കല്പറ്റ: വാരാമ്പറ്റ സംയുക്ത മഹല്ല് ജുമാ അത്തിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഅദാ കോളേജ് വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിക്ക് കൈമാറിയതായി ഇരു സ്ഥാപനങ്ങളുടെയും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം കൈമാറുന്നത്.
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിക്ക് കീഴില്‍ 2002ല്‍ പ്രവര്‍ത്തനമാരംഭിച്ച ശംസുല്‍ ഉലമ അക്കാദമിയില്‍ ഇപ്പോള്‍ വാഫി കോഴ്സാണ് മുഖ്യമായുള്ളത്. എട്ടുവര്‍ഷം കൊണ്ട് സര്‍വകലാശാലാ ബിരുദത്തിനൊപ്പം മതപരമായ ഉന്നതബിരുദവും നല്കുന്ന കോഴ്സാണിത്. 125 വിദ്യാര്‍ഥികള്‍ ഇവിടെ താമസിച്ചുപഠിക്കുന്നു. 35 വിദ്യാര്‍ഥികളുള്ള തഹ്ഫീബുല് ഖുര്‍ ആന്‍ കോളേജും ശംസുല്‍ ഉലമ പബ്ലിക് സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ ഖാസി ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായുള്ള അക്കാദമി പൂര്‍ണമായും ഉദാരമതികളുടെ സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. ആറേക്കര്‍ ഭൂമിയില്‍ മുഖ്യ കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സഅദാ കോളേജ് കൈമാറ്റമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ അക്കാദമി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, ജനറല്‍ സെക്രട്ടറി സി.പി. ഹാരിസ് ബാഖവി, മാനേജര്‍ എ.കെ. സുലൈമാന്‍മൗലവി, സഅദാ കോളേജ് പ്രസിഡന്റ് പി.എ. ആലിഹാജി, സെക്രട്ടറി എ.സി. പോക്കര് എന്നിവര്‍ പങ്കെടുത്തു.