തിരൂരിലെ മൂന്നു SKSBV പ്രവർത്തകരുടെ മരണം; അവരുടെ കിനാവുകള്‍ക്ക് ഇനി ഒരു ഖബര്‍ ദൂരം മാത്രം

തിരൂര്‍: ഒരുമിച്ചു പഠിച്ചും കളിച്ചും കൈക്കോര്‍ത്ത് പിടിച്ചുറങ്ങിയും സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന ചെമ്പ്രയിലെ മൂന്ന് കുട്ടികള്‍ക്ക് ഇനി ഒരു ഖബര്‍ ദൂരത്തില്‍ വിശ്രമം. ഉമ്മയും ഉപ്പയും മനസ്സില്‍ കൊത്തിവച്ച മോഹങ്ങളെ അവര്‍ അവിടെക്കിടന്ന് കിനാവു കാണും. തിരൂര്‍ ഈസ്റ്റ് ചെമ്പ്രയിലെ ഇപ്പൂട്ടീങ്ങല്‍ കണ്ടനാത്ത് കടവ് പാലത്തിനു സമീപം വെള്ളക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട് ജീവന്‍പൊലിഞ്ഞ ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പ്പടി നടക്കാവില്‍ ഇസ്മാഈലിന്റെ മക്കളായ മുഹമ്മദ് റഈസുദ്ദീനും (14), മുഹമ്മദ് റമീസിനും (12), ഇസ്്മാഈലിന്റെ സഹോദരന്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ അജ്മലിനും(14) ചെമ്പ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനിന്റെ വടക്കു -കിഴക്ക് ഭാഗത്ത് ഖബറൊരുങ്ങിയത് കുട്ടികളുടെ ജീവിതം പോലെ ഒട്ടിച്ചേര്‍ന്നു തന്നെ. 
ഒരു ചുമര്‍ വ്യത്യാസത്തില്‍ കുട്ടികളെ ചേര്‍ത്തുകിടത്തി മൂടുകല്ല് വച്ച ശേഷം കാല്‍നൂറ്റാണ്ടു കാലമായി ഇവിടെ ഖബര്‍ വെട്ടുന്ന പൊട്ടാഞ്ചേരി മൊയ്തീനും മുഹമ്മദും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു: ജീവിതത്തില്‍ ഇതാദ്യമായാണ് മൂന്നുപേര്‍ക്ക് ഒരുമിച്ച് ഖബര്‍ വെട്ടുന്നത്.
മരണപ്പെട്ട റഈസുദ്ദീനും റമീസും അജ്മലും
കൂടിനിന്ന ആയിരങ്ങളെ കണ്ണീരണിയിച്ചാണ് റഈസുദ്ദീനും റമീസും അജ്മലും കണ്‍മറഞ്ഞത്. സഹപാഠികളും സഹപ്രവര്‍ത്തകരും നാട്ടുകാരും മൂന്നുകുട്ടികളുടെയും ഖബറിനു മുകളിലേക്ക് മൂന്നുപിടി മണ്ണു വാരിയിട്ടതിനു ശേഷം അതേ കൈകളോടെ കണ്ണുനീര്‍ തുടക്കുന്നതു കാണാമായിരുന്നു. എപ്പോഴും ഒരുമിച്ചായിരുന്നു ഈ മൂന്നുകുട്ടികളും. വീട്ടില്‍ വളര്‍ന്നതും സ്‌കൂളില്‍ പഠിച്ചതും പാടത്ത് കളിച്ചതും.  
 അവസാനം മരണം മാടിവിളിച്ച വെള്ളക്കെട്ടിലേക്ക് സൈക്കിള്‍ ചവിട്ടിപ്പോയതും ഒരുമിച്ചു തന്നെ. കൈപ്പിടിച്ചു കഥപറഞ്ഞു നടന്ന ചെമ്പ്ര എ.എം.യു.പി സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ഒന്നും മിണ്ടാതെ ആയിരങ്ങളുടെ കണ്ണുനനച്ച് അവര്‍ എല്ലാവരും കാണാനായി അല്‍പനേരം കിടന്നു.
റമീസും അജ്മലും കൂട്ടുകാർക്കൊപ്പം 
 പഠനത്തിനോടൊപ്പം തന്നെ  പാഠ്യേതര കാര്യങ്ങളില്‍ എന്നും മുന്നിലായിരുന്നു. നാടിനു പ്രിയപ്പെട്ടവര്‍. മുസ്‌ലിംലീഗ് കുടുംബത്തില്‍ ഇളംതലമുറയിലെ പ്രതീക്ഷകള്‍. ഇക്കഴിഞ്ഞ പെരുന്നാള്‍ തലേന്ന് ചെമ്പ്ര ഇര്‍ശാദുസ്സ്വിബ്‌യാന്‍ മദ്രസ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പാവങ്ങള്‍ക്കുള്ള പെരുന്നാള്‍കിറ്റ് വിതരണം ചെയ്തിരുന്നു അജ്മല്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി സജീവ പ്രചാരണത്തിലും മൂന്നു പേരും പങ്കാളികളായിരുന്നു.
സ്ലിപ്പ് വിതരണത്തിനും വോട്ടര്‍മാരെ സഹായിക്കാനും ഓടിനടന്ന ഇവര്‍ എസ്.ബി.വിക്കൊപ്പം  എം.എസ്.എഫിന്റെയും സജീവ പ്രവര്‍ത്തകരായിരുന്നു.
ചെമ്പ്ര എ.എം.യു.പി സ്‌കൂ ളില്‍ ഒരുമിച്ചായിരുന്നു മൂന്നു പേരും പഠിച്ചത്. റഈസുദ്ദീനും അജ്മലും രണ്ടുവര്‍ഷം മുമ്പ് ഹൈസ്‌കൂള്‍ പഠനത്തിനായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസില്‍ ചേര്‍ന്നു. റഈസുദ്ദീന്‍ ഒമ്പത് വൈ ക്ലാസിലും അജ്മല്‍ ഒമ്പത് എന്‍ ക്ലാസിലുമായിരുന്നു. റമീസ് ചെമ്പ്ര എ.എം.യു.പി സ്‌കൂ ളില്‍ ഏഴ് എ ക്ലാസിലെ വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച ഉച്ചക്ക് പിതൃസഹോദരന്‍ കാര്‍ കഴുകുന്നത് കാണാന്‍ പാടവും പുഴയും ഒന്നായിക്കിടക്കുന്ന ഈസ്റ്റ് ചെമ്പ്രയിലെ ഇപ്പൂട്ടീങ്ങല്‍ കണ്ടനാത്ത് കടവ് പാലത്തിനു സമീപമെത്തിയ കുട്ടികളെ വെള്ളക്കെട്ടിലെ അടിയൊഴുക്കാണ് മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നാടിനും കുടുംബത്തിനും വേണ്ടി ഒരു പാട് കിനാവുകള്‍ കണ്ട കണ്ണുകള്‍ ഇനി ഓര്‍മ മാത്രം. മരണത്തിലേക്കു ചവിട്ടിയടുത്ത സൈക്കിളും. - കടപ്പാട് :റവാസ് ആട്ടിരി(റിപ്പോർട്ടർ ചന്ദ്രിക).