ഈജിപ്ഷ്യന്‍ പണ്ഡിതര്‍ പാണക്കാട്ട്

മലപ്പുറം : ലോകത്തെ ഉന്നത ഇസ്‍ലാമിക സര്‍വ്വകലാശാലയായ അല്‍അസ്ഹറില്‍ നിന്ന് പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യയില്‍ റമദാനിലെ പ്രത്യേക ഖുര്‍ആന്‍ ക്ലാസിനെത്തിയ ഈജിപ്ഷ്യന്‍ പണ്ഡിതന്മാരായ ശൈഖ് മുഹമ്മദ് അഹ്‍മദ് അബ്ദുസ്സലാം, ശൈഖ് മുഖല്ലഫ് അഹ്‍മദ് എന്നിവര്‍ കൊടപ്പനക്കലെത്തി.

ശിഹാബ് തങ്ങള്‍ ഈജിപ്തിലും സുപ്രസിദ്ധനാണെന്നും ജീവിതകാലത്ത് അദ്ദേഹത്തെ കാണാന്‍ ഭാഗ്യമില്ലാത്തതിനാലാണ് അദ്ദേഹത്തിന്‍റെ വസതിയും ഖബറും സന്ദര്‍ശിക്കാന്‍ ഇവിടെ എത്തിയതെന്നും ഇരുവരും പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ ഇരുവരും അദ്ദേഹവുമായി കുടിക്കാഴ്ച നടത്തി.

സാദിഖലി ശിഹാബ് തങ്ങള്‍ , മുനവ്വറലി ശിഹാബ് തങ്ങള്‍ , ബഷീറലി ശിഹാബ് തങ്ങള്‍ , എന്നിവയുടെ വസതിയും ഇരുവരും സന്ദര്‍ശിച്ചു. കേരളത്തിലെ ദീനീപ്രബുദ്ധതക്കും സൗഹാര്‍ദ്ദത്തിനും പ്രധാന കാരണം ശിഹാബ് തങ്ങളുടെയും സഹോദരങ്ങളുടെയും പക്വമായ നേതൃത്വമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ , പയ്യന്നൂര്‍ ജാമിഅ പ്രസിഡന്‍റ് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി, ജനറല്‍ സെക്രട്ടറി എസ്.കെ.പി. അബ്ദുല്‍ഖാദര്‍ , അബ്ദുസ്സലാം ഹാജി, ഖത്തീബ് സിറാജുദ്ദീന്‍ ദാരിമി കക്കാട്, ജാബിര്‍ , സി.വി. അഫ്സല്‍ വീതനശേരി, തങ്ങള്‍ അസ്ഹരി എന്നിവര്‍ സന്നിഹിതരായിരുന്നു.