റോഹിംഗ്യൻ കാരുണ്യ പദ്ധതി; SKSSF ന് വീണ്ടും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

ഹൈദരാബാദ് : ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ നടത്തപ്പെടുന്ന രണ്ട് ദിവസത്തെ ലോക അഭയാർത്ഥി ദിനാചരണത്തിൽ എസ്‌. കെ. എസ്. എസ്. എഫിന് പ്രത്യേക അംഗീകാരം. രണ്ടാം തവണയാണ് എസ്‌. കെ. എസ്. എസ്. എഫ് ഈ ബഹുമതിക്ക് അർഹത നേടുന്നത്. യു. എൻ. എച്. സി. ആറിന്റെയും സേവ് ദ ചിൽഡ്രൻ എന്ന സംഘടനയുടെയും ആഭിമുഖ്യത്തിൽ ഹൈദരാബാദിലെ ഗച്ചിബോളിയിൽ രണ്ട് ദിവസമായി നടന്ന അഭയാർത്ഥി ദിനാചരണ പരിപാടിയിലാണ് ഹൈദരാബാദിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സന്നദ്ധ സംഘടനകളെ അനുമോദിച്ചത്. രണ്ടു വർഷത്തോളമായി ക്യാമ്പിൽ എസ് കെ എസ് എസ് എഫ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. വളരെ ശോചനീയമായ അവസ്ഥയിൽ കഴിയുന്ന അഭയാർത്ഥി ക്യാമ്പുകളിൽ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ SKSSF ഫോർവേഡ് ഫൌണ്ടേഷനുമായി സഹകരിച്ച് നടത്തുന്നുണ്ട്. ഈയടുത്തായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുവേണ്ടി എജ്യു പവർ എന്ന ഒരു പുതിയ പദ്ധതിക്ക് സംഘടന തുടക്കം കുറിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്യുക, യാത്ര സൗകര്യംഏർപ്പെടുത്തുക, ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുക തുടങ്ങി വിവിധ പദ്ധതികളാണ് ഇതിന്റെ ഭാഗമായി ക്യാമ്പുകളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽനിന്നും മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ വിധവകൾക്ക് മാസാന്ത ധനസഹായം, ശുദ്ധ ജല പ്ലാന്റുകൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി കമ്മീഷന്റെ ഉന്നത ഉദ്യേഗസ്തർ പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ. മംത രഘുവീരിൽ നിന്നും എസ്. കെ. എസ്. എസ്. എഫ് ഹൈദരാബാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി നിസാം ഹുദവി ഉപഹാരം ഏറ്റുവാങ്ങി. സോണിക്കുട്ടി ജോർജ്, ശ്യാമള റാണി, പ്രൊഫ. ചന്ദ്രശേഖർ, മുഷ്താഖ് ഹുദവി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി. അഭയാർഥികളുടെ സാമൂഹിക ശാക്തീകരണത്തിനായി തുടർന്നും ക്രിയാത്മക പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.


ഫോട്ടോ: ഹൈദരാബാദിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ എസ് കെ എസ് എസ് എഫ് നടത്തി വരുന്ന കാരുണ്യ പദ്ധതിക്കുള്ള ഐക്യരാഷ്ട്രസഭയുടെ രണ്ടാമത് അംഗീകാരം യു എൻ എച്ച് സി ആർ സംഘടിപ്പിച്ച അഭയാർത്ഥി ദിനാചരണ പരിപാടിയിൽ വെച്ച് ഡോ. മംതാ രഘുവീരിൽ നിന്ന് എസ് കെ എസ് എസ് എഫ് ഹൈദരാബാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി നിസാം ഹുദവി ഏറ്റുവാങ്ങുന്നു.
- SKSSF STATE COMMITTEE