സൈനുല്‍ ഉലമായുടെ ഫത് വാ രീതികളെ കുറിച്ച് നെതര്‍ലാന്‍ഡ്‌സില്‍ പ്രബന്ധാവതരണം

ആംസ്റ്റര്‍ഡാം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയും നിരവധി മഹല്ലുകളുടെ ഖാദിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറുമായിരുന്ന മര്‍ഹും സൈനുല്‍ ഉലമായുടെ ഫത്‌വാ രീതികളെ സംബന്ധിച്ച് നെതര്‍ലാന്‍ഡ്‌സിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ പ്രബന്ധാവതരണം. യൂറോപ്യന്‍ റിസേര്‍ച്ച് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോണ്‍ഫ്രന്‍സിലാണ് സമസ്തയുടെ മുന്‍കാര്യദര്‍ശിയുടെ ഫത് വാകളുടെ രീതിശാസ്ത്രം സംബന്ധിച്ച പ്രബന്ധാവതരണം നടന്നത്.

ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥിയും മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനുമായ സയ്യിദ് മുഹസിന്‍ ഹുദവി കുറുമ്പത്തൂരാണ് സൈനുല്‍ ഉലമായുടെ ഫത് വകളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത്. പൂര്‍വിക പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ ആധാരമാക്കി കാലിക വിഷയങ്ങളില്‍ എങ്ങനെ മതവിധി പറയാം എന്നതായിരുന്നു പ്രബന്ധത്തിന്റെ പ്രധാന ഉള്ളടക്കം.

ഇസ്‌ലാമിക കര്‍മശാസ്ത്ര വിഷയത്തില്‍ അഗ്രഗണ്യനായിരുന്ന സൈനുല്‍ഉലമായുടെ ഫത് വകളും നിലപാടുകളും ഏറെ ശ്രദ്ദേയമായിരുന്നു. സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളില്‍ സംഘടനങ്ങള്‍ക്കതീതമായി വിശ്വാസികള്‍ അദ്ദേഹത്തെയായിരുന്നു സമീപിക്കാറുണ്ടായിരുന്നത്. സൈനുല്‍ഉലമായുടെ നാമധേയത്തില്‍ ദാറുല്‍ഹുദായിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ഇന്ന് ഫത് വാ ആന്‍ഡ് റിസേര്‍ച്ച് കൗണ്‍സിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ആറു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് മുന്‍ ചെയര്‍മാനായ സയ്യിദ് മുഹ്‌സിന്‍ ഹുദവി മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്ത് കുറുമ്പത്തൂര്‍ സ്വദേശികളായ സയ്യിദ് അലവിക്കോയ തങ്ങള്‍-സയ്യിദത്ത് ഫാത്വിമ സുഹ്‌റ ദമ്പതികളുടെ മകനാണ്. ചാവക്കാട് സ്വദേശി ആതിഖയാണ് ഭാര്യ. സയ്യിദ് അബാന്‍ അഹ് മദ് ഏക മകനാണ്.

സയ്യിദ് മുഹ്സിന്‍ ഹുദവി കുറുമ്പത്തൂര്‍
- Darul Huda Islamic University