വിശ്വാസി മനസ്സുകളില്‍ സന്തോഷത്തിന്റെ പൂമൊട്ടുകള്‍ വിടര്‍ത്തി മുസ്‌ലിംകളുടെ ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ വീണ്ടും സമാഗതമായി. ദുല്‍ഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങള്‍ക്ക് പ്രത്യേക ബഹുമതിയുള്ളതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.ഇബ്‌റാഹീം നബി(അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി(അ)ന്റെയും അവരുടെ മാതാവ് ഹാജറ ബീവി(റ)യുടെയും ത്യാഗസ്മരണകളാണ് ഹജ്ജും ബലിപെരുന്നാളാഘോഷവും. ആ മഹാരഥന്‍മാരുടെ ആത്മസമര്‍പ്പണത്തിന്റെ വിവിധമുഖങ്ങള്‍ തലമുറകള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ സുദിനം.
ഹസ്രത്ത് ഇബ്‌റാഹീം(അ) നാഥനില്‍ അര്‍പ്പിച്ച അനര്‍ഘമായ ത്യാഗത്തിന്റെയും ആ മഹാനുഭാവന്‍ അതിജീവിച്ച തീക്ഷ്ണമായ പരീക്ഷണത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തുന്നതാണ് ബലിപെരുന്നാള്‍. ഇസ്‌ലാമിലെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഹജ്ജ് കര്‍മ്മത്തിലെ ആരാധനകള്‍ ഇബ്‌റാഹീം നബി(അ)ന്റെ ജീവിതത്തിന്റെ പ്രതീകം കൂടിയാണ്. അത് കൊണ്ടുതന്നെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിച്ചേരുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ ബലിനടത്തിയും സഅ്‌യ് ചെയ്തും ആ മഹത്തുക്കളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുമ്പോള്‍ സ്വദേശത്തുള്ളവര്‍ മസ്ജിദുകളില്‍ സമ്മേളിച്ചു തക്ബീര്‍ മുഴക്കിയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചും ബലിനടത്തിയുമെല്ലാം ജീവിതസ്മരണകള്‍ അയവിറക്കുന്നു.
സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ പ്രതീകമായിരുന്ന ഇബ്‌റാഹീം നബി(അ) അല്ലാഹുവിന്റെ പ്രീതിക്കായി വിലപ്പെട്ടതെല്ലാം സമര്‍പ്പിക്കാന്‍ സന്നദ്ധത കാണിച്ചു. സഹധര്‍മ്മിണി ഹാജറ(റ)യെയും പിഞ്ചുപുത്രന്‍ ഇസ്മാഈലി(അ)നെയും മക്കയുടെ വരണ്ട മരുഭൂമിയില്‍ ഉപേക്ഷിച്ചു പോരാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ ജീവജലം പോലും യഥാവിധി ലഭ്യമല്ലാത്ത ആ മരുഭൂമിയില്‍ അവരെ തനിച്ചാക്കി നാഥന്റെ ആജ്ഞയനുസരിക്കാന്‍ അവിടുന്ന് തയാറായി.
വാര്‍ധക്യ കാലത്ത് ലഭിച്ച പ്രിയപുത്രനെ ഇലാഹീമാര്‍ഗത്തില്‍ ബലി നല്‍കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അതിനു സന്നദ്ധനായി. പക്ഷെ, പിതാവിന്റെയും പുത്രന്റെയും ത്യാഗസന്നദ്ധതയില്‍ സംതൃപ്തനായ അല്ലാഹു പുത്രന് പകരം ഒരാടിനെ ബലിയറുക്കാന്‍ വിധിച്ചുകൊണ്ട് അവര്‍ ഇരുവരെയും അനുഗ്രഹിച്ചു. ബലിപെരുന്നാള്‍ ദിവസത്തില്‍ ലോകമുസ്‌ലിംകള്‍ നിര്‍വഹിക്കുന്ന ബലി കര്‍മ്മത്തിന്റെ നിദാനം ഈ സംഭവമാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ:''അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എന്നെ നേര്‍മാര്‍ഗത്തിലാക്കും.' എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ പ്പെട്ട സന്താനങ്ങളെ എനിക്ക് നീ പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ആണ്‍കുട്ടിയെക്കുറിച്ച് അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. അങ്ങനെ ആ കുട്ടിക്ക് തന്നോടൊന്നിച്ച് പ്രവര്‍ത്തിക്കുവാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ പ്രിയമകനേ, നിന്നെ ഞാന്‍ അറുക്കുന്നതായി സ്വപ്നം കാണുന്നു. അതുകൊണ്ട് (ആ കാര്യത്തില്‍) നിന്റെ അഭിപ്രായമെന്താണെന്ന് ചിന്തിച്ചുനോക്കൂ.' കുട്ടി പറഞ്ഞു: എന്റെ പ്രിയപിതാവേ, അവിടത്തോട് കല്‍പിക്കപ്പെടുന്നത് ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ ക്ഷമ കാട്ടുന്നവരില്‍പ്പെട്ടവനായി അങ്ങ് എന്നെ കണ്ടെത്തിക്കുന്നതാണ് . അങ്ങനെ രണ്ടുപേരും (കല്‍പനക്ക്) കീഴടങ്ങുകയും അദ്ദേഹം കുട്ടിയെ ഒരു ചെന്നിപ്പുറത്തേക്ക് ചെരിച്ചുകിടത്തുകയും ചെയ്തപ്പോള്‍...! (ഹാ, ആ സന്ദര്‍ഭം വര്‍ണനാതീതമാണ്.) നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: 'ഹേ, ഇബ്രാഹീം, താങ്കള്‍ സ്വപ്നം സാക്ഷാല്‍ക്കരിക്കുക തന്നെ ചെയ്തിരിക്കുന്നു.' നിശ്ചയമായും ഇപ്രകാരം സുകൃതന്മാര്‍ക്ക് നാം പ്രതിഫലം കൊടുക്കും. തീര്‍ച്ചയായും ഇത് സ്പഷ്ടമായ ഒരു പരീക്ഷണം തന്നെയാണ്. മഹത്തായ ഒരു ബലിമൃഗത്തെക്കൊണ്ട് അവന് (പകരം) നാം പ്രായശ്ചിത്തം കൊടുക്കുകയും, പിന്‍തലമുറകളില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നിലനിറുത്തുകയും ചെയ്തു. ഇബ്രാഹീമിന്റെ മേല്‍ സലാം ഉണ്ടായിരിക്കും. നിശ്ചയമായും അപ്രകാരം സുകൃതന്മാര്‍ക്ക് നാം പ്രതിഫലം കൊടുക്കുന്നതാണ്. അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിമകളില്‍പ്പെട്ട ആള്‍ തന്നെയാകുന്നു. (അസ്സാഫാത്ത് 99-111)
തനിക്ക് വിലപ്പെട്ടതെന്തും ഉത്തമ ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിക്കാനുള്ള സന്നദ്ധതയുടെ പ്രതീകമാണത്. ജീവിത പരീക്ഷണത്തില്‍ ഉത്തമവിജയം കൈവരിക്കാന്‍ സാധിച്ച ഇബ്്‌റാഹീം(അ) ഉദാത്തമാതൃകയുടെ അടയാളമായി മാറി ചുരുക്കത്തില്‍ നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ച ആ പ്രവാചകനെ അല്ലാഹു ലോകജനതയുടെ നേതാവായി അവരോധിച്ചു. ഒരു വ്യക്തി എന്നതിലുപരി അദ്ദേഹം ഒരു പ്രസ്ഥാനം തന്നെയായിരുന്നു. ഇത് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്: നിശ്ചയമായും ഇബ്രാഹീം നബി (അ) ഒരു സമുദായമായിരുന്നു. അല്ലാഹുവിന്നു പരിപൂര്‍ണ്ണമായി കീഴ്‌പ്പെട്ട, നേര്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളുമായിരുന്നു.(സൂറത്തുന്നഹ്്ല്‍ 120)
ജീവിതം അല്ലാഹുവിന് സമര്‍പ്പിതമാക്കുകയാണ് ഇബ്‌റാഹീമിയ്യാ മില്ലത്തിന്റെ ആകെത്തുക. ജീവിതത്തിന്റെ നാനാതുറകളിലും മാതൃകായോഗ്യരായിട്ടാണ് ഇബ്‌റാഹീം നബി(അ)യെയും കുടുംബത്തെയും വിശുദ്ധ ഖുര്‍ആന്‍(സൂറത്തുല്‍ മുംതഹന 4) പരിചയപ്പെടുത്തുന്നത്. മുസ്്‌ലിംകള്‍ മാത്രമല്ല, യഹൂദ-ക്രൈസ്തവരും തങ്ങളുടെ ആദര്‍ശപിതാവായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഇബ്‌റാഹീം നബി(അ). പക്ഷെ ഇബ്്‌റാഹീം നബി(അ) പഠിപ്പിച്ച തൗഹീദ് അംഗീകരിക്കുന്നവര്‍ മുസ്്‌ലിംകള്‍ മാത്രമാണ്.
പ്രവാചകന്‍, ദൈവദൂതന്‍, സത്യസന്ധന്‍(19:41), ജനങ്ങള്‍ക്കുള്ള നേതാവ്(2:124) തുടങ്ങി ഇഹലോകത്തും പരലോകത്തും വിശിഷ്ടപദവികള്‍ അദ്ദേഹത്തിനുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു(4:125)വെന്നും, ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുത്ത(6:75)തായും വിശദീകരിക്കുന്നു. ഇത്രയധികം വിശേഷണങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുവാനുള്ള കാരണം ആദര്‍ശപ്രബോധന രംഗത്തും വ്യക്തിജീവിതത്തിലും അഭിമുഖീകരിക്കേണ്ടി വന്ന കഠിനമായ പരീക്ഷണങ്ങളെ ധീരമായി നേരിട്ടതിനാലാണ്.
ശരിയായ ഏകദൈവവിശ്വാസം ഒരാളെ എപ്രകാരം നിര്‍ഭയനും അല്ലാഹുവില്‍ പൂര്‍ണമായി ഭാരമേല്‍പ്പിക്കുന്നവനുമാക്കുന്നുവെന്നതുമാണ് ഇബ്‌റാഹീമി(അ)ന്റെ മാര്‍ഗം നമുക്ക് നല്‍കുന്ന പാഠം. ആ മാര്‍ഗം അനുധാവനം ചെയ്യണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്: 'സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക?'' (2:130)
'സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്നു കൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്?''(4:125)ജീവിതത്തിന്റെ നിഖില മേഖലകളിലും നമുക്ക് ഉത്തമമാതൃകയായി നേര്‍വഴി കാണിച്ച ഇബ്്‌റാഹീം (അ)ന്റെ പാതപിന്തുടര്‍ന്ന് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാന്‍ പരിശ്രമിക്കുക. വരുന്ന ബലി പെരുന്നാള്‍ സുദിനത്തിലും നമുക്ക് ഒത്തുചേരാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
-സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (സുപ്രഭാതം)