ചേളാരി: കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കു വിരുദ്ധമായി സ്‌കൂള്‍ സമയം മാറ്റുന്ന വിദ്യാലയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മദ്‌റസാ പഠനത്തെ ബാധിക്കുംവിധം ചില സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ നടന്ന പ്രക്ഷോഭം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്.
ഈ അധ്യായന വര്‍ഷം മുതല്‍ പരിഷ്‌കരിച്ച ടൈംടേബിളിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദ്യാലയ അധികൃതര്‍ക്കെതിരെ നടപടി കൈകൊള്ളാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്നും സ്‌കൂള്‍ യൂണിഫോമിന്റെ പേരില്‍ മതം അനുശാസിക്കുന്ന വസ്ത്രധാരണ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.
2015 ജൂലായ് 1 മുതല്‍ 31 വരെ മദ്‌റസാ ശാക്തീകരണ ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 29ന് രാവിലെ 10 മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മദ്‌റസാ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം നേടുന്ന മദ്‌റസകള്‍ക്കും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, കാളമ്പാടി എ.മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ സ്മരണക്കായി അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
ഡോ: എന്‍.എ.എം. അബ്ദുല്‍ഖാദര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.പി.കോയ, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, കെ.എച്ച്.കോട്ടപ്പുഴ, എം.എ.ഖാദര്‍, സി.എ.എം.ബഷീര്‍ ഹാജി, കെ.സെയ്തുട്ടി ഹാജി, ടി.എ.അബൂബക്കര്‍ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും, സെക്രട്ടറി പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari