അള്ളാഹുവിന്‌ നന്ദി ചെയ്യുന്നതാവണം പെരുന്നാള്‍ ആഘോഷം -കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍

മലപ്പുറം: സമാധാനത്തോടെയും സന്തോഷത്തോടെയും ഒരു റംസാന്‍കാലം ആരാധനകളില്‍ മുഴുകാന്‍ അനുഗ്രഹിച്ച അള്ളാഹുവിന്‌ നന്ദി ചെയ്യുന്നതാവണം വിശ്വാസികളുടെ പെരുന്നാളാഘോഷമെന്ന്‌ സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

പാരസ്‌പര്യത്തിന്റെ ഉന്നതതലംവരെ ഉയര്‍ന്ന റിലീഫുകളും, വിജ്ഞാന വ്യാപന സദസ്സുകളും കൊണ്ടലങ്കൃതമായ റംസാന്‍ നല്‍കിയ ഉള്‍വെളിച്ചം കെടാതെ സൂക്ഷിക്കണമെന്ന്‌ സമസ്‌ത ജനറല്‍ സെക്രട്ടറിയും സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പെരുന്നാള്‍ ആശംസയില്‍ ഉദ്‌ബോധിപ്പിച്ചു.

ആഹ്ല്‌ളാദം അതിരുവിടരുതെന്നും അള്ളാഹുവിന്റെ പൊരുത്തമാണ്‌ കാര്യമെന്നും സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ പറഞ്ഞു. മാനവസമൂഹത്തിന്റെ മമത്വം പ്രകടമാക്കിയ റംസാന്‍, വിശ്വാസികളില്‍ വളര്‍ത്തിയ സംസ്‌കൃതി വിലപ്പെട്ടതാണെന്ന്‌ സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. റംസാന്‍ നല്‍കിയ ആത്മീയ വിശുദ്ധി കളങ്കപ്പെടാതെ സൂക്ഷിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ സി.കെ.എം.സാദിഖ്‌ മുസ്‌ലിയാര്‍, സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ നദ്‌വി, സമസ്‌ത ട്രഷറര്‍ പി.പി.ഇബ്രാഹിം മുസ്‌ലിയാര്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍, സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, മുസ്‌ലിം എംപ്ലോയീസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. യു.വി.കെ.മുഹമ്മദ്‌, സെക്രട്ടറി ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, സുന്നി ബാലവേദി പ്രസിഡന്റ്‌ മുനവറലി ശിഹാബ്‌തങ്ങള്‍, സെക്രട്ടറി മിദ്‌ലാജ്‌ കിടങ്ങഴി എന്നിവരും പെരുന്നാള്‍ സന്ദേശം അറിയിച്ചു.

റംസാന്‍ വ്രതത്തിലൂടെ നേടിയ സഹനവും ആത്മശുദ്ധിയും കൂടുതല്‍ സത്‌കര്‍മങ്ങളിലേക്കും മനുഷ്യസ്‌നേഹത്തിലേക്കുമുള്ള പ്രയാണത്തിന്‌ പ്രചോദനമാകണമെന്ന്‌ മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.