മമ്പുറം ആണ്ടു നേര്‍ച്ചക്ക് 25 ന് തുടക്കമാവും

തിരൂരങ്ങാടി : ജാതി മത ഭേദമന്യെ കേരള ജനതയുടെ അമരക്കാരനും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഊര്‍ജ്ജവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല (ഖ.സി) തങ്ങളുടെ 176ാമത് ആണ്ടുനേര്‍ച്ചക്ക് 25ന് മമ്പുറം മഖാമില്‍ തുടക്കമാവും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന തെന്നിന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ശരീഫില്‍ നേര്‍ച്ചയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത ശേഷമുള്ള 16ാമത് ആണ്ടു നേര്‍ച്ചയാണിത്. 25 ന് ശനിയാഴ്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍  നടക്കുന്ന കൂട്ടസിയാറത്തിന് ശേഷം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെയാണ്  ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവുക. ദിനേന ആയിരക്കണക്കിന് തീര്‍ത്ഥാടകെരെത്തുന്ന  മമ്പുറം മഖാമിന്റെ രാപ്പകലുകള്‍ ഇനി ഭക്തജനങ്ങളാല്‍ നിബിഡമാവും.
26 വൈകീട്ട് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി  ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിക്കും. ചടങ്ങഇല്‍ മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത, പോരാട്ടം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യും. 
26,27,28,29 തിയ്യതികളില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം വിവിധ പണ്ഡിതരുടെ മത പ്രഭാഷണങ്ങള്‍ അരങ്ങേറും. 26,27,28,29,30,31 തിയ്യതികളില്‍ ളുഹ്‌റ് നമസ്‌കാരാനന്തരം മഖാമില്‍ മൗലിദ് ദുആ മജ്‌ലിസ് നടക്കും. 30 ന് വ്യാഴാഴ്ച മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 31 ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കും. നേര്‍ച്ചക്ക് സമപാനം കുറിച്ച് നവംബര്‍ 1 ശനിയാഴ്ച രാവിലെ  മുതല്‍ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  അന്നദാനത്തിനായി ഒരു ലക്ഷം നെയ്‌ചോര്‍ പാക്കറ്റുകള്‍ തയ്യാറാക്കുമെന്നും ഭാരവാഹികള്‍  പറഞ്ഞു. 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ : 1. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, 2. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, 3. യു.ശാഫി ഹാജി ചെമ്മാട്, 4. കെ.പി. ശംസുദ്ധീന്‍ ഹാജി വെളിമുക്ക്
- Darul Huda Islamic University