിസത്തിന്റെ പിതാവായി അറിയപ്പെടുന്നത്. നവ മോസസ് എന്ന വിശേഷണം പോലും അദ്ദേഹത്തിന് ചാര്‍ത്തികൊടുക്കാന്‍ സയണിസ്റ്റ് ലോകം തയ്യാറായി. വിയന്നയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഹര്‍സല്‍ യഹൂദധനാഡ്യന്‍ ബാരണ്‍മോറിസുമായി നടത്തിയ അഭിമുഖത്തിലുണ്ടായ അഭിപ്രായവ്യത്യാസം 'യഹൂദരാഷ്ട്രം' എന്ന കൃതിയുടെ പിറവിക്ക് കാരണമായി തീര്‍ന്നു. ബാരണ്‍ ചുരുക്കം ചില യഹൂദികളെ കൊണ്ടുവന്ന് ചില കോളനികളില്‍ താമസിപ്പിച്ചിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ ബാരണ്‍ മോറിസന്റെ പ്രവര്‍ത്തനത്തെക്കാളും രാഷ്ട്രീയപരമായി യഹൂദര്‍ക്കായി രാഷ്ട്രം സ്ഥാപിക്കുകയാണ് വേണ്ടതെന്നായിരുന്നു ഹര്‍സലിന്റെ അഭിപ്രായം.


സ്വിറ്റ്‌സര്‍ലാന്റിലെ ബേസിലില്‍ 1897 ല്‍ ഹര്‍സലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോകസയണിസ്റ്റ് സമ്മേളനത്തില്‍ ഫലസ്തീനില്‍ യഹൂദരാഷ്ട്രമെന്ന സയണിസ്റ്റ് നയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവിടം ഭൂമി വിലക്ക് വാങ്ങാനും ഫലസ്തീനികളെ പ്രകോപിപ്പിച്ചും പ്രീണിപ്പിച്ചും പുറത്താക്കാനുള്ള വഴികള്‍ തേടാനും സമ്മേളനം പരസ്യമായി തന്നെ ആഹ്വാനം ചെയ്തു. സമ്മേളനം അംഗീകരിച്ച സയണിസ്റ്റ് രഹസ്യ പ്രോട്ടോകോള്‍ അവരുടെ കൈകളില്‍ നിന്ന് ചിലര്‍ തന്ത്രപൂര്‍വ്വം ചോര്‍ത്തുകയും പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി. 'അക്രമത്തിന്റെയും വഞ്ചനയുടെയും മുഴുവന്‍ മാര്‍ഗങ്ങളും നമ്മുടെ മുദ്രാവാക്യമായിരിക്കണം. ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് സഹായകമെങ്കില്‍ വഞ്ചന, കൈക്കൂലി എന്നീ കാര്യങ്ങളില്‍ സംശയിക്കേണ്ടതില്ല. 'അത്തരം അപകടം നിറഞ്ഞ പരാമര്‍ശങ്ങളും ലോകത്തെ തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴില്‍ കൊണ്ടുവരേണ്ട പദ്ധതികളുമായിരുന്നു രഹസ്യ പ്രൊട്ടോകോളിന്റെ ഉള്ളടക്കം. അതിലെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കൊലക്കും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ജൂതവേട്ടക്കും കാരണമായി മാറിയത്.


ഒന്നാംലോക മഹായുദ്ധത്തില്‍ ജൂതസമൂഹത്തിന്റെ സഹായം ബ്രിട്ടനും അമേരിക്കയും യഥേഷ്ടം സ്വീകരിച്ചു. അതിനാല്‍ യഹൂദരാഷ്ട്രമെന്ന സയണിസ്റ്റുകളുടെ ആവശ്യം അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.ഹിറ്റ്‌ലര്‍ നടത്തിയ യഹൂദ കൂട്ടക്കശാപ്പിനെ തുടര്‍ന്ന് ജൂതര്‍ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും കുടിയേറി തുടങ്ങിയതും അവര്‍ക്ക് തലവേദനയായി തീര്‍ന്നു. യൂറോപ്പിന്റെ വിവിധ ദേശങ്ങളില്‍ യഹൂദര്‍ കൊല്ലപ്പെടുകയും അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തപ്പോഴും അറബ് ലോകത്ത് നാമമാത്രമാണെങ്കിലും യഹൂദര്‍ സുരക്ഷിതരായിരുന്നു. യൂറോപ്യര്‍ യഹൂദരോട് കാട്ടിയ തുല്യതയില്ലാത്ത പാപഭാരം അറബികളുടെ തലയില്‍ കെട്ടിവെക്കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചു. 1917 ല്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ബാല്‍ഫോര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അതിന്റെ ചൂണ്ടുപലകയാണ്. 'യഹൂദവര്‍ഗത്തിന് ഫലസ്തീനുമായുള്ള ചരിത്രബന്ധം അംഗീകരിച്ചു കൊടുക്കേണ്ടത് ബ്രിട്ടന്റെ ബാധ്യതയാണ്. ഫലസ്തീനിലേക്കുള്ള യഹൂദ കുടിയേറ്റത്തിനും അധിനിവേശത്തിനും ഭരണപരവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ ഒരുക്കികൊടുക്കാന്‍ ബ്രിട്ടന്‍ ബാധ്യസ്ഥരായിരിക്കും.' ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ യുദ്ധാനന്തരം മുസ്‌ലിം രാജ്യങ്ങളായിരിക്കുമെന്ന്അറബ് ലോകത്തിന് ബ്രിട്ടന്‍ നല്‍കിയ ഉറപ്പിന്റെ ലംഘനം കൂടിയായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനം.


വിവിധ രാജ്യങ്ങളില്‍ നിന്നും യഹൂദരെ ഫലസ്തീനിലേക്ക് പലായനം നടത്താന്‍ നിര്‍ബന്ധിച്ച് കൊണ്ട് സയണിസ്റ്റുകള്‍ ലോക വ്യാപകമായി പ്രചാരണങ്ങള്‍ ആരംഭിച്ചു. 'സിയോണ്‍ കുന്നിലേക്ക് മടങ്ങുക' എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. അതുകൊണ്ടാണ് ഇവര്‍ സയണിസ്റ്റുകള്‍ എന്നറിയപ്പെടുന്നത്. പലായനത്തിന് തയ്യാറാകുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുവാനും അല്ലാത്തവരില്‍ ഭീതി സൃഷ്ടിക്കുവാനും സയണിസ്റ്റുകള്‍ ശ്രമിച്ചു. ഹിറ്റ്‌ലറുടെ ചെയ്തികള്‍ ചൂണ്ടിക്കാട്ടി യൂറോപ്പ് സുരക്ഷിതമല്ലെന്നും അവര്‍ പ്രചരിപ്പിച്ചു. ഇസ്രാഈലിന് പുറത്ത് ഒരാള്‍ക്കും യഥാര്‍ത്ഥ യഹൂദിയാകുക സാധ്യമല്ലെന്നായിരുന്നു സയണിസ്റ്റ് നേതാവ് ബെന്‍ഗോറിയന്റെ ജല്‍പനം. 1933-39 വര്‍ഷങ്ങളില്‍ ജര്‍മ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രം രണ്ടര ലക്ഷം യഹൂദികളാണ് ഫലസ്തീനില്‍ കുടിയേറ്റം നടത്തിയത്. ബ്രിട്ടനും അമേരിക്കയും കൈയ്യും മെയ്യും മറന്ന് സയണിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചു. കുടിയേറ്റക്കാര്‍ക്ക് ഉദാരമായ രീതിയില്‍ ബ്രിട്ടന്‍ ബാങ്ക് വായ്പകള്‍ അനുവദിച്ചു. അറബികളുടെ കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് 40 ശതമാനത്തിലധികം നികുതികള്‍ ചുമത്തി. സാമ്പത്തികമായി അറബികളെ തകര്‍ക്കുക വഴി കുടിയേറ്റക്കാര്‍ക്ക് ചുളുവിലയില്‍ ഭൂമി വാങ്ങികൂട്ടാനുള്ള അവസരമാണ് ഇതിലൂടെ ബ്രിട്ടന്‍ സൃഷ്ടിച്ചത്. യഹൂദര്‍ക്ക് സായുധ പരിശീലനം നല്‍കുവാനും ഇംഗ്ലീഷുകാര്‍ മടികാട്ടിയില്ല. നിസ്സാര കാരണങ്ങളാല്‍ ബ്രിട്ടന്റെ പട്ടാളം ഫാലസ്തീനികളെ വെടിവെച്ച് കൊല്ലലും പതിവായിരുന്നു.


1900 വരെ ഫലസ്തീനിലെ ജൂത ജനസംഖ്യ ഏതാണ്ട് 20,000 ത്തിന് താഴെ മാത്രമായിരുന്നു. അന്ന് ഏഴ് ശതമാനം മാത്രമുണ്ടായിരുന്ന യഹൂദികള്‍ 1947 ആകുമ്പോഴേക്കും 37 ശതമാനമായി വര്‍ദ്ധിക്കുന്ന രീതിയില്‍ കുടിയേറ്റത്തിന്റെ മലവെള്ളപാച്ചില്‍ നടന്നത് കാണാന്‍ കഴിയും. രാഷ്ട്ര രൂപീകരണത്തിന് മുമ്പേ തങ്ങളുടെ മേധാവിത്വം പ്രകടിപ്പിക്കുവാന്‍ യഹൂദര്‍ സായുധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബ്രിട്ടനില്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. ഹഗാന, ഇര്‍ഗന്‍ തുടങ്ങിയ സായുധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ അക്രമപരമ്പരകള്‍ എമ്പാടും അരങ്ങേറി. ദീര്‍യാസീന്‍ കൂട്ടക്കൊലയില്‍ കലാശിക്കുവോളം നായാട്ട് തുടരുകയുണ്ടായി. അമേരിക്കന്‍ പ്രസിഡണ്ട് ഹാരിട്രുമാന്റെ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി ഫലസ്തീന്‍ വിഭജിക്കുവാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.


1948 മെയ് 14ന് ഇസ്രാഈല്‍ രാഷ്ട്രം നിലവില്‍വന്നതായി സയണിസ്റ്റ് തലവന്‍ ബെന്‍ഗോറിയന്‍ വിളംബരം ചെയ്തു. അവശിഷ്ട ഫലസ്തീന്റെ ഭൂപ്രദേശം കൂടെ കൈയടക്കാനുള്ള ഇസ്രാഈലിന്റെ വ്യാമോഹമാണ് ഫലസ്തീനില്‍ നിലക്കാത്ത ചോരപ്പുഴകള്‍ ഒഴുകാന്‍ കാരണം. ഫലസ്തീന്‍ വിഭജിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവരോടൊപ്പമായിരുന്നു ഇന്ത്യാരാജ്യം നിലകൊണ്ടത്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്നപോലെ ഫ്രാന്‍സ് ഫ്രഞ്ചുകാരുടേതെന്ന പോലെ ഫലസ്തീന്‍ അറബികളുടേതാകുന്നു. യഹൂദരെ അറബികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്ത അപരാധമെന്നായിരുന്നു രാഷ്ട്രപിതാവ് ഗാന്ധിജിയുടെ അഭിപ്രായം. ജവഹര്‍ലാല്‍ നെഹ്‌റു എഴുതി: ഫലസ്തീന്‍ അനിവാര്യമായും ഒരു അറബി രാജ്യമാണെന്ന് നാം മനസ്സിലാക്കണം. അത് അങ്ങനെതന്നെ നിലനില്‍ക്കേണ്ടതും അനിവാര്യമാണ്. ഒരവസ്ഥയിലും അറബികള്‍ തങ്ങളുടെ നാട്ടില്‍ അക്രമിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്തുകൂടാ.'' (ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി)


ഇസ്രാഈല്‍ രാഷ്ട്രം നിലവില്‍ വന്നതിന് ശേഷവും ഇന്ത്യയുടെ കൂറ് എന്നും ഫലസ്തീനൊപ്പമായിരുന്നു. അവര്‍ക്ക് രാഷ്ട്രപദവി നല്‍കാന്‍ അന്താരാഷ്ട്ര വേദികളില്‍ നിരന്തരം ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്ത് ആദ്യമായി എംബസി തുറക്കാന്‍ അവസരം നല്‍കികൊണ്ട് ഫലസ്തീനികളെ തലോടാന്‍ നെഹ്‌റുവും ഇന്ദിരയും അടക്കമുള്ള ഭരണാധികാരികള്‍ തയ്യാറാവുകയുണ്ടായി. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ എനിക്കെന്റെ സഹോദരിയെ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് വിതുമ്പിയ യാസര്‍ അറാഫാത്തിന്റെ മുഖം നമുക്ക് മറക്കാന്‍ കഴിയില്ല. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഫലസ്തീന്‍ മക്കളുടെ വലംകൈ നഷ്ടപ്പെട്ടുവെന്നായിരുന്നു അറാഫാത്തിന്റെ പ്രതികരണം. ഓപ്പറേഷന്‍ കാസ്റ്റ് ലീല്, ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ദ കൗഡില്‍ എന്നീ വിളിപ്പേരുകളില്‍ ഇതിന് മുമ്പ് ഗസ്സയില്‍ ഇസ്രാഈല്‍ ഭരണകൂടം പിഞ്ചു കുട്ടികളടക്കം ആയിരങ്ങളെ കൊന്നൊടുക്കുകയുണ്ടായി. അന്ന് ഫലസ്തീന്‍ മണ്ണിലേക്ക് ഇന്ത്യയില്‍ നിന്നും മരുന്നും ഭക്ഷണവും വസ്ത്രവും കോടികണക്കിന് രൂപയുടെ സഹായവും എത്തിക്കുന്നതിനായി യു.പി.എ സര്‍ക്കാര്‍ നിയോഗിച്ചത് ലീഗ് നേതാവും വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ. അഹമ്മദിനെയായിരുന്നു. അമേരിക്കയില്‍ നിന്നും മറ്റു നാടുകളില്‍ നിന്നുമായി ഗസ്സയിലെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രാഈല്‍ പിടികൂടി ജയിലിലടച്ചപ്പോഴും അറാഫാത്തുമായി കൂടി ക്കാഴ്ച നടത്താന്‍ ഇ. അഹമ്മദ് പ്രകടിപ്പിച്ച ധൈര്യം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.


ഓപ്പറേഷന്‍ പ്രൊട്ടക്ഷന്‍ എഡ്ജ് എന്ന പേരില്‍ ബെഞ്ചമിന്‍ നെതന്യാഹു കുട്ടികളെപോലും അറുകൊല ചെയ്യുമ്പോള്‍ അപലപിക്കാന്‍ പോലും വിസമ്മതിച്ച് ഇസ്രാഈലിനുവേണ്ടി കുഴലൂത്ത് നടത്തുന്ന തത്രപ്പാടിലാണിപ്പോള്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍. സ്വാതന്ത്ര്യാനന്തരം മോഷെദയാന്‍ എന്ന ഇസ്രാഈലുകാരന്‍ ആദ്യമായി ഇന്ത്യയില്‍ കാലു കുത്തിയത് വാജ്‌പേയ് വിദേശകാര്യ മന്ത്രിയായിരിക്കുമ്പോഴായിരുന്നു. ആര്‍.എസ്.എസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച നരേന്ദ്രമോഡിയില്‍ നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ല. മോസസ് പ്രവാചകനെയും ശ്രീകൃഷ്ണ ഭഗവാനെയും ഭയന്ന് കുട്ടികളെ നിരന്തരമായി കൊല ചെയ്ത ഫറോവയുടെയും കംസന്റെയും സിംഹാസനങ്ങള്‍ തകര്‍ന്നതാണ് ചരിത്രം. ഇസ്രാഈലിലെ സയണിസ്റ്റുകളും ഇന്ത്യയിലെ ഫാസിസ്റ്റുകളും അത് പുനര്‍വായന നടത്തുന്നത് നന്നായിരിക്കും.- പി. ഇസ്മായില്‍ വയനാട്(ചന്ദ്രിക)