- Samasthalayam Chelari
ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം അനിവാര്യമായ നടപടി: സമസ്ത
കോഴിക്കോട്: കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ ഭടന്മാരുടെ വാഹനവ്യൂഹനത്തിന് നേരെ നടത്തിയ നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദികള്‍ക്കുനേരെ ബാലാകോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം അനിവാര്യമായ നടപടിയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. രാജ്യരക്ഷക്കും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള നടപടിയാണ് ബാലാകോട്ടേ ആക്രമണം. രാജ്യത്തിന് വേണ്ടി ഇന്ത്യന്‍ഭരണകൂടവും സൈന്യവും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വപിന്തുണയും നല്‍കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. ഭീകരവാദവും തീവ്രവാദവും വര്‍ഗീയതയും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. കക്ഷി രാഷ്ട്രീയ ഭിന്നതകള്ക്കധീതമായി രാജ്യം ഒന്നിക്കേണ്ട സമയമാണിത്. തീവ്രവാദത്തിനെതിരെ എന്നും ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും. രാജ്യത്തിന്റെ അഖണ്ഡതയും പൈതൃകവും കാത്ത് സൂക്ഷിക്കാനും രാഷ്ട്രരക്ഷക്ക് വേണ്ടി യത്നിക്കാനും നാം പ്രതിജ്ഞാബദ്ധരാണ്. ലോകത്തെങ്ങുമുള്ള ഭീകരവാദികള്‍ക്കുള്ള കനത്ത താക്കീതാണ് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം. തീവ്രവാദികള്‍ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
- Samasthalayam Chelari
- Samasthalayam Chelari