സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഇരട്ടത്താപ്പുവേണ്ടെന്നു മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിലെ ഇരട്ടനീതി ചോദ്യംചെയ്തു മുസ്‌ലിം സംഘടനകള്‍ രംഗത്ത്. ഒരു പന്തിയില്‍ രണ്ടുതരം സദ്യ വിളമ്പുന്നതു കടുത്ത വിവേചനമാണെന്നും ഇന്നലെ കോഴിക്കോട്ടു ചേര്‍ന്ന മുസ്‌ലിം സമുദായ സംഘടനകകളുടെയും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപന മാനേജ്‌മെന്റുകളുടെയും സംയുക്തയോഗം ഓര്‍മിപ്പിച്ചു. ഈ യോഗതീരുമാനത്തിനു പരസ്യമായ പിന്തുണ നല്‍കി മുസ്‌ലിം ലീഗും രംഗത്തെത്തി.
മെഡിക്കല്‍ സീറ്റിന്റെ കാര്യത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുസ്‌ലിം മാനേജ്‌മെന്റിനും ലഭ്യമാക്കണമെന്നാണ് ആവശ്യം. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മുസ്‌ലിം മാനേജ്‌മെന്റിനു കീഴില്‍ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനു കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകള്‍ക്ക് ഒരു മറയുമില്ലാതെ സൗജന്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നല്‍കുകയാണ്.

പ്രവേശനത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കും നല്‍കണമെന്നു യോഗത്തില്‍ പങ്കെടുത്ത മതസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. എല്ലാ സീറ്റിലും 4.8 ലക്ഷം രൂപ വാങ്ങാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന് എം.ഇ.എസ് പ്രതിനിധികള്‍ ആരോപിച്ചു. ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ 2006 ല്‍ ആന്റണി സര്‍ക്കാര്‍ നിര്‍ദേശിച്ച 50 ശതമാനം സീറ്റ് സര്‍ക്കാറിനു നല്‍കിക്കൊണ്ടുള്ള ധാരണയില്‍ ഒപ്പുവയ്ക്കാന്‍ ഒരുക്കമണെന്നു കോളജ് ഭാരവാഹികള്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, വഖഫ് ബോര്‍ഡ് അംഗം, എം.സി.മായിന്‍ ഹാജി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, പി.ഒ.ജെ.ലബ്ബ, സി.ടി.സക്കീര്‍ ഹുസൈന്‍, എന്‍ജിനീയര്‍ പി.മമ്മദ്‌കോയ, ടി.പി.അബ്ദുല്ലക്കോയ മദനി, കുഞ്ഞമ്മദ് മദനി പറപ്പൂര്‍, ഒ.അബ്ദുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ.അബ്ദുല്ല, പി.കെ.അഹമ്മദ്, സയ്യിദ് മുഹമ്മദ് ശാക്കിര്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, സി.മുഹമ്മദ് ഫൈസി, പ്രൊഫ. യഹ്‌യാഖാന്‍, നിസാര്‍ ഒളവണ്ണ, ഡോ. കെ.മൊയ്തു സംബന്ധിച്ചു.

സര്‍ക്കാരിനെ തിരുത്തിക്കും: ന്യൂനപക്ഷ കമ്മിഷന്‍

ന്യൂനപക്ഷ പദവിയുള്ള മുസ്‌ലിം, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളോടുള്ള സമീപനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതിത്വമോ അപാകതയോ ഉണ്ടെണ്ടങ്കില്‍ അത്തരം നിലപാടു തിരുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം.വീരാന്‍കുട്ടി. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താത്ത ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്ന എല്ലാ ആനുകൂല്യങ്ങളും മരവിപ്പിക്കാന്‍ ആവശ്യപ്പെടും.

ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളുടെ എസന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും സൗജന്യങ്ങളുമെല്ലാം നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്യും. മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശന തിയതി നീട്ടാന്‍ നടപടിയെടുക്കും. മെറിറ്റ് സീറ്റില്‍ പഠിക്കാന്‍ അര്‍ഹതയുള്ള കുട്ടികള്‍ക്കു സീറ്റ് ഉറപ്പുവരുത്താന്‍ കമ്മിഷന്‍ മുന്‍കൈയെടുക്കും. ന്യൂനപക്ഷ പദവി നേടിയ മലബാറിലെ ആറു മുസ്‌ലിം സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ 120ല്‍പരം പരാതികളാണു കമ്മിഷനു ലഭിച്ചത്.

സിവില്‍ കോടതിയുടെ സമാന അധികാരമുള്ള കമ്മിഷന്‍, രജിസ്റ്റര്‍ ചെയ്ത പരാതികള്‍ കേസാക്കി തെളിവെടുപ്പു നടത്തിയശേഷം തീരുമാനമെടുക്കും. മെഡിക്കല്‍ കോളജുകള്‍ക്കു സ്വാശ്രയ പദവിയുമായി ബന്ധപ്പെട്ട കാര്യം കേന്ദ്രതലത്തിലുള്ള വിഷയമായതിനാല്‍ പ്രസ്തുത അംഗീകാരം റദ്ദു ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

മുസ്‌ലിം മാനേജ്‌മെന്റിനു കീഴില്‍ ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും വീരാന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെയും കോളജ് അധികൃതരുടെയും വാദങ്ങള്‍ പരിശോധിച്ചു പരിഹാര നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.(suprabhaatham)