പ്രിസം കേഡറ്റ് സയ്യിദ് ജിഫ്രി തങ്ങൾ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

ചേളാരി: വിദ്യാർത്ഥി കാലം തൊട്ടേ കുട്ടികളിൽ ഉത്തരവാദിത്ത ബോധവും നേതൃപാടവവും പരിശീലിപ്പിക്കാൻ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ തുടക്കം കുറിച്ച 'പ്യൂപ്പിൾസ് റെസ്പോൺസീവ് ഇനീസിയെഷൻ ഫോർ സ്‌കിൽസ് ആൻഡ് മൊറെയ്ൽസ് (പ്രിസം) കേഡറ്റ്' യുണിറ്റുകള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ തിങ്കളാഴ്‌ച കാലത്ത് നാടിന് സമര്‍പ്പിക്കും. വെള്ള, വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ചു, ചുകപ്പ്, കറുപ്പ് എന്നിങ്ങനെ ഒമ്പതു നിറങ്ങൾ യഥാക്രമം ധാർമ്മിക മൂല്യം, സാമൂഹികം, ദേശീയം, മാനസികാരോഗ്യം, പാരിസ്ഥിതികം, ക്ഷേമ കാര്യം, നേതൃപാടവം, ശാരീരികാരോഗ്യം, സർഗാത്മകം എന്നീ ഒമ്പതു പ്രവർത്തന മേഖലകളാക്കി തിരിച്ചുള്ള പരിശീലന - സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് പ്രിസം കേഡറ്റിന് കീഴിൽ സംഘടിപ്പിക്കുക. ഓരോ വിദ്യാലയത്തിലും കെ. ജി, എൽ. പി, യു. പി, ഹൈ സ്‌കൂൾ എന്നീ നാല് തലങ്ങളിലായി വ്യത്യസ്ത യൂണിറ്റുകളിൽ ആൺകുട്ടികളും പെണ്കുട്ടികളുമടക്കം മുപ്പത്തിമൂന്നു വിദ്യാർത്ഥികളാണ് പ്രിസം കേഡറ്റുകളായി ഉണ്ടാകുക. സവിശേഷമായ യൂണിഫോമും ബാഡ്ജും ഗീതവും പതാകയും പ്രിസം കേഡറ്റുകൾക്കുണ്ടാകും. ഇവരെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തനങ്ങളെ കോർഡിനേറ്റു ചെയ്യുന്നതിനും പ്രത്യേകം ട്രെയിനിങ് ലഭിച്ച പ്രിസം മെൻറ്റർമാരും ഓരോ വിദ്യാലയത്തിലും ഉണ്ടാകും. വർഷത്തിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നില്ക്കുന്ന യൂണിറ്റ് തല സഹവാസ ക്യാമ്പുകൾക്കു പുറമെ മേഖല, സംസ്ഥാന തല ക്യാമ്പുകളും ഉണ്ടാകും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച യൂണിറ്റ്, കേഡറ്റ്‌, മെന്റര്‍, പാരന്റ് എന്നീ പുരസ്കാരങ്ങൾ സമ്മാനിക്കും.

കോഴിക്കോട് പരപ്പില്‍ സീ ഷോര്‍ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച നടക്കുന്ന പ്രിസം കേഡറ്റ് സമര്‍പ്പണ ചടങ്ങില്‍ അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഉസ്താദ് എം. ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദര്‍, പിണങ്ങോട് അബൂബക്കര്‍, കെ. എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെമോയിന്‍കുട്ടി. മുസ്ലിയാര്‍, യു. ഷാഫി ഹാജി ചെമ്മാട്, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടൂപാറ, സത്താർ പന്തല്ലൂർ, കെ. കെ. എസ് തങ്ങള്‍ വെട്ടിചിറ, എം. എ ചേളാരി, ഹാജി പി. കെ മുഹമ്മദ്, പി. വി. മുഹമ്മദ് മൗലവി എടപ്പാള്‍, അബ്ദുറഹീം ചുഴലി, പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍ എന്നിവര്‍ സംബന്ധിക്കും.
- ASMI KERALA