ത്യാഗസ്മരണകളുണര്‍ത്തി ഇന്നു ബലി പെരുന്നാള്‍

കഷ്ടതയനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് നേതാക്കള്‍
കോഴിക്കോട്: ത്യാഗസ്മരണകളുടെയും മാനവകുലത്തിനു തിരിച്ചറിവിന്റെ പ്രതിജ്ഞ പുതുക്കിയും മുസ്്‌ലിംകള്‍ ഇന്നു ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഇന്നലെ അറഫാ സംഗമത്തിനു ശേഷം ഗള്‍ഫിലും കേരളത്തിലും ഇന്നാണ് പെരുന്നാള്‍.
നന്മയുടെ മാര്‍ഗത്തില്‍ വിഭാഗീയതകള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാനും ആദര്‍ശത്തിനായി ത്യാഗം ചെയ്യാനുമുള്ള സന്നദ്ധതയാണ് ഈദുല്‍ അദ്ഹ ഓര്‍മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം വ്യക്തിയെ സ്രഷ്ടാവുമായി അടുപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു വിശ്വാസവും ആചാരവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നിരര്‍ഥകമാണ്.
വിശ്വസാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം മുഴക്കുന്ന ബലി പെരുന്നാള്‍ ആത്മീയ നവോല്‍ക്കര്‍ഷത്തിന്റെ ജീവിത പാഠങ്ങളാണ് വിശ്വാസികള്‍ക്ക് നല്‍കുന്നതെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിനോടുള്ള ഐക്യദാര്‍ഢ്യംകൂടിയാവണം നമ്മുടെ പെരുന്നാള്‍. പീഡിതര്‍ക്കായി പ്രാര്‍ഥിക്കാന്‍ ഈ വേള ഉപയോഗപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.സുപ്രഭാതം