അബ്ദുല്‍ ഫത്താഹ് അന്തരിച്ചു

കാസര്‍കോട് ജില്ലയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒമാന്‍ പൗരപ്രമുഖന്‍ അബ്ദുല്‍ ഫത്താഹ് അന്തരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒമാന്‍ കസബിലെ പൗരപ്രമുഖന്‍ അബ്ദുല്‍ ഫത്താഹ് മുഹമ്മദ് നൂര്‍ (45) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഹൃദയാഘാതത്തെ ത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ഒമാനിലെ അറിയപ്പെടുന്ന ബിസിനസുകാരനായ അബ്ദുല്‍ ഫത്താഹ് കാസര്‍കോട് ജില്ലയിലെ നിരവധി പേരുടെ സ്‌പോണ്‍സര്‍ കൂടിയാണ്. ഒമാന്‍ കസബിലെ മുഹമ്മദ് നൂര്‍ ഹസന്റെ മകനാണ്. ജില്ലയില്‍ നിരവധി തവണ സന്ദര്‍ശനത്തിനെത്തിയ അബ്ദുല്‍ ഫത്താഹും കുടുംബവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സ്ഥാപക പ്രസിഡണ്ടുമായിരുന്ന അന്തരിച്ച മംഗലാപുരം കീഴൂര്‍ ഖാസി സിഎം അബ്ദുല്ല മൗലവിയുമായും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും എം ഐസി ജനറല്‍ സെക്രട്ടറിയുമായ യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവിയും നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. 1993 ല്‍ ചട്ടഞ്ചാല്‍ എം ഐസി ക്യാമ്പസിനകത്ത് പള്ളി പണിതതും അതിന്റെ നവീകരണം നടത്തിയതും അബ്ദുല്‍ ഫത്താഹ് തന്നെ. എം ഐസി ആസ്ഥാന പള്ളിയുടെ പേരു തന്നെ മസ്ജിദു അബ്ദില്‍ ഫത്താഹ് എന്നാണ്. എം ഐസി സമ്മേളന വേളകളില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. മലബാറുകാരുമായും വിശിഷ്യ കാസകോടുകാരുമായി നല്ല ബന്ധത്തിലായിരുന്ന ഇദ്ദേഹം തന്റെ നിര്‍മ്മാണ മേഖലയിലുള്ള നിരവധി കമ്പനികളില്‍ അനവധി കാസര്‍കോടുകാരെ നിയമിച്ചിരുന്നു. പരോപകാരിയും സല്‍ഗുണ സമ്പന്നനുമാമ ഒമാന്‍ പ്രമുഖന്റെ വിയോഗം കാസര്‍കോടിലെ പ്രവാസികളെയും സ്വദേശികളെയും സങ്കടത്തിലാഴ്ത്തി. അബ്ദുല്‍ ഫത്താഹിന് വേണ്ടി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ക്യാമ്പസുകളില്‍ അനുസ്മരണയോഗവും പ്രത്യേക പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും നടന്നു. 

അബ്ദുല്‍ ഫത്താഹിന്റെ വിയോഗം ജില്ലക്ക് കനത്ത നഷ്ടം: യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി 
ചട്ടഞ്ചാല്‍ : ഒമാന്‍ കസബിലെ പൗരപ്രമുഖന്‍ അബ്ദുല്‍ഫത്താഹ് മുഹമ്മദ് നൂറിന്റെ വിയോഗത്തോടെ കാസര്‍കോട് ജില്ലക്ക് കനത്ത നഷ്ടമാണ് വന്നിരിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറിയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയുമായ യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പറഞ്ഞു. കാസര്‍കോടുകാരുടെ ഉന്നമനത്തിന് പ്രവര്‍ത്തിച്ച അബ്ദുല്‍ ഫത്താഹ് ജില്ലയുടെ പുരോഗതിക്കും പരിശ്രമിച്ചിരുന്നു. എം ഐസി ക്യാമ്പസിനകത്തെ പള്ളി പൂര്‍ണമായും പണിതത് അദ്ദേഹമാണ്. എല്ലാ ഒത്താശ ചെയ്ത് സഹായിക്കുകയും അവ നേരില്‍ കാണാന്‍ നിരവധി തവണ ജില്ലയില്‍ വരികയും ചെയ്തിട്ടുണ്ട് ആ മഹാന്‍. നിഷ്‌കാമ കര്‍മ്മിയായിരുന്ന അബ്ദുല്‍ ഫത്താഹിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നിരവധി കാസര്‍കോടുകാര്‍ക്ക് അനുഗ്രഹമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലെ മസ്ജിദു അബ്ദില്‍ ഫത്താഹില്‍ നടന്ന അബ്ദുല്‍ ഫത്താഹ് അനുസ്മരണം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും നടന്നു. പ്രാര്‍ത്ഥനക്ക് യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി നേതൃത്വം നല്‍കി. അബ്ദുല്ലാഹില്‍ അര്‍ശദി, നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി തങ്ങള്‍ മാസ്തിക്കുണ്ട്, നൗഫല്‍ ഹുദവി ചോക്കാട്, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, സിറാജ് ഹുദവി പല്ലാര്‍, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി സല്‍മാറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, അബ്ദുല്‍ റഊഫ് ഹുദവി, ജസീല്‍ ഹുദവി മുക്കം, അലി അക്ബര്‍ ഹുദവി, റാഫി ഹുദവി എന്നിവര്‍ സംബന്ധിച്ചു.
- mansoor d m