കാലയവനികയില്‍ മറഞ്ഞ ഉത്തരകേരളത്തിന്റെ അദ്ദഅ്‌വാ മാഗസിനിന് എം.ഐ.സി ദഅ്‌വാ വിദ്യാര്‍ത്ഥികളിലൂടെ പുനര്‍ജനി

മാഗസിനിന്റെ പത്രിക പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് നല്‍കി പ്രകാശനം ചെയ്യുന്നു
ചട്ടഞ്ചാല്‍ : മലയാളത്തിന് സര്‍ഗാത്മകതയുടെ കടലാസ് അച്ചടി അന്യമായിരുന്ന കാലത്ത് സുകൃതാക്ഷരങ്ങളുമായി ധാര്‍മിക പാഠങ്ങള്‍ നുകര്‍ന്ന് കാലയവനികയില്‍ മറഞ്ഞ അദ്ദഅ്‌വാ മാഗസിന്‍ പുനര്‍ജനിക്കുന്നു. 1970 കളില്‍ കേരളക്കരയിലെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ മുഖ്യധാരയിലെത്തുന്നതിന്  മുമ്പ് ഉത്തരകേരളത്തിന് അഭിമാനമായി കാസര്‍ഗോഡ് ദേളിയില്‍ വെച്ച് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ പ്രസാധനമാരംഭിച്ച ഇസ്ലാമിക സാമൂഹിക സാംസ്‌കാരിക പ്രസിദ്ധീകരണമാണ് അദ്ദഅ്‌വ മാഗസിന്‍. തൂലികയിലൂടെയുള്ള ചരിത്രദൗത്യത്തിന്റെ തുടര്‍ച്ചക്ക് പുനരാവിഷ്‌ക്കാരവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥികളാണ്. അര്‍ശദുല്‍ ഉലൂം സ്റ്റുഡന്‍സ് യൂണിയനിന് (എ.എസ്.യു) കീഴിലെ പ്രസിദ്ധീകരണ വിഭാഗമാണ് അദ്ദഅ്‌വാ തുടര്‍പ്രസാധനം നിര്‍വ്വഹിക്കുന്നത്.


അദ്ദഅ്‌വാ മാഗസിന്‍ പഴയ പതിപ്പിന്റെ കവര്‍ (ഫയല്‍ ഫോട്ടോ)

1970 കളില്‍ സി.എം അബ്ദുല്ല മൗലവി ഉടമസ്ഥനും പബ്ലിഷറും ചീഫ് എഡിറ്ററും പ്രധാന ലേഖനുമായിക്കൊണ്ട് ധാര്‍മിക പ്രബോധനവീഥിയിലെ പടവാളായി പുറത്തിറങ്ങിയിരുന്ന അദ്ദഅ്‌വ ഇടക്കാലത്ത് നിര്‍ത്തിവെക്കുകയായിരുന്നു. പഠനങ്ങളും ചിന്തകളും ചരിത്രമഹിമകളും വിശകലനങ്ങളും പ്രൗഢമാക്കിയിരുന്ന മാഗസിനിന്റെ തിരിച്ചുവരവ് അക്ഷരങ്ങളുടെ അക്ഷയഖനിയും ദക്ഷിണേന്ത്യയിലെ അത്യുന്നത മത ഭൗതിക സമന്വയ കലാലയവുമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നിന്നാവുന്നത് ചരിത്രനിയോഗം. എഴുപതുകളില്‍ ദേളി സഅദിയ അറബി കോളേജ് ആസ്ഥാനമാക്കിയായിരുന്നു അദ്ദഅ്‌വ പ്രസിദ്ധീകരിച്ചിരുന്നത്. അദ്ദഅ്‌വ മാഗസിനിന്റെ പുനര്‍ രംഗപ്രവേശത്തിന്റെ ഭാഗമായി അദ്ദഅ്‌വാ പത്രിക പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എം.ഐ.സി ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് നല്‍കി പ്രകാശനം ചെയ്തു. അദ്ദഅ്‌വ ബലിപെരുന്നാള്‍ സ്‌പെഷ്യല്‍ പതിപ്പ് നാളെ (2.10.2014 വ്യാഴാഴ്ച) ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐസി ക്യാമ്പസിലെ ദഅ്‌വാ കോമ്പൗണ്ടില്‍ വെച്ച് പ്രകാശിതമാവും. 

പ്രകാശനച്ചടങ്ങ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു.  എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി അഹ്മദ്  ഹാജി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, സി.എച്ച് അബ്ദുല്ല ഹാജി ചെറുകോട്, ജലീല്‍ കടവത്ത്, സുലൈമാന്‍ ഹാജി മല്ലം, അബ്ബാസ് കുന്നില്‍, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, അഹ്മദ് ശാഫി ദേളി, നൗഫല്‍ ഹുദവി ചോക്കാട്,  ഡോ. സലീം നദ്‌വി, നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശദി കെ.സി റോഡ്, സിറാജ് ഹുദവി പല്ലാര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുള്ളാഹ് ഇര്‍ശാദി ഹുദവി കടബ, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി സാല്‍മറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, അബ്ദുല്‍ റാസിഖ് നാരമ്പാടി, സലീം അഹ്മദ് ശാഫി ദേളി, ജാബിര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod