പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ബലിപെരുന്നാൾ സന്ദേശം

നന്മ നിറഞ്ഞ സമൂഹ സൃഷ്ടിക്ക് ത്യാഗസന്നദ്ധത അനിവാര്യം
മലപ്പുറം: ത്യാഗസന്നദ്ധതയുള്ള ജനതക്ക് മാത്രമേ നന്മ നിറഞ്ഞ ഭാവി സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ അസ്ഹാ സന്ദേശത്തില്‍ പറഞ്ഞു. ഏതു കാലത്തും സമൂഹത്തിലും ജന്മനാടിന്റെയും വിശ്വാസപ്രമാണത്തിന്റെയും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. അനീതികളോട് പൊരുത്തപ്പെടാതെ, സമൂഹത്തിലെ ജീര്‍ണതകള്‍ക്കും തിന്മകള്‍ക്കുമെതിരായ നിരന്തര പോരാട്ടത്തിലേര്‍പ്പെടാന്‍ ഈ സുദിനം പ്രചോദനമാവണം. മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടതു തന്നെ ആദര്‍ശപാതയില്‍ ത്യജിക്കാനുള്ള സന്നദ്ധതയാണ് ബലിപെരുന്നാള്‍.
ആഡംബര ജീവിതത്തിനും വിവാഹ ധൂര്‍ത്തിനും ലഹരിക്കുമെതിരായി സമൂഹത്തില്‍ ഉളവായ ജാഗ്രതക്ക് പിന്‍ബലമേകാന്‍ ഈ ദിനത്തില്‍ പ്രതിജ്ഞ ചെയ്യണം. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക ബാധ്യത നിറവേറ്റണം. ശാന്തിയും സമാധാനവും നിലനിര്‍ത്തണം. മനുഷ്യര്‍ തമ്മില്‍ നന്മയില്‍ ഊന്നിയ സഹവര്‍ത്തിത്വം സാധ്യമാകണം. മാനവികതയുടെ പ്രചാരകരാവാന്‍ ഓരോ വ്യക്തിയും മുന്നോട്ടു വരണം. ദാരിദ്ര്യവും നിരക്ഷരതയും അകറ്റാനുള്ള തീവ്രശ്രമങ്ങളില്‍ ഏര്‍പ്പെടണം. പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരാകാതെ, വര്‍ഗീയ-തീവ്രവാദ ചിന്തകള്‍ക്കെതിരെ കരുതിയിരിക്കുന്ന ഉത്തമ വിശ്വാസിയാകാന്‍ സാധിക്കണം.
ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് ദൈവപ്രീതിക്കായി സമര്‍പ്പിച്ച ഇബ്രാഹിം (അ)ന്റെ
ചരിത്രമാണ് ബലിപെരുന്നാള്‍ ഓര്‍മിപ്പിക്കുന്നത്. ലോകത്ത് കഷ്ടപ്പാടുകളും പട്ടിണിയും അനുഭവിക്കുന്നവരെ മറന്നുകൊണ്ടാവരുത് നമ്മുടെ ആഘോഷങ്ങള്‍. കിടപ്പാടമില്ലാത്തവര്‍ക്കും അന്നംകിട്ടാത്തവര്‍ക്കും നേര്‍ക്കു സഹായഹസ്തങ്ങള്‍ നീണ്ടു ചെല്ലണം. പരിശുദ്ധ ഹജ്ജിന്റെ അനുബന്ധമാണ് ബലിപെരുന്നാള്‍. പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം അറഫാ സംഗമത്തില്‍ പ്രവാചക തിരുമേനി മുഹമ്മദ് (സ) നടത്തിയ ലോകത്തെ ആദ്യ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഓര്‍മപ്പെടുത്തലാണിത്.

പരസ്പരം മാനിക്കാനും രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കാനും മനുഷ്യത്വം സംരക്ഷിക്കുന്നതിനുമുള്ള ആഹ്വാനമാണത്. സ്ത്രീകള്‍ക്ക് ആദരവ് നല്‍കാനുള്ള കല്‍പനയാണത്. എല്ലാ കാലുഷ്യത്തിന്റെയും പകയുടെയും വഞ്ചനയുടെയും ചൂഷണത്തിന്റെയും അന്ത്യം കുറിച്ച പ്രഖ്യാപനമായിരുന്നു അത്. ആ ഓര്‍മ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകണം. മാനവ സ്‌നേഹത്തിന്റെ പാതയില്‍ ത്യാഗസന്നദ്ധതയോടെ മുന്നോട്ടു പോകാനുള്ള ദൃഢപ്രതിജ്ഞ ചെയ്യുക. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.