1.60 ലക്ഷം നവാഗതര്‍ ഈവര്‍ഷം മദ്‌റസകളിലെത്തും

മദ്‌റസകള്‍ക്ക് മുമ്പില്‍ നവാഗതരെ വരവേല്‍ക്കുന്ന ബാനറുകള്‍ സ്ഥാപിക്കണം 
''മതം പഠിക്കൂ തമസ്സകറ്റൂ'' എന്നുകൂടി ആലേഖനം ചെയ്യണം
തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യയിലും പുറത്തുമുള്ള 9389 മദ്‌റസകളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 9212 മദ്‌റസകളില്‍ പുതുതായി ഈ അധ്യായന വര്‍ഷം 1.60 ലക്ഷം വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച പ്രവേശനം നേടും. അഞ്ച് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ. നവാഗതരെ വരവേല്‍ക്കാന്‍ മദ്‌റസകളില്‍ വിപുല ഒരുക്കങ്ങള്‍ ഏല്‍പ്പെടുത്തിയിരിക്കുന്നു. സമസ്ത കേരള സുന്നി ബാലവേദി മദ്‌റസാ യൂനിറ്റ് കമ്മിറ്റികളും, മദ്‌റസാ മാനേജ്‌മെന്റ് കമ്മിറ്റിയും, ഉസ്താദുമാരും കുരുന്നുകളെ സ്വീകരിക്കും. മധുരപലഹാരങ്ങളും, പ്രാര്‍ത്ഥനകളും കൊണ്ട് പാഠശാലകളില്‍ നവ്യാനുഭവമായിരിക്കും പുതുതായി എത്തുന്ന കുരുന്നുകള്‍ക്ക് അനുഭവപ്പെടുക. ''മതം പഠിക്കൂ തമസ്സകറ്റൂ'' എന്ന പ്രമേയത്തില്‍ സുന്നി ബാല വേദി വിപുല ക്യാമ്പയിന് രൂപം നല്‍കിയിട്ടുണ്ട്.
ധര്‍മ പാഠമഭ്യസിക്കാനുള്ള സന്താനങ്ങളുടെ സൗഭാഗ്യത്തില്‍ രക്ഷിതാക്കളും പങ്കാളികളാവും. മുന്‍വര്‍ഷം മുഫത്തിശുമാര്‍ എടുത്ത കണക്കുപ്രകാരം അരലക്ഷത്തിലധികം പഠിതാക്കള്‍ മലപ്പുറം ജില്ലയില്‍ മാത്രം മദ്‌റസയിലെത്തും. ഏറ്റവും കുറവ് കോട്ടയം ജില്ലയിലാകും (210). കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തോളം നവാഗതര്‍ പ്രവേശനം നേടും. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലും ജനറല്‍ കലണ്ടര്‍ പ്രകാരമാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. 
മദ്‌റസകള്‍ക്ക് മുമ്പില്‍ നവാഗതരെ വരവേല്‍ക്കുന്ന ബാനറുകള്‍ സ്ഥാപിക്കണം ''മതം പഠിക്കൂ തമസ്സകറ്റൂ'' എന്നുകൂടി ആലേഖനം ചെയ്യണം. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഖജാഞ്ചി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ എല്ലാ  സൗകര്യങ്ങളും ഏര്‍പ്പെടുത്താനും, പഠനപ്രായമായ മുഴുവന്‍ പഠിതാക്കളെയും മദ്‌റസകളിലെത്തിക്കുവാനും ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
- Samasthalayam Chelari