ദുല്‍ ഹിജ്ജ; വിശ്വാസി പരിഗണിക്കേണ്ട ദശദിനങ്ങള്‍

ല്ലാകാലവും ഒരുപോലെയല്ല. ചിലതിന് മറ്റുചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. വിശ്വാസികളുടെ ജീവിതത്തില്‍ അതിനനുസൃതമായ ആരാധനാക്രമങ്ങളും സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. അതില്‍പെട്ട മാസമാണ് ദുല്‍ ഹിജ്ജ. അതിലെ ആദ്യ പത്ത് ദിനങ്ങള്‍ അതി ശ്രേഷ്ഠമാണ്.അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം പിതാവായ ഇബ്രാഹിം നബി (അ) യുടെ വിളിക്കുത്തരം ചെയ്തു ലക്ഷോപലക്ഷം അടിമകള്‍ ഹജ്ജിനായി ഒരുമിച്ച് കൂടുന്ന അവസരം കൂടിയാണിത്.
ഈ ദിനരാത്രങ്ങള്‍ അതി മഹത്വമാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നിസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നതിനാലാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുല്‍ ബാരി).
അല്ലാഹു പറയുന്നു 'പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം.' (അല്‍ ഫജ്ര്‍ 1 ,2 ) ഇവിടെ ആയത്തില്‍ പറയുന്ന പത്ത് രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹിജ്ജ മാസത്തിലെ പത്ത് രാത്രികളാണെന്നാണ് മഹാനായ ഇബ്‌നു കസീര്‍ (റ)തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ഖുര്‍ആന്‍ വചനം കാണുക, അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, അവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ് 28 )
മേല്‍കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളാണെന്ന് ഇബ്‌നു അബ്ബാസ് (റ)വില്‍നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.

ഇബ്‌നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു 'ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സല്‍കര്‍മങ്ങളേക്കാള്‍ അല്ലാഹുവിന്ന് പ്രിയങ്കരമായ മറ്റു കര്‍മങ്ങളില്ല. അനുയായികള്‍ ചോദിച്ചു. തിരുദൂതരേ, ധര്‍മ സമരമാണെങ്കിലോ? (മറ്റു മാസങ്ങളില്‍ ധര്‍മ സമരം നടത്തിയാലും ദുല്‍ഹിജ്ജയിലെ സല്‍കര്‍മങ്ങളേക്കാള്‍ പ്രതിഫലം കുറവാണോ? ) പ്രവാചകന്‍ പ്രതിവചിച്ചു: അതെ, ധര്‍മസമരമാണെങ്കിലും ശരി. സ്വശരീരവും പണവുമായി രണാങ്കണത്തിലേക്ക് പുറപ്പെടുകയും അവയിലൊന്നുമായും തിരിച്ചു വരാതിരിക്കുകയും ചെയ്ത മനുഷ്യന്റെ ധര്‍മ സമരമൊഴികെ (ബുഖാരി:1460).

പ്രസ്തുത ദിവസങ്ങളിലെ നോമ്പ് അതി ശ്രേഷ്ഠമായ ആരാധനയാണ്. ദുല്‍ഹിജ്ജയിലെ ആദ്യ ഒമ്പത് ദിവസങ്ങളിലെ ഓരോ ദിവസത്തെ നോമ്പും ഓരോ വര്‍ഷത്തെ നോമ്പിന് സമാനമാണ്. അതിലെ ഓരോ രാവിലുള്ള നിസ്‌കാരവും ലൈലത്തുല്‍ ഖദ്‌റിലെ നിസ്‌കാരത്തിന് തുല്യമാണ്. (തിര്‍മുദി : 758)

ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ നബി (സ)നോമ്പനുഷ്ഠിച്ചിരുന്നു. മാത്രമല്ല പ്രസ്തുത നോമ്പുകള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ പ്രവാചകര്‍ (സ) വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഹഫ്‌സ്വ ബീവി (റ) പറയുന്നു : ഒരിക്കലും ഉപേക്ഷിക്കാതെ പ്രവാചകന്‍ (സ) കാത്തുസൂക്ഷിച്ചിരുന്ന നാല് കാര്യങ്ങളില്‍ ഒന്നാണ് ദുല്‍ഹിജ്ജ പത്ത് വരെയുള്ള നോമ്പ് (നസാഈ : 2724) ഈ ഒമ്പത് ദിവസത്തെ നോമ്പുകള്‍ ശക്തമായ സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ വിധിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹിജ്ജ ഒന്‍പതിന്റെ (അറഫ ദിനം) നോമ്പാണ്.

ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫ ദിവസത്തില്‍ നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. കഴിഞ്ഞ് പോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങളെ പൊറുപ്പിക്കാന്‍ അത് പര്യാപ്തമാണ് (മുസ്്‌ലിം) വിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് അറഫ മൈതാനിയിലെ സംഗമത്തോട് ഐക്യദാര്‍ഢ്യം കൂടിയാണ് അറഫ നോമ്പ്. പുണ്യ പൂരിതമാണത്. നോമ്പനുഷ്ഠിക്കുന്നവന്റെ പൂമുഖം നരകത്തെ തൊട്ട് എഴുപത് വര്‍ഷത്തെ വഴിദൂരം വിദൂരത്താക്കുമെന്നാണ് ഹദീസില്‍ വന്നിരിക്കുന്നത്.
കാലങ്ങളെ അതിന്റെ പ്രത്യേകതയും പവിത്രതയും അനുസരിച്ച് പരിഗണിക്കേണ്ടതുണ്ട്. മനുഷ്യ ജീവിതത്തിന്റെ വിജയത്തിന് അത് അത്യാവശ്യമാണ്. അല്ലാഹു ആദരിച്ചതിനെ ആദരിക്കലും നിരോധിച്ചതിനെ വെറുക്കലും വിശ്വാസിയുടെ അടയാളത്തില്‍ പെട്ടതാണ്. ഈ ദിവസങ്ങളില്‍ പരമാവധി ആരാധനകള്‍ വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കണം. സത്യവിശ്വാസിക്ക് ജീവിതത്തില്‍ വന്നു ചേരുന്ന എല്ലാ തെറ്റുകളും അവന്റെ ആത്മാവിനെ മലിനമാക്കും. അതില്‍ നിന്നുള്ള വിമോചനമാണ് സല്‍ക്കര്‍മങ്ങളിലൂടെ നേടുന്നത്. ദുല്‍ ഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങള്‍ അതിനു വേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ടതാണ്. ആരാധനകളിലൂടെയും പ്രാര്‍ഥനകളിലൂടെയും സല്‍ക്കര്‍മങ്ങളിലൂടെയും വിശ്വാസിയുടെ ഹൃദയം സംസ്‌കരിച്ചെടുക്കേണ്ട ദിവസങ്ങളാണിത്.

ഇമാം ഖാസിന്‍ രേഖപ്പെടുത്തുന്നു. 'വിശുദ്ധ മാസങ്ങളില്‍ നന്മകളുടെ പ്രതിഫലം ഗുണീഭവിക്കും. തിന്മകള്‍ക്ക് ഇതര മാസങ്ങളിലുള്ളതിനേക്കാള്‍ ഗൗരവം വര്‍ധിക്കുകയും ചെയ്യും. (തഫ്‌സീറുല്‍ ഖാസിന്‍: 3 512) ഒരു സമയം കൂടുതല്‍ ശ്രേഷ്ഠതയുള്ളതായാല്‍ ആ സമയത്തുള്ള കര്‍മങ്ങള്‍ക്കും കൂടുതല്‍ ശ്രേഷ്ഠതയുണ്ട് (മിര്‍ഖാതുല്‍ മഫാതീഹ് : 3512). ഉളുഹിയത്ത് ഉദ്ദേശിച്ച വ്യക്തി ദുല്‍ ഹിജ്ജ് ആരംഭം മുതല്‍ അറവ് നടക്കുന്നതു വരെ ശരീരത്തില്‍ നിന്ന് മുടി, നഖം പോലെയുള്ള വസ്തുക്കള്‍ നീക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. ഇതു സംബന്ധമായ ഹദീസ് മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്. അതിനാല്‍ നീക്കംചെയ്യല്‍ കറാഹത്താണ്. ഹമ്പലീ മദ്ഹബില്‍ ഹറാമാണ്. ഉളുഹിയ്യത്തറുക്കാവുന്ന അവസാന ദിവസമായ 13ന് അറുക്കുകയാണെങ്കിലും നഖവും മറ്റും നീക്കുന്നത് അതുവരെ പിന്തിക്കുകയാണ് വേണ്ടത്. ഇടയില്‍ വെള്ളിയാഴ്ച വന്നാലും രോമവും മറ്റും നീക്കംചെയ്യരുത്. നീക്കം ചെയ്യാതിരിക്കല്‍ എന്ന സുന്നത്തിനാണ് ഇവിടെ പ്രാമുഖ്യം നല്‍കേണ്ടത് (തുഹ്ഫ 9347).