മമ്പുറം നേര്‍ച്ചക്ക് ഇന്ന് കൊടിയേറും

മലപ്പുറം : മലബാര്‍ മുസ്‌ലിംകളുടെ ആത്മീയാചാര്യനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി (ഖ.സി) തങ്ങളുടെ 176-ാമത് ആണ്ടു നേര്‍ച്ചക്ക് ഇന്ന് മമ്പുറം മഖാമില്‍ തുടക്കമാകും. 

വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന കൂട്ടസിയാറത്തിന് സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടിയുയര്‍ത്തും. മമ്പുറം ഖതീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഖാം ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള പതിനാറാമത് നേര്‍ച്ചയാണ് ഈ വര്‍ഷം നടക്കുന്നത്.

നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത, പോരാട്ടം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. 26 മുതല്‍ 31 വരെ ളുഹ്‌റിന് ശേഷം പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ മഖാമില്‍ മൗലിദ്- ദുആ സദസ്സുകള്‍ നടക്കും. 30ന് വ്യാഴാഴ്ച നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 

27, 28,29 തീയതികളില്‍ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം പ്രഗത്ഭ പണ്ഡിതരുടെ പ്രഭാഷണങ്ങളും നടക്കും. 31 ന് വെള്ളിയാഴ്ച നടക്കുന്ന ദിക്‌റ്- ദുആ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആധ്യക്ഷ്യം വഹിക്കും. ദിക്‌റ് ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരും നിരവധി സൂഫീ വര്യരും സദസ്സില്‍ പങ്കെടുക്കും. 

നവംബര്‍ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടുമണിയോടെ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദൂആ സദസ്സോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നേര്‍ച്ചക്ക് കൊടിയിറങ്ങും.
- Darul Huda Islamic University