സമസ്ത 'ദഅ്‌വത്തിനൊരു കൈത്താങ്ങ്'; മൂന്നാം ഘട്ട പദ്ധതിക്ക് അന്തിമ രൂപം നല്‍കി

ചേളാരി: മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കി വരുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനത്തിന് അന്തിമ രൂപം നല്‍കി. മാര്‍ച്ച് 22ന് വെള്ളിയാഴ്ചയാണ് ഫണ്ട് സമാഹരണം നടത്തുക. വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ച് ഫണ്ട് സമാഹരിക്കാത്ത പ്രദേശങ്ങള്‍ 24ന് ഞായറാഴ്ച മദ്‌റസകള്‍ കേന്ദ്രീകരിച്ചായിരിക്കും ഫണ്ട് ശേഖരിക്കുക. മാര്‍ച്ച് 17ന് ഞായറാഴ്ച മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികളും സംഘടനാ പ്രവര്‍ത്തകരും ഗൃഹസന്ദര്‍ശനം നടത്തി കത്തുകളും കവറുകളും വിതരണം ചെയ്യും. അതാത് മഹല്ല് കമ്മിറ്റികള്‍ സമാഹരിച്ച തുക മാര്‍ച്ച് 25ന് റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ച് സ്വീകരിക്കും. റെയ്ഞ്ച് കമ്മിറ്റികള്‍ സമാഹരിച്ച തുക നിശ്ചിത ദിവസങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ വെച്ച് സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും.

ചേളാരി സമസ്താലയത്തില്‍ നടന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.

മികച്ച മദ്‌റസകള്‍ക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡുകളും, കൈത്താങ്ങ് പദ്ധതി രണ്ടാം ഘട്ടം റെയഞ്ച് തലത്തില്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ച റെയഞ്ചുകള്‍ക്കുള്ള അവാര്‍ഡുകളും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വിതരണം ചെയ്തു. ചീക്കോട് ശിആറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി, ഉദുമ പടിഞ്ഞാറ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, പാറക്കടവ് ഇര്‍ശാദുസ്വിബ്‌യാന്‍ എന്നീ മദ്‌റസകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. കൈത്താങ്ങ് പദ്ധതി രണ്ടാം ഘട്ടം റെയഞ്ച് തലത്തില്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ച മലപ്പുറം, തുവ്വക്കുന്ന്, തൃക്കരിപ്പൂര്‍ എന്നീ റെയ്ഞ്ചുകളാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, എം.എം മുഹ്‌യദ്ദീന്‍ മൗലവി, ചെറുവാളൂര്‍ പി.എസ് ഹൈദ്രൂസ് മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, പി.കെ മുഹമ്മദ് ഹാജി, ബി.എസ്.കെ തങ്ങള്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും എം.എ ചേളാരി നന്ദിയും പറഞ്ഞു.


സമസ്ത കൈത്താങ്ങ് പദ്ധതി സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും മികച്ച മദ്‌റസകള്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു


- Samasthalayam Chelari