ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി; ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു

മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി. ഇന്നലെ ഉച്ചതിരിഞ്ഞ് കല്ലെറിയല്‍ കര്‍മ്മത്തിനായി വീണ്ടും ജംറകളിലെത്തിയ ഹാജിമാര്‍ മൂന്നു ജംറകളിലും ഏഴു വീതം ഏറുകള്‍ പൂര്‍ത്തിയാക്കി.
ഇന്നലെയും ഇന്നുമായി ജംറകളിലെ കല്ലേറു പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകും. ഇന്നലെ കല്ലെറിയല്‍ കര്‍മ്മം പൂര്‍ത്തിയാക്കി സന്ധ്യക്കു മുമ്പായി പകുതിയോളം പേര്‍ മിനാ വിട്ടു. അവശേഷിക്കുന്നവര്‍ ഇന്നത്തെ ഏറു പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോടു വിട ചൊല്ലും.
മിനായിലെ തമ്പുകളില്‍ നിന്ന് മക്കയിലെ താമസ സ്ഥലത്തേക്ക് പോകുന്ന ഹാജിമാര്‍ 'വിടവാങ്ങല്‍ ത്വവാഫി'നു ശേഷം ഇന്നു രാത്രി മുതല്‍ തന്നെ സ്വന്തംദേശങ്ങളിലേക്ക് മടക്കയാത്ര തുടങ്ങും. പാപമുക്തി നേടി സ്ഫുടം ചെയ്ത മനസ്സും ശരീരവുമായി ജന്മം സഫലമായ നിര്‍വൃതിയിലായിരിക്കും ഹാജിമാര്‍ യാത്രയാകുന്നത്. ഹജ്ജിനു മുമ്പ് പ്രവാചക നഗരി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ മദീനയിലേക്കു യാത്ര തിരിക്കും.
കേരള ഹജ്ജ് കമ്മിറ്റി മുഖേന പോയ ഹാജിമാര്‍ മക്കയില്‍ നിന്ന് അടുത്തമാസം അഞ്ചുമുതലാണ് മദീനയിലേക്കു പോകുക. എട്ടു ദിവസം മദീനയില്‍ തങ്ങുന്ന ഹാജിമാര്‍ പിന്നീട് മദീനയില്‍ നിന്നു നേരിട്ട് നെടുമ്പാശ്ശേരിയിലേക്കു മടങ്ങും. അടുത്ത മാസം 15 മുതലാണ് ഹാജിമാരുമായി നെടുമ്പാശ്ശേരിയില്‍ വിമാനമെത്തുക. 15ന് രാവിലെ ഒന്‍പതിന് ആദ്യസംഘം കരിപ്പൂരിലെത്തും.(സുപ്രഭാതം)