മടവൂര്‍ സി.എം. മഖാം ഉറൂസ്; മത പ്രഭാഷണ പരമ്പരക്ക് തുടക്കമായി

മടവൂര്‍ • ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സി.എം. മഖാം ശരീഫിലെ ഉറൂസിനു തുടക്കമായി. ഉറൂസിന്റെ ഭാഗമായി മത പ്രഭാഷണ പരമ്പര കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. 
പ്രഥമ ദിനത്തിൽ സമസ്‌ത ട്രഷറര്‍ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തിനു ശേഷം സി.എം. കുഞ്ഞിമാഹിന്‍ മുസല്യാര്‍ കൊടി ഉയര്‍ത്തിയതോടെയാണ്‌ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന്‌ തുടക്കമായത്‌. ഇനിയുള്ള മൂന്നു ദിനരാത്രങ്ങളില്‍ വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹമായിരിക്കും. മതപ്രഭാഷണ പരമ്പര  കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. ഇ. അഹമ്മദ്‌കുട്ടി ഫൈസി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.എം. മുഹമ്മദ്‌, വി.സി. റിയാസ്‌ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്നലെ രാവിലെ നടന്ന അനുസ്‌മരണ സമ്മേളനം സമസ്‌ത ജന. സെക്രട്ടറി  സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ ഉദ്‌ഘാടനം ചെയ്തു.