![]() |
മരണപ്പെട്ട റഈസ് |
തിരൂർ: ചെമ്പ്ര പുഴയോരത്തെ വെള്ളക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു കുട്ടികളും നാട്ടിലെ മത രാഷ്‌ട്രീയ രംഗങ്ങളിലെ നിറ സാന്നിധ്യവും നാട്ടുകാരുടെ കണ്ണിലുണ്ണികളുമായിരുന്നു. ചെറുപ്പത്തിലേ സ്‌കൂള്‍, മദ്‌റസ പഠനത്തോടൊപ്പം തന്നെ ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു മൂവരുമെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മത സംഘടനയായ സമസ്‌തയുടെയും രാഷ്‌ട്രീയത്തില്‍ മുസ്ലിംലീഗിന്റെയും വിദ്യാര്‍ത്ഥി സംഘടനകളിലും തിരഞ്ഞെടുപ്പുകളിലുമെല്ലാം മൂവരും സജീവ സാന്നിധ്യങ്ങളായിരുന്നു.
തിരൂര്‍ ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പ്പടി നടക്കാവില്‍ ഇസ്‌മാഈലിന്റെ മക്കളായ മുഹമ്മദ് റമീസ് (12), മുഹമ്മദ് റഈസുദ്ദീന്‍ (14), ഇസ്‌മാഈലിന്റെ സഹോദരന്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ അജ്‌മല്‍ (14) എന്നിവരാണ് കഴിഞ്ഞ ദിവസം തിരൂര്‍ ഈസ്റ്റ് ചെമ്പ്രയിലെ ഇപ്പൂട്ട്‌ങ്ങല്‍ പാലത്തിനു സമീപത്തിലെ വെള്ളകെട്ടില്‍ പെട്ട് കാണാതായത്. ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ റഈസിന്റെ മതൃദേഹം വൈകുന്നേരം ആറുമണിയോടെ തലക്കടത്തൂര്‍ ഭാഗത്തെ പുഴിയില്‍ നിന്നു കണെ്‌ടത്തിയിരുന്നു. മറ്റുള്ളവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും.
ഇസ്‌മാഈലിന്റെ അനിയന്‍ അബ്ദുറസാഖിനൊപ്പം കാര്‍ കഴുകാന്‍ പുഴയോരത്തെ വള്ളക്കെട്ടിനു സമീപത്തെത്തിയതായിരുന്നു മൂവരും. ശക്തമായ അടിയൊഴുക്ക് അനുഭവപ്പെടുന്ന ഭാഗത്താണ് കുട്ടികള്‍ കാര്‍ കഴുകാനിറങ്ങിയത്. സൈക്കിളിലെത്തിയ കുട്ടികളും സമീപത്തെ മറ്റു കുട്ടികളും ചേര്‍ന്ന് അധികം വെള്ളമില്ലാത്ത ഭാഗങ്ങളില്‍ കളിച്ചുകൊണ്‌ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൂന്ന് പേരെ കാണാതായത്.
![]() |
റഈസ് മൌസലിന്റെ കൂടെ കഴിഞ്ഞ ഇലക്ഷൻ പ്രചരണത്തിൽ |
“പഠന വിഷയങ്ങള്‍ക്കു പുറമെ, പാഠ്യേതര വിഷയങ്ങളിലും അവര്‍ മൂവരും ഇതര കുട്ടികള്‍ക്ക് മാതൃകയായിരുന്നുവെന്ന്” ഇപ്പോള്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ അയല്‍ വാസിയും മുന്‍ തിരൂര്‍ മുന്‍സിപ്പല്‍ എസ്.കെ.എസ്.എസ്‌എഫ് സെക്രട്ടറിയുമായ എം.മൌസല്‍ മൂപ്പന്‍ ചെമ്പ്ര www.skssfnews.com നോട് പറഞ്ഞു.
“ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ തന്നോടൊപ്പം വീട് വീടാന്തരം കയറിയിറങ്ങാനും വോട്ടഭ്യര്‍ത്ഥിക്കാനും ബൂത്തുകള്‍ക്കു സമീപം ഇരുന്ന് സ്ലിപ്പ് വിതരണം ചെയ്യാനുമെല്ലാം ഇവര്‍ മൂവരും ഉണ്ടായിരുന്നതായും ഇപ്പോള്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മൌസല്‍ ഓര്‍ക്കുന്നു.
നാട്ടില്‍ സമസ്‌തയുടെ കലാ സാഹിത്യ പരിപാടികളിലും സര്‍ഗലയമടക്കമുള്ള മത്സരങ്ങളിലും നിറഞ്ഞു നിന്ന ഇവര്‍ മദ്‌റസയില്‍ എസ്.കെ.എസ്.ബി.വിയുടെ പ്രവര്‍ത്തനങ്ങളിലും സജീവ സാനിധ്യമായിരുന്നു. മരണപ്പെട്ട റഈസ് മുന്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ജന.സെക്രട്ടറി റഫീഖ് അഹമ്മദിന്റെ ശിഷ്യന്‍ കൂടിയാണ്.

![]() |
റഈസ് |
മരംകൊണ്‌ട് നിര്‍മിച്ച ചങ്ങാടങ്ങളും ടയര്‍ ട്യൂബുകളും ഉപയോഗിച്ചാണ് നാട്ടുകാര്‍ തെരിച്ചില്‍ ആരംഭിച്ചത്. സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയ അബ്ദുറഹിമാന്‍ രണ്‌ടത്താണി എം.എല്‍.എ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തകരുമെത്തി. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് റഈസിനെ കണെ്‌ടത്തിയത്. ഉടന്‍ തിരൂര്‍ ജില്ലാ ആസ്‌പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റഹീനയാണ് മുഹമ്മദ് റഈസിന്റെ മാതാവ്. മറ്റു സഹോദരങ്ങള്‍: ഫാത്തിമ ഹിബ, സൈനുല്‍ ആബിദ്. മുഹമ്മദ് റഈസിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആസ്‌പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അബ്ദുറഹിമാന്‍ രണ്‌ടത്താണി എം.എല്‍.എ, സ്ഥലം മുദരിസ് സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സഫിയ ടീച്ചര്‍, ആര്‍.ഡി.ഒ കെ. ഗോപാലന്‍, ഡിവൈ.എസ്.പി അസൈനാര്‍, എസ്.ഐ സുനില്‍ പുളിക്കല്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്‌ട്. -സ്വ.ലേ.