മതസൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത് ജലാലിയ്യ സമ്മേളനം

മുണ്ടക്കുളം: മതസൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത് ജലാലിയ്യ സമ്മേളനം. ശംസുല്‍ ഉലമാ കോംപ്ലക്‌സിന്റെ പരിസരത്ത് താമസിക്കുന്ന 50 ലധികം വരുന്ന ഹൈന്ദവ കുടുംബാംഗങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമത്തിലെത്തിയത് നവ്യാനുഭവമായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റും ജാമിഅഃ ജലാലിയ്യ പ്രിന്‍സിപ്പാളുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സന്ദേശത്തോടെ ചടങ്ങിന് തുടക്കം കുറിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഹൈന്ദവ കുടുംബങ്ങള്‍ക്ക് ക്വിറ്റ് നല്‍കി നേരെത്തെ സ്ഥാപനം മാതൃകയായിരുന്നു. എല്ലാമതങ്ങളും നന്മയാണ് വിഭാവനം ചെയ്യുന്നത്. ഇസ്ലാമും പ്രവാചകരും മുന്നോട്ട് വെച്ച മാനവ ഐക്യം അതുല്ല്യമാണ്. ഒരു ജൂതന്റെ മൃതശരീരം കൊണ്ടുപോകുമ്പോള്‍ എഴുന്നേറ്റ് നിന്ന തിരുനബിയോട് അതൊരു ജൂതനല്ലയോ എന്ന ചോദ്യത്തിന് അതൊരു മനുഷ്യനല്ലയോ എന്നായിരുന്നു തിരുനബിയുടെ മറുപടി. മതദര്‍ശനങ്ങള്‍ മുന്നോട്ടുവെച്ച നന്മയുടെ സന്ദേശങ്ങള്‍ ഉള്‍കൊള്ളാതെ എല്ലാമതങ്ങളിലുമുള്ള ചെറിയൊരു ന്യൂനപക്ഷം തീവ്രതയിലേക്കും ഭീകരതയിലേക്കും പോകുന്നുണ്ടെന്നും അത് തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ സന്ദേശത്തില്‍ പറഞ്ഞു. പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സൈനിക നടപടി അനിവാര്യ ഘട്ടത്തിലായിരുന്നു. ഭാരതത്തിന്റെ അഖണ്ഡതയും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാ മതങ്ങളും മുന്നിട്ടിറങ്ങണം സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. പി. ഉബൈദുള്ള എം. എല്‍. എ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. കെ പി ബാപ്പുഹാജി അധ്യക്ഷനായി. എ. പി ഉണ്ണികൃഷ്ണന്‍ മുഖ്യാഥതിയായിരുന്നു. എ. പി കുഞ്ഞാന്‍ മുതുപറമ്പ്, ഫാ. ജോസഫ് പരത്തുവയല്‍, ശ്യാം പ്രസാദ്, എ അബ്ദുല്‍ കരീം, കെ. എ സഗീര്‍, സുബ്രമണ്യന്‍, രത്‌നാകരന്‍ പി, ഹരീന്ദ്ര ബാബു സി, മുജീബ് പാണാളി, ഉണ്ണികൃഷ്ണന്‍ പണിക്കര്‍, ഹരിദാസന്‍, ശശീന്ദ്രന്‍, സുബ്രമണ്യന്‍ അയ്യം പറമ്പില്‍, മുനീര്‍ മാസ്റ്റര്‍, കബീര്‍ മുതുപറമ്പ് പങ്കെടുത്തു.



ഫാട്ടോ അടിക്കുറപ്പ്‌: മുണ്ടക്കുളം ജാമിഅ ജലാലിയ്യ സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി പ്രദേശത്തെ ഇതര മതസ്തരായ കുടുംബങ്ങള്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളോടൊപ്പം ജലാലിയ്യ നഗറില്‍ സംഗമിച്ചപ്പോള്‍

- SMIC MUNDAKKULAM