കാസര്‍കോട് : നാട്ടില്‍ നടക്കുന്ന സകല
സംഭവങ്ങള്‍ക്കും വര്‍ഗ്ഗീയ നിറം നല്‍കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താറുളള
ബി.ജെ.പി.യുടെ ഇറക്കുമതി നേതാവ് സുരേന്ദ്രന്റെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന
പ്രസ്‌താവനയാണ് സമാധാനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാസര്‍കോടിന്റെ വിവിധ
ഭാഗങ്ങള്‍ വീണ്ടും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലേക്കും ആരാധനാലയങ്ങള്‍ അക്രമിക്കുന്ന
തരത്തിലുളള പ്രവര്‍ത്തനത്തിലേക്കും എത്തിയത് എന്നും അതിനാല്‍ അദ്ദേഹത്തെ വര്‍ഗ്ഗീയ
കലാപങ്ങള്‍ക്ക് പ്രേരണ നല്‍കിയതിനുളള കുറ്റം ചുമത്തി തുറങ്കിലടക്കാന്‍ നിയമപാലകര്‍
തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം
പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന നബിദിന റാലിയില്‍ ഒരു സംഘം
യുവാക്കള്‍ പട്ടാളസമാനമായ വേഷം ധരിച്ച സംഭവത്തെയാണ് പുതിയ
ആയുധമാക്കിയിരിക്കുന്നത്. സൈനീകവേഷം ധരിച്ച യുവാക്കള്‍ വിപണിയില്‍ ലഭിക്കുന്ന
ആകര്‍ഷണീയമായ വേഷത്തിനപ്പുറം രാഷ്‌ട്ര-സൈന്യ സംവിധാനത്തെ അവമതിക്കാനോ
വെല്ലുവിളിക്കാനോ ഉദ്ദ്യേശിച്ചിരുന്നില്ലന്നതാണ് സത്യം. താലിബാന്‍ മോഡലിലായിരുന്നു
നബിദിന റാലി എന്ന് തട്ടിവിട്ട ജൂനിയര്‍ തൊഗാഡിയായ സുരേന്ദ്രന്‍ ഇന്ത്യന്‍
പട്ടാളത്തിന്റെ വേഷവും രീതിയും താലിബാനിസത്തിന് സമാനമല്ലെന്ന ബാലപാഠം പോലും
അറിയില്ലയെന്നതാണ് സത്യം. ആഴ്‌ചകള്‍ക്ക് മുമ്പ് തന്നെ വിദേശത്ത് നിന്നുളള
തീവ്രവാദികള്‍ നബിദിന റാലി നടത്താന്‍ പരിശീലനം നല്‌കിയിരുന്നുവെന്ന് പറയുന്ന
അദ്ദേഹം എന്തുകൊണ്ട് അക്കാര്യം ബന്ധപ്പെട്ടനിയമപാലകരെ അറിയിച്ചില്ല എല്ലാറ്റിനേയും
വര്‍ഗ്ഗീയ കണ്ണുകൊണ്ട് കാണുകയും പ്രസ്‌താവന നടത്തുകയും ചെയ്യുന്ന ഇത്തരം
തരംതാഴ്‌ന്ന പ്രവര്‍ത്തനം ജനങ്ങളില്‍ കൂടുതല്‍ വിദ്ധ്വേഷവും വാശിയും
വര്‍ദ്ധിപ്പിക്കുകയേയുളളൂ. അതിന് ഏറ്റവും വലിയ തെളിവാണ് കാഞ്ഞങ്ങാട് സംഭവത്തിന്
ശേഷം പരപ്പയില്‍ നടന്ന നബിദിന ഘോഷയാത്രയില്‍ പട്ടാളസമാനമായ വേഷം ധരിച്ച്
പ്രവര്‍ത്തകര്‍ വീണ്ടും റൂട്ട് മാര്‍ച്ച് നടത്തിയത്. ഇനി ഇത്തരത്തിലുണ്ടാകുന്ന
മുഴുവന്‍ സംഭവങ്ങള്‍ക്കും കാരണം ഇദ്ദേഹമായിരിക്കുമെന്നും ഇതിനെതിരെ
കേസെടുക്കുമ്പോള്‍ അക്കൂട്ടത്തില്‍ അതിന് വര്‍ഗ്ഗീയ ചുഴ നല്‍കിയ
സുരേന്ദ്രനെതിരെയും കേസെടുക്കണം. പാര്‍ട്ടിയിലെ ഗ്രൂപ്പിസ്സത്തിന്റെ പേരില്‍
അണികളുടെ ഇടയില്‍ നിന്ന് പുറത്തളളപ്പെടുമ്പോഴാണ് സുരേന്ദ്രന്‍ വര്‍ഗ്ഗീയത
കയ്യിലെടുത്ത് താരപരിവേഷവും കയ്യടിയും നേടാന്‍ ശ്രമിക്കുന്നത്. ഒരു ബി.ജെ.പി
നേതാവിന് മാത്രമല്ല ഒരു മനുഷ്യന് പോലും ഇത്രയേറെ വര്‍ഗ്ഗീയത പാടില്ലെന്നകാര്യം
സുരേന്ദ്രന്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍
മഞ്ചേശ്വരം മണ്‌ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ മതേതരത്വ വാദി ചമഞ്ഞ് മുസ്ലീം
വീടുകളില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയ ഇദ്ദേഹം ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്ന
കാര്യം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.