റമദാന്‍ പ്രഭാഷണം നടന്നു : ജിദ്ദ


ജിദ്ദ : കേരളത്തിന്‍റെ സാമൂഹ്യ ജീവിതത്തിനു മുന്പില്‍ ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീതിതമായ സമകാലിക പശ്ചാത്തലത്തില്‍ മനുഷ്യമനസ്സുകളെ ഒരുമയുടെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും മഹത്തായ വിതാനത്തിലേക്ക് നയിക്കുവാന്‍ മത-സാമുഹ്യ-രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രസക്തിയും പ്രധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രമുഖ പ്രഭാഷകനും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.


ജിദ്ദാ ഇസ്‍ലാമിക് സെന്‍ററില്‍ ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റമദാന്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെന്തെങ്കിലും അവശേഷിപ്പിക്കാന്‍ ഹൃദയ വിശാലത കാണിച്ചവര്‍ മരണശേഷവും ജീവിച്ചിരിക്കുമെന്നും ജീവിതവും മരണവും ചരിത്രമാക്കി നമുക്ക് മുന്പിലൂടെ കടന്നുപോയ മഹാരഥന്മാരുടെ ജീവിതം അതാണ് നമ്മോട് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ സമസൃഷ്ടി സ്നേഹത്തിന്‍റെയും മാനവിക വിചാരത്തിന്‍റെയും ഔന്നത്യത്തിലേക്ക് ഉയര്‍ത്താനുപയുക്തമാവണമെന്നും അവശേഷിക്കുന്ന ദിന രാത്രങ്ങള്‍ അതിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.


അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമുണ്ണ അധ്യക്ഷത വഹിച്ചു. ടി.എച്ച്. ദാരിമി സ്വാഗതവും ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ നന്ദിയും പറഞ്ഞു. ബാഫഖി തങ്ങള്‍ ചാരിറ്റി ട്രസ്റ്റ് പ്രസിഡന്‍റ് സയ്യിദ് അബുബക്കര്‍ ബാഫഖി തങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.


- മജീദ് പുകയൂര്‍