ദാറുല്‍ഹുദായും അങ്കാറ യൂനിവേഴ്‌സിറ്റിയും അക്കാദമിക സഹകരണത്തിനു ധാരണ

അങ്കാറ: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയും തുര്‍ക്കിയിലെ തലസ്ഥാന നഗരിയിലുള്ള അങ്കാറ യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി. അങ്കാറ യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ റെക്ടര്‍ ഡോ. എര്‍കാന്‍ ഇബിഷും ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പുവെച്ചു.

തുര്‍ക്കിയിലെ പ്രഥമ ഉന്നത വിദ്യാഭ്യാസ കലാലയമായ അങ്കാറ യൂനിവേഴ്‌സിറ്റി ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി കൈകോര്‍ക്കുന്നത്. അക്കാദമിക ധാരണപ്രകരാം അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റത്തിലും ഗവേഷണത്തിലും വിവിധ അക്കാദമിക പരിപാടികളിലും ഇരു സര്‍വകലാശാലകളും സഹകരിച്ചു പ്രവര്‍ത്തിക്കും.

ഇസ്ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ ഹുദാക്ക അംഗത്വമുണ്ട്. ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ, അല്‍ അസ്ഹര്‍ ഈജിപ്ത്, സൈത്തൂന ടുണീഷ്യ, സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബ്രൂണെ തുടങ്ങിയ ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമായി ദാറുല്‍ഹുദാ നിലവില്‍ സഹകരിക്കുന്നുണ്ട്.

എം.ഒ.യു ചടങ്ങില്‍ അങ്കാറ യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് റെക്ടര്‍ എര്‍കകാന്‍ ഇബിഷ്, പ്രോ ചാന്‍സലര്‍, ഐഹാന്‍ ഏല്‍മലി, ഡോ. ഇഹ്‌സാന്‍ കറാസുബാഷ്, ഡോ. ജമീല്‍ കുത്‌ലുതുര്‍ക്ക് തുടങ്ങിയവരും ദാറുല്‍ഹുദായെ പ്രതിനിധീകരിച്ച് തുര്‍ക്കിയിലെ ഹാദിയ പ്രതിനിധികളായ റാശിദ് ഹുദവി മാണിയൂര്‍, ഹനീഫ് ഹുദവി കാസറഗോഡ്, മുസ്ഥഫ ഹുദവി കാസറഗോഡ് എന്നിവരും സംബന്ധിച്ചു.

1. തുര്‍ക്കിയിലെ അങ്കാറ യൂനിവേഴ്സിറ്റിയുമായുള്ള അക്കാദമിക സഹകരണ ധാരണ പത്രത്തില്‍ ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഒപ്പുവെക്കുന്നു.

2. തുര്‍ക്കിയിലെ അങ്കാറ യൂനിവേഴ്സിറ്റിയുമായുള്ള എം.ഒ.യു ചടങ്ങില്‍ ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും അങ്കാറ യൂനിവേഴ്സിറ്റി പ്രതിനിധികളും
- Darul Huda Islamic University