കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് ഉദ്ഘാടനം ചെയ്തു

കിഷൻഗഞ്ജ് (ബീഹാർ): ദാറുൽ ഹുദാ ഇസ് ലാമിക് സർവകലാശാലയുടെ പൂര്‍വവിദ്യാര്‍ഥി സംഘടന, ഹാദിയയുടെ സാമൂഹിക നവജാഗരണ സംരംഭമായ പ്രയാൺ ഫൗണ്ടേഷന്‍റെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനമായ കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് നിലവിൽ വന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ ബഹാഉദ്ധീൻ മുഹമ്മദ് നദ് വി മുഖ്യാതിഥിയായിരുന്നു.

വിദ്യഭ്യാസ, സാമൂഹിക ശാക്തീകരണ ലക്ഷ്യം മുൻ നിർത്തിയാണ് കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. വിശിഷ്യാ ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധയും പരിചരണവും കിട്ടാതെ പോകുന്ന കൗമാരക്കാരെ കണ്ടെത്തി എസ്. എസ്. എൽ. സി, പ്ലസ് ടു അടക്കം ഏഴു വർഷത്തെ കോഴ്‌സാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇന്റർവ്യൂവിൽ യോഗ്യത നേടിയവർക്ക് ട്യൂഷൻ ഫീയും ഭക്ഷണ താമസവും സൗജന്യമായി ലഭ്യമാക്കിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.

വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള മത ഭൗതീക സമന്വയ വിദ്യഭ്യാസം നൽകുന്നതിന്റെ കൂടെ ശാസ്ത്ര സാങ്കേതികതയും കലാ-കായിക ശേഷി പരിപോഷണവും സാധ്യമാക്കുന്നതാണ് പാഠ്യപദ്ധതി.

സമൂഹ നിർമ്മിതിയിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ പറ്റുന്ന നേതൃത്വത്തെ സൃഷ്ടിക്കുകയും അത് വഴി രാഷ്ട്രത്തിന് ഉത്തമ പൗരന്മാരേയും ഉണ്ടാക്കിയെടുക്കലാണ് പ്രധാന ലക്ഷ്യം. മദ്റസകൾക്ക് മാതൃക സിലബസ് നടപ്പിലാക്കി വിദ്യഭ്യാസ ശാക്തീകരണം സാധ്യമാക്കുന്ന ഇടപെടലുകൾ നടത്തിയാണ് സ്ഥാപനം മുന്നോട്ട് പോവുന്നത്. ചടങ്ങിൽ ദാറുൽ ഹുദാ മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി, സ്ഥാപന ഡയറക്ടർ ഡോ സുബൈർ ഹുദവി ചേകന്നൂർ, കിഷൻഗഞ്ജ് ജില്ലാ പഞ്ചായത്ത് മെമ്പർ സർവർ ആലം, സാമൂഹിക പ്രവർത്തകൻ അബ്സാർ ആലം സിദ്ധീഖി, സി. എസ്. ഇ വൈസ് ചെയർമാൻ സി. ടി അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ, ഹാദിയ നേതാക്കളായ ഓകെ സാലിം ഹുദവി, കെപി കബീർ ഹുദവി, പിടി ശറഫുദ്ദീൻ ഹുദവി, അബ്ദുൽ റഷീദ് ദമാം, ഇബ്രാഹിം സൂഫി ചെർക്കള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.- Darul Huda Islamic University