ബീവി ഹാജറയെ ഓര്‍മിപ്പിക്കുന്ന ഹജ്ജ്

ലോക മുസ്‌ലിം പ്രതിനിധികള്‍ അറഫയില്‍ സമ്മേളിക്കുന്ന ദിവസമാണ് അറഫാ ദിനം. പരലോകത്തെ വിചാരണ നിലയത്തില്‍ (മഹ്ശറ) ഒത്തുകൂടുന്ന ജനകോടികളുടെ പ്രതീകാത്മകത ഇവിടെ ദൃശ്യമാവുന്നു. പണക്കാരനും പണിക്കാരനും ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും ഫഖീറും മനുഷ്യന്‍ ഉണ്ടാക്കിയ വൈവിധ്യത്തിന്റെ മതില്‍ക്കെട്ടുകള്‍ മാറ്റിനിര്‍ത്തി അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് കണ്ണും കൈയും ഉയര്‍ത്തുന്നു. മരണത്തിന്റെയും മഹ്ശറയുടെയും ചരിത്രം മനസില്‍ രോമാഞ്ചമണിയിക്കുന്ന രംഗമാണ് അറഫ: ''അറഫയാണ് ഹജ്ജ്.'' ചരിത്രം പതയുന്ന അറഫാ താഴ്‌വര വിശ്വാസികളുടെ മഹാസംഗമ ഭൂമിയായി മാറുന്നു. എളിമയുടെ സമൂര്‍ത്തമായ ആവിഷ്‌കാരം.
ഈ മഹിതമായ സംഗമത്തിലെത്തുന്ന അനേകലക്ഷം തീര്‍ത്ഥാടകരുടെ മനസുകളില്‍ ഒട്ടേറെ അവിസ്മരണീയ സംഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ഹാജറബീവി. മക്കാ പട്ടണത്തിന്റെ ശില്‍പികളിലൊരാളാണ് അവര്‍. അവരുടെ സംഭവബഹുലമായ ജീവിതം ഓര്‍മയില്‍ പേറിക്കൊണ്ടാണ് ഹാജിമാര്‍ സഫാ മര്‍വ്വക്കിടയില്‍ പ്രയാണം (സഅ്‌യ്) നടത്തുന്നത്. നാല്‍പത് നൂറ്റാണ്ട് മുമ്പ് ജീവിച്ച കോപ്റ്റിക് വംശജയായ ഹാജറ എന്ന വനിതയെ പാശ്ചാത്യരും പൗരസ്ത്യരും അനുകരിക്കുന്നതാണ് ''സഅ്‌യ്''. ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങളില്‍ പ്രധാനപ്പെട്ടതാണിത്.
ഹാജറ ബീവി ഹാജിമാരുടെ മാതാവാണ്. തപോഗ്രമായ മക്കയില്‍തന്നെയും ചോരപ്പൈതലിനെയും വിട്ടേച്ചുകൊണ്ട് ഇബ്രാഹിംനബി മടങ്ങുമ്പോള്‍ ഹാജറ ചോദിച്ചു: ''ജലശൂന്യമായ ഈ വിജന ഭൂമിയില്‍ ആരെ ഏല്‍പിച്ചാണ് അങ്ങ് പോകുന്നത്? മൗനമായിരുന്നു മറുപടി. ''അല്ല. അല്ലാഹുവിന്റെ കല്‍പ്പനയാണോ ഇത്?'' ''അതെ ഹാജറാ!! അതിനപ്പുറം വായിക്കാന്‍ ഞാന്‍ അശക്തനാണ്.'' ഭര്‍ത്താവിന്റെ മറുപടിയായിരുന്നു അത്. ''നിങ്ങള്‍ക്ക് പോകാം. നിശ്ചയം അല്ലാഹു ഞങ്ങളെ സംരക്ഷിക്കും.'' ഇതായിരുന്നു ഹാജറയുടെ സുദൃഡതയുള്ള മറുപടി. ചോരപ്പൈതല്‍ ഇസ്മാഈലിന്റെ ദാഹശമനത്തിന്നു ജീവജലം അന്വേഷിച്ചു സഫാ മലയിലേക്ക് അവര്‍ ഓടി. വെള്ളം കിട്ടാതിരുന്നപ്പോള്‍ മര്‍വ്വയിലേക്കും ഓടി. ഈ ഓര്‍മ പുതുക്കാന്‍ ജനകോടികളാണ് കൊല്ലംതോറും സഫാ മര്‍വ്വക്കിടയില്‍ പ്രയാണം നടത്തുന്നത്. ഇസ്മാഈലിന്റെ പാദത്തിന്‍ചുവട്ടില്‍ നിന്ന് സംസം പൊട്ടിയൊഴുകി. അത് കുഞ്ഞിനും മാതാവിനും ദാഹജലവും ലോകത്തിന്നു തീര്‍ത്ഥജലവുമാണ്.


പ്രവാചകന്‍ ഹജ്ജിന് വന്നപ്പോള്‍ കിണറ്റിനരികെ ചെന്നു. നിലക്കാത്ത ആ നീരുറവയിലേക്ക് നോക്കി. ഇങ്ങനെ പറഞ്ഞു: ''ഇസ്മാഈലിന്റെ മാതാവിന്നു അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. ഹാജറ സംസം എന്ന് പറയാതിരുന്നെങ്കില്‍ മക്കയിലൂടെ ഒഴുകുന്ന ജലാശയമായി മാറുമായിരുന്നു ആ ജലധാര.''


ജനകോടികളുടെ ഭക്തിവികാരവുമായി ബന്ധിച്ചു കിടക്കുന്ന മറ്റൊരു വനിതയും ഹാജറയെപ്പോലെ ലോകത്തിലില്ല. അവര്‍ സുന്ദരിയോ ധനാഢ്യയോ അല്ല. ഹ: ഇബ്രാഹിം നബിയുടെ ആദ്യ ഭാര്യയായ സാറയുടെ വേലക്കാരി. കോപ്റ്റിക്ക് വംശജയായ വനിത. പ്രസവിക്കാതിരുന്ന സാറയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഹാജറയെ വിവാഹം ചെയ്തത്. മക്കാ നഗരത്തിന്റെ നിര്‍മാണത്തിന്ന് ഈ ദമ്പതിമാരുടെ പങ്ക് ചെറുതൊന്നുമല്ല. ഇത് ചരിത്രത്തില്‍ ഒളിമങ്ങാതെ കിടക്കുന്നു.


ഹജ്ജ് നബി (സ) യുടെ കാലം മുതല്‍ നടപ്പായ ആചാരമല്ല. അതിപുരാതന കാലം മുതല്‍ ഹജ്ജുണ്ടായിരുന്നു. ആദ്യ മനുഷ്യനും ഒന്നാമത്തെ പ്രവാചകനുമായ ഹ: ആദം നബി (അ) ഇന്ത്യയില്‍നിന്ന് നാല്‍പത് തവണ ഹജ്ജ് തീര്‍ത്ഥാടനം നടത്തിയിട്ടുണ്ടെന്ന് ചരിത്രകാരനായ ത്വബ്‌രി രേഖപ്പെടുത്തിയിരിക്കുന്നു. ആഗോള മുസ്‌ലിംകള്‍ക്ക് എക്കാലവും കൊല്ലത്തിലൊരിക്കല്‍ സമ്മേളിക്കാനുള്ള പട്ടണമാണ് മക്കാനഗരം. ഗ്രാമങ്ങളുടെ മാതാവ് (ഉമ്മുല്‍ഖുറാ) എന്നാണ് ഈ നഗരത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.


സെമിറ്റിക് വിഭാഗത്തിന്റെ പുരാതന കേന്ദ്രം അറേബ്യയായിരുന്നു. മനുഷ്യ ചരിത്രത്തിന്റെ തുടക്കം കുറിച്ചത് അറേബ്യയില്‍നിന്നുതന്നെ. അവിടെയാണ് വിശുദ്ധ കഅ്ബാ ശരീഫ് എന്ന അതിപുരാതന ദേവാലയം. അതിനെ ഏഴു തവണ ചുറ്റുന്നതിനാണ് ത്വവാഫ് എന്ന് പറയുക. ഹജ്ജിലും ഉംറയിലും പ്രധാന ആരാധനയാണിത്. കഅ്ബയുടെ വടക്കുഭാഗത്തുള്ള അര്‍ധവൃത്താകൃതിയിലുള്ള ഒരു കൊച്ചു മതിലിന്റെ പുറത്തുകൂടിയാണ് ത്വവാഫ് ചെയ്യുന്നത്. ഈ സ്ഥലത്തിന് ഹിജറു ഇസ്മാഈല്‍ (ഇസ്മാഈലിന്റെ മടിത്തട്ട്) എന്നാണ് പേര്. ഹാജറ ഇസ്മാഈലിനെയുമായി ഇവിടെ ഒരു കൊച്ചു കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെയെത്തുമ്പോള്‍ ഹാജറയെയും ചോരപൈതലിനെയും ഓര്‍ക്കാതെ കഅ്ബയെ പരിക്രമണം ചെയ്യാന്‍ സാധിക്കില്ല.


ദുല്‍ഹജ്ജ് പത്തിനു മിനായിലെത്തുമ്പോള്‍ ആ മണല്‍ത്തരികള്‍ക്കും ഹാജറയുടെ കഥ കേള്‍പ്പിക്കാനുണ്ട്. പിതാവ് മകനെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോകുന്നതും മാതാവായ ഹാജറ സഹനത്തോടെ യാത്രയയക്കുന്നതുമായ ത്യാഗത്തിന്റെ സുരഭില സന്ദേശം.
നബി (സ) പറയുന്നു. ''പരിശുദ്ധ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗം മാത്രമാണ്.'' (ബു). സാമ്പത്തികവും ശാരീരികവുമായ സമ്പന്നതയുള്ളവര്‍ക്കെല്ലാം യാത്ര തടസമില്ലെങ്കില്‍ ജീവിതത്തില്‍ ഒരു തവണ ഹജ്ജ് നിര്‍ബന്ധമാണ്. അടിമത്വത്തെ പ്രകടമാക്കലും അനുഗ്രഹങ്ങള്‍ക്കുള്ള കൃതജ്ഞതയും ഹജ്ജില്‍ സമ്മേളിച്ചിട്ടുണ്ട്.


അടിമ ഉടമയുടെ ഭവനത്തില്‍ വരുന്നു. ചുറ്റാന്‍ പറഞ്ഞേടത്ത് ചുറ്റുന്നു. ഓടാന്‍ പറഞ്ഞേടത്ത് ഓടുന്നു. ചിലപ്പോള്‍ നടക്കാനായിരിക്കും. മറ്റുചിലപ്പോള്‍ എറിയാന്‍. മരുഭൂമിയില്‍ രാപ്പാര്‍ക്കാന്‍. എല്ലാം നിര്‍മ്മല ഹൃദയത്തോടെ അനുസരിക്കുന്നു. വളരെ ദൂരത്തുള്ള ഈ മരുഭൂമിയില്‍ വന്ന് ചരിത്രം കഥപറയുന്ന മണല്‍ത്തരികള്‍ക്കിടയില്‍ പരമമായ വിധേയത്വത്തിന്റെ ആത്മീയ സൗധം കെട്ടിപ്പടുക്കുന്ന വിശ്വാസി എന്തുമാത്രം ആത്മീയ നിര്‍വൃതിയുമായാണ് മടങ്ങുക.


ഹ: ഇബ്രാഹിം നബി (അ) നടപ്പില്‍ വരുത്തിയ തീര്‍ത്ഥാടനത്തിന്റെ രൂപത്തിലും ഭാവത്തിലും പില്‍ക്കാലത്തുള്ളവര്‍ കൈയിട്ട് കളങ്കപ്പെടുത്തി. സങ്കല്‍പ പ്രതിമകളും പ്രതിഷ്ഠകളുംകൊണ്ട് കഅ്ബ നിറഞ്ഞു. ഹ: മുഹമ്മദ് നബി (സ) യുടെ കാലത്ത് മക്കാ വിജയത്തോടെ ഹജ്ജിന്റെ പരിശുദ്ധി വീണ്ടെടുക്കാന്‍ സാധിച്ചു. അവിടുന്ന് പ്രതിഷ്ഠകളെല്ലാം എടുത്തുമാറ്റി. കഅ്ബയുടെ പവിത്രത നിലനിര്‍ത്തി. ലോകാവസാനംവരെ തൗഹീദിന്റെ പ്രോജ്ജ്വലിപ്പിക്കുന്ന കേന്ദ്രമായി അത് നിലനില്‍ക്കുകയും ചെയ്യും. ഹ: ഇബ്രാഹീം നബി (അ), ഭാര്യ ഹാജറ പുത്രന്‍ ഇസ്മാഈല്‍ തുടങ്ങിയവരുടെ ത്യാഗസുരഭിലമായ ജീവിതം ഓര്‍മിപ്പിക്കുന്ന കര്‍മരൂപങ്ങളോടെ ഹജ്ജ് കര്‍മത്തിന് അല്ലാഹു അന്തിമരൂപം നല്‍കി. അന്ത്യ പ്രവാചകന്‍ അത് നടപ്പാക്കുകയും ചെയ്തു.


ഹജ്ജില്‍ അനിവാര്യമായും വേണ്ടത് ഭക്തിയാണ് (തഖ്‌വ). വിനയവും വിധേയത്വവും മനസ്സറിഞ്ഞുകൊണ്ടുള്ള പ്രാര്‍ത്ഥനകളും ആ കര്‍മങ്ങള്‍ക്ക് നിത്യചൈതന്യം പകര്‍ന്നുതരും. തുടിക്കുന്ന ഹൃദയവും ഒലിക്കുന്ന കണ്ണീരും ഹജ്ജിന്റെ എല്ലാ കര്‍മങ്ങളിലും ഉണ്ടാവേണ്ടതാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യുന്ന നേരങ്ങളും സ്ഥലങ്ങളും ഉപയോഗപ്പെടുത്താന്‍ മറന്നുകൂടാ. സംസം കിണറിന് സമീപം, കഅ്ബാ ശരീഫിന്റെ പാത്തിയുടെ താഴ്ഭാഗം, മഖാമു ഇബ്രാഹീം, ഹജറു അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലം, (മുല്‍തസം) ഹിജറുല്‍ ഇസ്മാഈല്‍, സഫാ മര്‍വാ, ത്വവാഫ്, അറഫ, മിന, റൗളാശരീഫ് തുടങ്ങിയ സ്ഥലങ്ങള്‍ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്ന സ്ഥലങ്ങളാണെന്ന് ഹദീസില്‍ പ്രസ്താവിച്ചിട്ടുണ്ട്.


അളവറ്റ അനുഗ്രഹങ്ങള്‍ അവന്റെ അടിമകളിലേക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുന്ന സുദിനമാണ് അറഫ. ഈ ദിനത്തേക്കാള്‍ നരകമോചനം ലഭിക്കുന്ന മറ്റൊരു ദിനമില്ലെന്ന് നബി (സ) പ്രസ്താവിച്ചിട്ടുണ്ട്. ''മലക്കുകളെ!! ജഡമുടിയും പൊടിപുരണ്ട ശരീരവുമായി ഇവിടെ സമ്മേളിച്ച എന്റെ അടിമകളെ നിങ്ങളൊന്ന് നോക്കൂ. എത്ര ദൂരത്തുനിന്നാണവര്‍ എത്തിയിട്ടുള്ളത്. എന്റെ പൊരുത്തം മാത്രമാണ് അവരുടെ ലക്ഷ്യം. എന്റെ ശിക്ഷയെ അവര്‍ നേരില്‍ കണ്ടിട്ടില്ല. എന്നിട്ടും അവരതിനെ ഭയപ്പെടുന്നു.'' അല്ലാഹു മലക്കുകളോട് അറഫദിനം പറയുന്ന രംഗമാണ് പ്രവാചകന്‍ പ്രസ്താവിക്കുന്നത്.


അറഫയില്‍ പങ്കെടുക്കാത്ത ലോക മുസ്‌ലിംകള്‍ക്ക് അന്ന് നോമ്പനുഷ്ഠിക്കുന്നത് സുന്നത്താകുന്നു. ഈ നോമ്പ് പതിവാക്കുന്നവര്‍ ദീര്‍ഘായുസ്സുള്ളവരായിരിക്കുമെന്ന് ഹ: ഇബ്‌നു അബ്ബാസ് (റ) ഹദീസിന്റെ സൂചനയില്‍നിന്നും പ്രസ്താവിക്കുന്നു. പ്രവാചകന്റെ ചരിത്രപ്രധാനമായ വിടവാങ്ങല്‍ പ്രസംഗം നടന്നത് അറഫാ ദിനത്തിലാണ്. മാനവ ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അത്. ഫ്രഞ്ച് വിപ്ലവത്തിന്റെ മുന്നോടിയായി സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ ആശയങ്ങള്‍ യൂറോപ്പിലെത്തുന്നതിന്ന് ശതാബ്ദങ്ങള്‍ക്ക് മുമ്പായിരുന്നു ഈ പ്രഖ്യാപനം. അന്ന് ഐക്യരാഷ്ട്രസഭ ജന്മമെടുത്തിട്ടുണ്ടായിരുന്നില്ല. വര്‍ണ്ണ വിവേചനവും സകല ചേരിതിരിവുകളും പ്രവാചകന്‍ പച്ചയായ ഭാഷയില്‍ മിഥ്യയാണെന്ന് ലോകത്തോട് പ്രഖ്യാപിച്ചു.
- സെയ്തു മുഹമ്മദ് നിസാമി(അവ.ചന്ദ്രിക)