ചെമ്പരിക്ക ഖാസി കേസ്: പ്രതിഷേധത്തിന്റെ ആരവമുയര്‍ത്തി സമസ്ത പ്രക്ഷോഭ സമ്മേളനം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭ സമ്മേളനം ശക്തമായ താക്കീതായി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമരം ലക്ഷ്യം കാണുന്നത് വരെ വിട്ട് വീഴ്ചയില്ലാതെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി സമസ്തയും പോഷക ഘടകങ്ങളും കുടുംബവും നിരന്തര സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തിവരികയാണ്. ലോക്കല്‍ പോലീസ് മുതല്‍ സി. ബി. ഐ വരെ അന്വേഷണം നടത്തിയെങ്കിലും ഒന്‍പത് വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ നീതി ലഭിച്ചിട്ടില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സക്രെട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സമരപ്രഖ്യാപനം നടത്തി. മലയാളി മുസ് ലിംകളിലെ മഹാഭൂരിപക്ഷം അണി നിരന്ന ഒരു പ്രസ്ഥാനത്തിന്റെ സമുന്നതനായ പണ്ഡിതന്‍ ദാരുണമായി കൊല ചെയ്യപ്പെട്ടിട്ട് കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നത് നമ്മുടെ നിയമ സംവിധാനത്തിന് അപമാനകരമാണന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സമസ്തയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, യു എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍, എം എ ഖാസിം മുസ്‌ലിയാര്‍, മുക്കം ഉമര്‍ ഫൈസി, എം. എം മുഹ് യുദ്ദീന്‍ മുസ് ലിയാര്‍, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. എ. റഹ് മാന്‍ ഫൈസി, ആര്‍. വി കുട്ടി ഹസന്‍ ദാരിമി സംബന്ധിച്ചു. ഇടി മുഹമ്മദ് ബഷീര്‍ എംപി, എം കെ രാഘവന്‍ എംപി, എളമരം കരീം എം. പി, ഡോ. ഡി. സുരേന്ദ്രനാഥ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.





ഫോട്ടോ അടിക്കുറിപ്പ്: ചെമ്പരിക്ക ഖാസി കേസില്‍ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
- SKSSF STATE COMMITTEE