SKSSF കുടിനീർ കൂട്ടായ്മകൾ; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (തിങ്കൾ)
മലപ്പുറം : കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികൾ മുഖേന വിഖായ കുടിനീർ കൂട്ടായ്മകൾ ആരംഭിക്കുന്നു. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും മറ്റു പ്രവർത്തകരും ശുദ്ധജല വിതരണത്തിന് നേതൃത്വം നൽകും. ജലസ്രോതസ്സുകളിൽ നിന്ന് പൊതുജന പങ്കാളിത്തത്തോടെ വെള്ളം ശേഖരിച്ച് ആവശ്യമായ കുടുംബങ്ങൾക്ക് സൗജന്യമായി എത്തിച്ചു കൊടുക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. ഈ സേവന പ്രവർത്തനത്തിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വെള്ളം, വാഹനം, പമ്പ് സെറ്റ് മറ്റു അവശ്യസാധനങ്ങൾ സ്വീകരിച്ചും പദ്ധതി വിപുലമാക്കും. ശാഖാ തലങ്ങളിലെ സംഘടനാ പ്രവർത്തകരും വിഖായ ആക്ടീവ് അംഗങ്ങളും ശുദ്ധജല വിതരണത്തിന് സമയക്രമീകരണത്തിലൂടെ വേനൽ കാലത്തെ മുഴുവൻ ദിവസ സേവനം ലഭ്യമാക്കും.
പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച കാലത്ത് 10.30 ന് പെരിന്തൽമണ്ണ എറാംതോട് മദ്രസ്സപ്പടിയിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, ട്രഷറർ ഹബീബ് ഫൈസി കോട്ടോപ്പാടം, റശീദ് ഫൈസി വെള്ളായിക്കോട്, ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, ശമീർ ഫൈസി ഒടമല, വിഖായ സംസ്ഥാന ഭാരവാഹികളായ ജലീൽ ഫൈസി അരിമ്പ്ര, സലാം ഫറോഖ്, സൽമാൻ ഫൈസി തിരൂർക്കാട് തുടങ്ങിയവർ സംബന്ധിക്കും.
- SKSSF STATE COMMITTEE