ഹജ്ജ് തീര്‍ഥാടകര്‍ മിനായിലെത്തിത്തുടങ്ങി; അറഫ സംഗമം നാളെ

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ഹജ്ജ് കര്‍മത്തിനൊരുങ്ങുന്നു. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങള്‍ ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങിയതായി സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മക്ക സോണല്‍ അമീറുമായ മിശ്അല്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.
ഹജ്ജ് കര്‍മത്തിനു മക്കയിലെത്തിയ തീര്‍ഥാടകരുടെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകുന്നതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ 13,88,404 പേരുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചു. 13,15,276 പേര്‍ വിമാന മാര്‍ഗവും 59,133 പേര്‍ കരമാര്‍ഗവും 13,995 പേര്‍ കടല്‍ മാര്‍ഗവുമാണ് ഹജ്ജിനെത്തിയത്. ഇത്തവണ 20 ലക്ഷം പേര്‍ ഈ വര്‍ഷം ഹജ്ജ് ചെയ്യാനെത്തിയിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു. ഇവരില്‍ 14 ലക്ഷവും വിദേശികളാണ്. 
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സഊദി ഭരണകൂടം 75,000 അംഗങ്ങളുള്ള പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. എബോള, കൊറോണ തുടങ്ങിയ മാരകരോഗങ്ങള്‍ ആഫ്രിക്ക അടക്കമുള്ള ഭൂഖണ്ഡങ്ങളില്‍ ഭീതി പരത്തിയതോടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനു കൂടുതല്‍ മുന്‍കരുതലോടെയാണു ഭരണകൂടം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഇന്നു രാവിലെ മിനായിലേക്കു പുറപ്പെടുന്ന തീര്‍ഥാടകര്‍ അവിടെ രാപാര്‍ക്കും. ഇന്ത്യന്‍ ഹാജിമാര്‍ ചൊവ്വാഴ്ച തന്നെ മിനായിലേക്കു പുറപ്പെടുമെന്നു സഊദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് നേരത്തേ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ഇന്നലെ രാത്രി ഇശാഅ് നമസ്‌കാരാനന്തരം മിനായിലേക്കു പുറപ്പെട്ടു. നാളെ രാവിലെ സുബ്ഹ് നമസ്‌കാരത്തിനു ശേഷം തീര്‍ഥാടകര്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്കുള്ള യാത്രക്കൊരുങ്ങും.
ളുഹ്‌റിനു മുമ്പായി അറഫയിലെത്തും. കാല്‍നടയായും വാഹനങ്ങളിലുമായാണു തീര്‍ഥാടകര്‍ അറഫയിലെത്തുക. ഇവിടെ നിന്നു മഗ്്‌രിബിനു ശേഷം മുസ്ദലിഫയില്‍ വന്നു രാപാര്‍ക്കും. ജംറകളെ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. ദുല്‍ഹിജ്ജ പത്ത് ശനിയാഴ്ച സുബ്ഹിനു ശേഷം മിനായിലേക്കു നീങ്ങും. കല്ലേറു കഴിഞ്ഞ് ഇഫാദത്തിന്റെ തവാഫും സഅ്‌യും പൂര്‍ത്തിയാക്കി മുടിനീക്കി തഹല്ലുലാകും. മൂന്നു നാള്‍ കൂടി മിനായില്‍ താമസിച്ചു കല്ലേറു പൂര്‍ത്തിയാക്കി വിടവാങ്ങല്‍ ത്വവാഫ് കൂടി പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മത്തിനു പരിസമാപ്തിയാകും.(സുപ്രഭാതം)