വിശ്വാസ സാഗരമായി മടവൂര്‍ സി.എം. മഖാം

 മടവൂര്‍: അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് മുബാറക്ക് ആരംഭിച്ചതോടെ മടവൂര്‍ പ്രദേശം വിശ്വാസ സാഗരമായി. പ്രതികൂല കാലാവസ്ഥ വകവെക്കാതെ ആയിരങ്ങളാണ് ഇന്നലെ നടന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങിനെത്തിയത്. ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെ മഖാം ഗേറ്റിനടുത്തുനിന്ന് ദഫിന്റെ അകമ്പടിയോടെ മഖാം ശരീഫിലേക്ക് ആനയിക്കുകയായിരുന്നു. ഉച്ചക്ക് ജുമുഅ നമസ്‌കാരത്തിന് വിശാലമായ മസ്ജിദ് നിറഞ്ഞുകവിഞ്ഞു. നിരവധി പേര്‍ മഖാമിന്റെ മുറ്റത്തും മറ്റും നിന്നാണ് ജുമുഅ നിര്‍വ്വഹിച്ചത്.
വാഹനങ്ങളെയും ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അക്ഷരാര്‍ത്ഥത്തില്‍ മടവൂര്‍ വീര്‍പ്പുമുട്ടുകയായിരുന്നു. രാത്രി നടന്ന മതപ്രഭാഷണ പരിപാടിയും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കൊടി ഉയര്‍ത്തല്‍, മതപ്രഭാഷണം, ഓത്തിടല്‍, അനുസ്മരണ സമ്മേളനം, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികളാണ് ഉറൂസ് മുബാറക്കിന്റെ ഭാഗമായി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, എന്നിവര്‍ക്കു പുറമെ സമസ്ത പ്രസിഡണ്ട് കോയക്കുട്ടി മുസ്‌ല്യാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടങ്ങിയ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏതാണ്ടെല്ലാ നേതാക്കളും വിവിധ ചടങ്ങുകളിലായി ഉറൂസ് മുബാറക്കില്‍ സംബന്ധിക്കുന്നുണ്ട്.
വിശാലമായ സൗകര്യത്തോടെ നിര്‍മ്മിച്ച സി.എം. മഖാം വനിതാ യതീംഖാന കെട്ടിടോദ്ഘാടനവും ഉറൂസ് മുബാറക്കില്‍ നടക്കും. ഉദ്ഘാടത്തോടനുബന്ധിച്ച് ഞായറാഴ്ച മുതല്‍ യതീംഖാന കെട്ടിട സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഉറൂസ് മുബാറക്കില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വാഗതസംഘം ഒരുക്കിയിട്ടുള്ളത്.